Web Desk

കൊച്ചി

October 11, 2021, 8:10 pm

ഉപഭോക്തൃ കോടതി വിധി നടപ്പാക്കിയില്ല; പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ്

Janayugom Online

ഉപഭോക്തൃ കോടതി വിധി നടപ്പാക്കാൻ തയ്യാറാവാത്ത പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.2017 ൽ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരേയും നടപ്പാക്കിയില്ലെന്ന ഇന്ത്യൻ നേവിയിലെ ലെഫ്റ്റനന്റ് കമാൻഡർ എസ് സവിതയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. 

മുംബൈ കല്യാൺ സ്ട്രീറ്റിലെ സുനിൽ തിവാരിക്കെതിരെയാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ മുംബൈ സിറ്റി പൊലിസ് കമ്മിഷണർക്കാണ് കമ്മിഷൻ അധ്യക്ഷൻ ഡി ബി ബിനു നിർദ്ദേശം നൽകിയത്. 

മുംബൈയിൽനിന്നും 2016 ൽ സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ തന്റെ കാർ കൊച്ചിയിൽ എത്തിക്കാൻ സതേൺ റോഡ് ലൈൻസ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നതായി സവിത പരാതിയിൽ പറയുന്നു. റോഡുമാർഗമല്ലാതെ ട്രക്കിൽ തന്നെ കാർ കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. രണ്ടാഴ്ചക്കകം കൊച്ചിയിൽ കാർ എത്തിക്കാമെന്ന വ്യവസ്ഥ അവർ ലംഘിച്ചുവെന്നും സവിത പരാതിയിൽ വ്യക്തമാക്കുന്നു. 

കാർ ലഭിക്കാതിരുന്ന സാഹചര്യത്തിൽ അന്വേഷിച്ചപ്പോഴാണ് റോഡ് മാർഗ്ഗമല്ല കാർ കൊണ്ടുവന്നതെന്നും അപകടത്തിൽ പെട്ട് കർണ്ണാടകയിൽ വച്ച് കാർ പൂർണമായും തകർന്നതായി അറിയുന്നതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. 

കാർ യഥാസമയം എത്തിക്കുന്നതിൽ വീഴ്ചവരുത്തിയതിനും മറ്റ് നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് കമ്മിഷൻ മുമ്പാകെ സവിത പരാതി സമർപ്പിച്ചത്. രണ്ട് ലക്ഷം രൂപയും 2017 മുതൽ 12 ശതമാനം പലിശയും പതിനായിരം രൂപ കോടതി ചെലവും നൽകാനാണ് നാലുവർഷം മുമ്പ് കോടതി ഉത്തരവിട്ടത്. അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി കമ്മിഷനെ വീണ്ടും സമീപിച്ചത്. 

Eng­lish Sum­ma­ry : non bail­able war­rant issued against accused by con­sumer court

You may also like this video :