ഒരു വര്‍ഷംകൊണ്ട് നിഷ്‌ക്രിയ ആസ്തിയില്‍ ഇരട്ടി വര്‍ധന

Web Desk
Posted on June 23, 2019, 10:47 pm

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി മുദ്രായോജന പ്രകാരം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഒരു കൊല്ലം കൊണ്ട് ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ പൊതുമേഖല ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7,277.31 കോടി രൂപയാണെന്ന് ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ല രാജ്യസഭയില്‍ എഴുതി നല്‍കിയ ഉത്തരത്തില്‍ വ്യക്തമാക്കി. മുദ്രാ വായ്പകള്‍ 16,481.45 കോടി രൂപയാണെന്നും മറുപടിയില്‍ പറയുന്നു. അതായത് ഒരു കൊല്ലത്തിനിടെ മുദ്രാവായ്പകളില്‍ 9,204.4 കോടി രൂപയുടെ വര്‍ധനയുണ്ടായിരിക്കുന്നു.
മുദ്രാ പദ്ധതിയിലെ 30.57 ലക്ഷം അക്കൗണ്ടുകള്‍ നിഷ്‌ക്രിയമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 31ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണം 17.99 ലക്ഷമായിരുന്നു. ഒരു കൊല്ലം കൊണ്ട് ഇതില്‍ 12.58 ലക്ഷം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുദ്രാ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള മൊത്തം വായ്പകള്‍ പരിശോധിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തി വളരെ വലുതല്ല. മുദ്രാവായ്പകള്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് ധനകാര്യമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 3.11 ലക്ഷം കോടിയുടെ വായ്പയാണ് മുദ്രാ പദ്ധതിയില്‍പ്പെടുത്തി നല്‍കിയിട്ടുള്ളത്. അതായത് മൊത്തം വായ്പകളില്‍ 2.8 ശതമാനം വര്‍ധനയാണ് മുദ്രാ വായ്പകളില്‍ ഉണ്ടായിട്ടുള്ളത്.

തിരിച്ചടവ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിന് ശേഷവും തിരിച്ചടയ്ക്കാത്ത വായ്പകളെയാണ് ദേശീയ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികളുടെ പട്ടികയില്‍ പെടുത്തുന്നത്. എന്‍ബിഎഫ്‌സി, എംഎഫ്‌ഐ എന്നിവയ്ക്ക് ഈ കാലയളവ് 120 ദിവസമാണ്. ഈ നിയമം എല്ലാത്തരം വായ്പകള്‍ക്കും ബാധകവുമാണ്. 2015 ഏപ്രിലിലാണ് മുദ്രാ പദ്ധതി ആരംഭിച്ചത്. പത്ത് ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്. മുദ്രാവായ്പകളെ തന്നെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു. അമ്പതിനായിരം രൂപ വരെ വായ്പ ലഭിക്കുന്ന ശിശു, അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം വരെ വായ്പ ലഭിക്കുന്ന കിഷോര്‍, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വായ്പ ലഭിക്കുന്ന തരുണ്‍ എന്നിവയാണവ.

3.05 ലക്ഷം കോടി രൂപയാണ് ശിശു പദ്ധതി പ്രകാരം വായ്പ നല്‍കിയിട്ടുള്ളത്. 2.53 ലക്ഷം കോടി കിഷോര്‍ വഴിയും 1.87 ലക്ഷം കോടി തരുണ്‍ വഴിയും നല്‍കിയിട്ടുണ്ട്.
വാണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, തുടങ്ങിയവ വഴി മുദ്രാവായ്പകള്‍ നല്‍കുന്നുണ്ട്. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. 45ശതമാനം മുദ്രാവായ്പകളും സ്ത്രീകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. അതേസമയം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ചെറിയ പങ്ക് മാത്രമാണ് മുദ്രാ വായ്പകള്‍ വഴി ലഭ്യമായിട്ടുള്ളത്.

2019 ജനുവരി 25ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മുദ്രാവായ്പ നല്‍കിയിട്ടുള്ളത് എസ്ബിഐയാണ്. 83,621 കോടിയാണ് ഇവര്‍ നല്‍കിയിട്ടുളളത്. കനറ ബാങ്ക് 27,704 കോടി രൂപ നല്‍കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് 19,712 കോടിയും നല്‍കിയിട്ടുണ്ട്. 21 പൊതുമേഖലാ ബാങ്കുകള്‍ ആകെ 2.74 ലക്ഷം കോടി രൂപയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിഷ്‌ക്രിയ ആസ്തി ഉടമകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

YOU MAY LIKE THIS VIDEO