Wednesday
20 Feb 2019

സാമ്പത്തിക ശാസ്ത്രം പുതിയ അര്‍ത്ഥതലങ്ങളിലേക്ക്

By: Web Desk | Wednesday 10 October 2018 10:19 PM IST

 ഡോ. കെ പി വിപിന്‍ ചന്ദ്രന്‍

സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ധൗസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്കാണ്. കാലാവസ്ഥ വ്യതിയാനവും സാങ്കേതിക മേഖലയിലെ ആശയപരമായ മാറ്റങ്ങളും സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാന്‍ സാധിക്കുമെന്ന ചിന്താഗതിക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ നോര്‍ധൗസാണ് വിവിധ രാജ്യങ്ങളുടെ കാലാവസ്ഥ നയങ്ങള്‍ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്ന് ഗവേഷണം നടത്തിയത്. ഹരിത ഗൃഹപ്രഭാവം വഴി വാതകങ്ങള്‍ പുറന്തള്ളുന്നതുമൂലം അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതടക്കമുള്ള ആഗോള താപന പ്രശ്‌നങ്ങള്‍ക്ക് അന്താരാഷ്ട്രതല പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് നോര്‍ധൗസിന്റെ പഠനം.
ആഗോള താപനം അതിന്റെ പരമാവധിയായ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയെന്ന കാലാവസ്ഥ ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ഐക്യരാഷ്ട്ര സംഘടനയുടെ ഐപിപിസി റിപ്പോര്‍ട്ടിലൂടെ വന്ന ദിനത്തിലാണ് ഇതേ ആശയഗതിക്ക് അംഗീകാരമായി നോര്‍ധൗസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും, സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന പോള്‍ എം റോമര്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറാണ്. സാമ്പത്തികശാസ്ത്ര വിശകലനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പെടുത്തി വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നതിനായാണ് എന്‍ഡോജീനിയസ് ഗ്രോത്ത് തിയറി വിഭാവനം ചെയ്തത്. മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകള്‍, അറിവ് എന്നിവയിലേക്കുള്ള വര്‍ധിച്ച നിക്ഷേപം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് എന്‍ഡോജീനിയസ് തിയറിയുടെ ഉള്ളടക്കം. ഇദ്ദേഹം കടുത്ത മുതലാളിത്തവാദിയാണെങ്കിലും പരിസ്ഥിതിക്ക് അനുയോജ്യമായ തത്വങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. വില്യം നോര്‍ധൗസിന്റെയും പോള്‍ റോമറിന്റെയും സംഭാവനകള്‍ കാലാവസ്ഥ വ്യതിയാനത്തെയും സാങ്കേതിക വിദ്യയുടെ അറിവിനെ സംബന്ധിച്ചും അടിസ്ഥാനപരമായ ഉള്‍ക്കാഴ്ച്ച ഉണ്ടാക്കിയെടുക്കാന്‍ ലോകജനതയെ സഹായിക്കുന്നു. ഇവരുടെ കണ്ടെത്തലുകള്‍ ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യനേട്ടത്തിലേക്ക് ഒരു കുതിപ്പ് സൃഷ്ടിക്കാനും സാധിക്കും.

പരിമിതമായ വിഭവങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന ചോദ്യമാണ് എല്ലാകാലത്തും സാമ്പത്തികശാസ്ത്രം ഉന്നയിക്കുന്നത്. വിഭവങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ ഉപയോഗിക്കുന്നതിന് പരിമിതിയായി വിലയിരുത്തുന്നത് പ്രകൃതിയും അറിവും തമ്മിലുള്ള പൊരുത്തക്കേടില്‍ നിന്നാണ്. ഒരു നൂറ്റാണ്ടിലേറെയായി ആഗോള സമ്പദ്‌വ്യവസ്ഥ തികച്ചും അതിവേഗത്തില്‍ വളരുകയും സാമ്പത്തിക വളര്‍ച്ചയിലൂടെ മനുഷ്യരുടെ ജീവിത രീതിയില്‍ മാറ്റം സംഭവിക്കുകയും ചെയ്തു. എങ്കിലും മനുഷ്യചരിത്രത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. ഓരോ രാജ്യങ്ങളും വ്യത്യസ്തമായിട്ടാണ് സാമ്പത്തിക വളര്‍ച്ച നേടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ കാരണമായി സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത് സാങ്കേതിക വിദ്യയുടെ മാറ്റമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് 1980 കളില്‍ റോമര്‍ എന്‍ഡോജീനിയസ് വളര്‍ച്ചാ സിദ്ധാന്ത പഠനം ആരംഭിക്കുന്നത്. ലാഭകരമായ സാങ്കേതികവിദ്യകള്‍ക്കുവേണ്ടി പുതിയ ആശയങ്ങള്‍ രൂപീകരിക്കുകയും അത് കമ്പോള വ്യവസ്ഥയുടെ രൂപീകരണത്തിന് കാരണമാകുന്നുവെന്ന് റോമര്‍ തിരിച്ചറിഞ്ഞു. അത്തരത്തിലുള്ള പുതിയ അറിവുകള്‍, കഴിവുകള്‍ എന്നിവ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടി സ്ഥാപനങ്ങളും നയങ്ങളും രൂപീകരിക്കുന്നതിലൂടെ മനുഷ്യപുരോഗതി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് റോമര്‍ അഭിപ്രായപ്പെടുന്നു.

