Web Desk

കൊച്ചി:

March 22, 2020, 10:43 pm

കോവിഡ്: അസംഘടിത തൊഴിലാളികൾ കടക്കെണിയിലേക്ക് വീഴുന്നു

Janayugom Online

നഗരങ്ങളിലെ അസംഘടിത മേഖലയിലെ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൊവിഡ് തള്ളിവിടുന്നത് വൻ കടക്കെണിയിലേക്ക്. അയൽ ജില്ലകളിൽ നിന്നുവരെ തീവണ്ടിയിൽ സീസൺ ടിക്കറ്റെടുത്ത് ദിവസേന കൊച്ചി നഗരത്തിൽ തൊഴിലിനായി എത്തുന്നവർ ആയിരക്കണക്കാണ്. സ്ത്രീയും പുരുഷൻമാരുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഓട്ടോ ഓടിക്കുന്നതും വീടുകൾ വൃത്തിയാക്കി പാചകം ചെയ്യുന്നതും ചെറുകിട സ്ഥാപനങ്ങളിലെ വൃത്തിയാക്കലുമൊക്കെ അവർ ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന ഈ ജോലിയിൽ ആദ്യമായി പ്രതിസന്ധി നേരിടുകയാണ് ഇവർ.

വരുമാനത്തിന് അപ്പുറം പലകാര്യങ്ങൾക്കുമായി വായ്പ എടുത്ത ഇവർ കടക്കെണിയിലേയ്ക്ക് നടന്നടക്കുന്നു. നാട്ടിൻപുറങ്ങളിൽ കുടുംബശ്രീ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് വായ്പ വാങ്ങിയവരുമുണ്ട്. സംഘടിതവും അസംഘടിതവുമായ പല മൈക്രോഫിനാൻസ് കമ്പനികളും ഗ്രാമീണ മേഖലയിൽ സജീവമാണ്. സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് അവരെ ശാക്തീകരിക്കുകയാണ് സംഘടിതമായ മൈക്രോഫിനാൻസ് കമ്പനികളുടെ ലക്ഷ്യമെങ്കിലും മറ്റ് ചില കമ്പനികൾ ബ്ലേഡ് പലിശയ്ക്ക് കടം കൊടുക്കുന്നവയാണ്. ഇവരിൽ നിന്ന് വീട് നിർമാണം, നവീകരണം, ആശുപത്രി ചെലവുകൾ, മറ്റു കടങ്ങൾ വീട്ടാൻ തുടങ്ങിയവയ്ക്കായാണ് ഭൂരിഭാഗം പേരും വായ്പ എടുത്തിരിക്കുന്നത്. സ്ത്രീകളാണ് ഭൂരിഭാഗം വായ്പകളെടുത്തിരിക്കുന്നതെങ്കിലും അത് വിനിയോഗിക്കുന്നതിൽ അവർക്ക് പങ്ക് വളരെ കുറവാണ്. ആഴ്ചകൾ കൊണ്ട് കൊറോണ ബാധ കൊണ്ടുള്ള സ്തംഭനം മാറിയില്ലെങ്കിൽ കേരളത്തിലെ ഗ്രാമീണ മേഖലയിലെ 90 ശതമാനം കുടുംബങ്ങളിലും സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാകും. വായ്പ തിരിച്ചടവിനായി പണം പലിശയ്ക്ക് നൽകിയവർ സ്വീകരിക്കാനിടയുള്ള മാർഗങ്ങളും സാധാരണ കുടുംബങ്ങളുടെ സമാധാനം നഷ്ടപ്പെടുത്താനാണിട. ”

വീട് പണിക്കായി 50, 000 രൂപ വായ്പ എടുത്തതാണ്. ആഴ്ചയിൽ 1500 രൂപ വെച്ചാണ് തിരിച്ചടവ്. ഇപ്പോൾ പുറത്തിറങ്ങാൻ പറ്റുന്നില്ല. ഓരോ അടവ് മുടങ്ങുമ്പോഴും പലിശ കൂടും. എന്തുചെയ്യണമെന്നറിയില്ല, ” കൊച്ചി നഗരത്തിലെ ഓഫീസുകളിലും വീടുകളിലും ക്ലീനിംഗ് ജോലികൾ ചെയ്ത് കുടുംബം പുലർത്തിയ ഒരു ഗൃഹനാഥ പറയുന്നു. ഇത് കൊറോണ മൂലം കഷ്ടത്തിലാകുന്ന ഗ്രാമീണ കുടുംബങ്ങളുടെ ചെറുചിത്രം മാത്രം. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന പലരും പ്രതിസന്ധിയിലാണ്. സിഎൻജി അടക്കമുള്ള ഇന്ധനമായി ഉപയോഗിക്കുന്ന വണ്ടികൾ വാങ്ങിയതിന്റെ കടത്തിലാണ് പലരും. കഴിഞ്ഞ ഏതാനും ദിവസമായി ഇന്ധനത്തിനായി മുടക്കുന്ന തുക തിരികെ ലഭിക്കാത്ത അവസ്ഥയിലായിരുന്നു. കേരളത്തിലെ ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയേൺമെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചെറുതും വലുതുമായ ഒട്ടനവധി വായ്പകളുടെ പിടിയിലാണ് ഗ്രാമീണ മേഖലയിലെ ഓരോകുടുംബവും. വായ്പകളുടെ തിരിച്ചടവിന് ശേഷം വീട്ടുചെലവിന് പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിലായിരുന്നു പലരും. അതിനിടെയാണ് ജോലിക്കു പോലും പോകാൻ പറ്റാത്ത വിധം പകർച്ചവ്യാധി പടരുന്നത്.

നഗരങ്ങളുടെ പ്രാന്തപ്രദേശത്ത് ജീവിക്കുന്ന സ്ത്രീകൾ പൊതുവേ നഗരത്തിലെത്തി ലോട്ടറി കച്ചവടം, ക്ലീനിംഗ് ജോലികൾ തുടങ്ങിയവയിലേർപ്പെട്ടാണ് കുടുംബം പുലർത്തുന്നത്. പുരുഷന്മാർ ഓട്ടോറിക്ഷ ഓടിച്ചും കയറ്റിറക്ക് ജോലികളിൽ ഏർപ്പെട്ടും വരുമാനം കണ്ടെത്തുന്നു. ഇതൊക്കെ ഇപ്പോൾ നിലച്ചു. ഗ്രാമീണ മേഖലയിലെ കെട്ടിടനിർമാണ പ്രവർത്തനങ്ങളും കൃഷി പണികളും നിർത്തിവെച്ചതോടെ കുടുംബങ്ങളുടെ വരുമാനമാർഗം അടഞ്ഞു. നാട്ടിൻ പുറത്തെ കടകളിൽ പോലും കച്ചവടമില്ല. നഗരത്തിലെ പഴവും പച്ചക്കറിയും വിൽക്കുന്ന മൊത്തസ്ഥാപനങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങി ചില്ലറ വിൽപ്പനയ്ക്കായി ഉന്തുവണ്ടികളിൽ വിൽപ്പന നടത്തുന്നവരും വഴിയരികിൽ കൂട്ടിയിട്ട് വിൽപ്പന നടത്തിയിരുന്നവരും കടക്കെണിയിലാണ്.

ENGLISH SUMMARY: Non orga­ni­za­tion labours into debt

YOU MAY ALSO LIKE THIS VIDEO