1987 ല്‍ സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ റോബര്‍ട്ട് എം സോളോയുടെ വളര്‍ച്ചാ മാതൃകയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ പല സവിശേഷതകളും വിശദീകരിക്കാന്‍ ഉപയോഗിച്ചത്. സോളോയുടെ വളര്‍ച്ചാ മാതൃക പ്രകാരം സമ്പന്നരാഷ്ട്രങ്ങളേക്കാള്‍ വേഗത്തില്‍ പാവപ്പെട്ട രാഷ്ട്രങ്ങള്‍ വളരുകയും, ഭൗതിക മൂലധനം ആര്‍ജിക്കുന്നതിലൂടെയാണ് ഒരു സമ്പദ്‌വ്യവസ്ഥ വളരുന്നതെന്നും സമര്‍ഥിക്കുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയ്ക്ക് സാങ്കേതിക മുന്നേറ്റം ഫലപ്രദമാണെന്ന് സോളോയുടെ മാതൃക വിശദീകരിക്കുന്നില്ല. റോമറിന്റെ വലിയ നേട്ടമായി വിലയിരുത്തുന്നത് പുതിയ സാങ്കേതിക വിദ്യയിലൂടെ കമ്പോളാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്ന് വിശദീകരിക്കുന്നു. എന്‍ഡോജീനിയസ് ഗ്രോത്ത് മാതൃകയിലൂടെ അദ്ദേഹം ഒരു സൈദ്ധാന്തികമായ വിശദീകരണം നല്‍കുകയും അതിലൂടെ എന്‍ഡോജീനിയസ് വളര്‍ച്ചയെ സംബന്ധിച്ചുള്ള ഗവേഷണത്തിന് അടിത്തറ പാകുകയും, അതിലൂടെ രാജ്യങ്ങള്‍ക്കിടയിലെ വളര്‍ച്ച താരതമ്യം ചെയ്യാനും റോമറിന് സാധിച്ചു. ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളര്‍ച്ച (ഐഡ്യാസ് ഡ്രിവന്‍ ഗ്രോത്ത്) യാണ് ഇതിന് ആധാരം. ഈ ചിന്താഗതി വിശദീകരിക്കുന്നത് ഭൗതിക മൂലധന (ഫിസിക്കല്‍ ക്യാപിറ്റല്‍) ത്തെയും മാനവിക മൂലധന (ഹ്യൂമണ്‍ ക്യാപിറ്റല്‍) ത്തെയും താരതമ്യം ചെയ്താണ്. ഒന്നാമതായി ഭൗതിക മൂലധനവും മാനവിക മൂലധനവും വിരുദ്ധ കോണുകളിലുള്ളവയാണ്. റോമര്‍ ഇത് വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ഒരു യന്ത്രം അല്ലെങ്കില്‍ പരിശീലനം ലഭിച്ച എന്‍ജിനീയര്‍ ഒരു ഫാക്ടറിയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതേ യന്ത്രമോ, എന്‍ജിനീയറോ മറ്റൊരിടത്ത് ഉപയോഗിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനം ഒരു ആശയം ഒരു സ്ഥലത്ത് ഉപയോഗിക്കുന്നതിന് യാതൊരു തടസവുമില്ല. രണ്ടാമതായി ഇത്തരത്തിലുള്ള ആശയങ്ങള്‍ പലപ്പോഴും വളരെ പ്രയാസകരവും സാധാരണ ജനതയ്ക്ക് മനസിലാക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുള്ളവയുമാണ്. ഇത്തരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ റോമര്‍ തന്റെ ലേഖനത്തിലൂടെ ആശയങ്ങളുടെ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും എങ്ങനെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് വിശദീകരിക്കുന്നു. സാങ്കേതിക നടപടികളിലൂടെയും പേറ്റന്റ് നിയമ ഭേദഗതികളിലൂടെയും സാമ്പത്തികവളര്‍ച്ച സാധ്യമാകുന്നുവെന്ന് റോമര്‍ സമര്‍ഥിക്കുന്നു. ഭൗതിക മൂലധനത്തിന്റെ അടിത്തറയില്‍ നിന്ന് ഉയര്‍ന്നു വരുന്ന സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായി ആശയാധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നതാണ് പോള്‍ റോമറിന്റെ വാദം.

റോമറിനെ പോലെ നോര്‍ധൗസും സോളോയുടെ വളര്‍ച്ചാമാതൃകയുടെ അടിസ്ഥാനത്തില്‍ ആഗോള താപനം സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠന വിധേയമാക്കി. അദ്ദേഹം കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു ആഗോള വിശകലനം നടത്തുന്നത് സമൂഹവും പ്രകൃതിയും തമ്മിലുള്ള ചലനാത്മകമായ സംവാദത്തിലൂടെയാണ്. ഈ സമീപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് നോര്‍ധൗസ് സമഗ്രമൂല്യനിര്‍ണയമാതൃക (ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് മോഡല്‍) വികസിപ്പിച്ചെടുത്തു. ഈ മാതൃകയില്‍ മൂന്ന് സംവേദനാത്മക ഘടകങ്ങളുണ്ട്: കാര്‍ബണ്‍ ചംക്രമണം, കാലാവസ്ഥ, സാമ്പത്തിക വളര്‍ച്ച എന്നിവയാണ്. ഈ മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ ചലനാത്മക സംവേദക മാതൃകയ്ക്ക് രണ്ട് വ്യത്യസ്ത പതിപ്പുകളുണ്ട്. ഒന്നാമതായി റീജിയണല്‍ ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ഇക്കോണമി മാതൃകയും രണ്ടാമതായി ഡൈനാമിക് ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ഇക്കോണമി മാതൃകയും. ഈ രീതിയിലുള്ള സമഗ്ര മൂല്യനിര്‍ണയ മാതൃകകളിലൂടെയും വിവിധ നയ ഇടപെടലുകളിലൂടെയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് നോര്‍ധൗസ് അവകാശപ്പെടുന്നു. ഹരിതഗൃഹവാതകം മൂലമുണ്ടായ ആഗോളതാപനത്തിന് ഏറ്റവും ഫലപ്രദമായ പ്രതിവിധി എല്ലാ രാജ്യങ്ങളും കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തുകയെന്നതാണ് നോര്‍ധൗസിന്റെ അഭിപ്രായം. കാലാവസ്ഥ മാറ്റം പൊതുജനാരോഗ്യവും അന്താരാഷ്ട്ര വ്യാപാരവും പോലെ ഒരു ആഗോള വിഷയമായി പരിഗണിക്കേണ്ടതാണെന്ന് നോര്‍ധൗസ് വാദിച്ചു. 1972ല്‍ അദ്ദേഹം ഗ്രീന്‍ അക്കൗണ്ടിങ്’ എന്ന ആശയത്തിലൂന്നിയാണ് ഗവേഷണം ആരംഭിച്ചത്. സാമ്പത്തിക വളര്‍ച്ചമൂലം പരിസ്ഥിതി നാശത്തെ എങ്ങനെ വിലയിരുത്തേണ്ടതെന്ന് ഗ്രീന്‍ അക്കൗണ്ടിങിലൂടെ നോര്‍ധൗസ് വിശദീകരിക്കുന്നു. എങ്കിലും പരിസ്ഥിതി നാശം അളക്കാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അദ്ദേഹത്തിന്റെ ‘ആഗോളതാപനത്തിലെ സാമ്പത്തിക മാതൃകകള്‍’ എന്ന പുസ്തകം ഈ സാഹചര്യത്തില്‍ വളരെ കാലിക പ്രസക്തിയുള്ളതാണ്.

റോമറും നോര്‍ധൗസും ആഗോളസമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വളര്‍ച്ചയും ലോകജനതയുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇതിലൂടെ നവീന സാങ്കേതിക വിദ്യയുടെ ഉപയോഗവും അറിവിനോടൊപ്പം കാലാവസ്ഥ സാക്ഷരതയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ സുസ്ഥിരവികസനം നേടിയെടുക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ നല്‍കുന്നതാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര വിഷയത്തിലെ നൊബേല്‍ പുരസ്‌കാരം.