അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ദാരിദ്ര്യം

Web Desk
Posted on October 29, 2019, 10:58 pm
k dileep

വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തില്‍ ആ­ല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ഥം സ്വേറിയസ് റിക്സ് ബാങ്ക് 1969 മുതല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനു ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി, ഫ്രഞ്ച്-അമേരിക്കന്‍ വംശജയായ എസ്തേ‍ദുഫ്ലോ, അമേരിക്കക്കാരനായ മൈക്കല്‍ ക്രെമര്‍ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അര്‍ഹരായതായി 2019 ഒക്ടോബര്‍ 14ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്ക് വര്‍ഷാവര്‍ഷം പുരസ്കാരം നല്‍കുവാനായി 1895 ല്‍ ആല്‍ഫ്രഡ് നോബല്‍ എന്ന ശാസ്ത്രജ്‍ഞന്‍ സ്വന്തം വില്‍പത്രപ്രകാരം ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ സാമ്പത്തികശാസ്ത്ര പുരസ്കാരം ഉള്‍പ്പെടുന്നില്ല. സ്വീഡനിലെ സെന്‍ട്രല്‍ ബാങ്കായ സ്വേറിയസ് റിക്സ് ബാങ്ക് അത് സ്ഥാപിച്ചതിന്റെ 300-ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ഥം സാമ്പത്തികശാസ്ത്രത്തില്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. പക്ഷെ റോയല്‍ സ്വീഡിഷ് അക്കാദമി തന്നെയാണ് പുരസ്കാരം നല്‍കുന്നത്. മറ്റു പുരസ്കാരങ്ങളോടൊപ്പം സ്വീഡനിലെ സ്റ്റോക്ഹോമില്‍ വച്ച്. സമാധാനത്തിനുള്ള പുരസ്കാരം മാത്രം നോര്‍വെയിലെ ഓസ്ലോയില്‍ വച്ചും.

1998 ല്‍ അമര്‍ത്യാസെന്‍ ഇതേ പുരസ്കാരം നേടിയതിനുശേഷം സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരത്തിനര്‍ഹനായ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി. ഇത്തവണ നൊബേല്‍ പുരസ്കാരത്തിനര്‍ഹരായ മൂന്നു പേരും പലപ്പോഴും ഒരുമിച്ച് ഗവേഷണങ്ങളിലേര്‍പ്പെട്ടവരാണ്. അഭിജിത്തും എസ്ത്തേര്‍ ദുഫ്ലോയും സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതിമാരുമാണ്. എന്താണ് ഡവലപ്മെന്റല്‍ എക്കണോമിക്സ് എന്ന സാമ്പത്തിക ശാസ്ത്ര ശാഖയിലെ മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞരെ നൊബേല്‍ പുരസ്കാരത്തിനര്‍ഹരാക്കിയ ഗവേഷണം? മൂന്നാം ലോക രാജ്യങ്ങളിലെ കൊടിയ ദാരിദ്ര്യത്തിനും തന്‍മൂലമുണ്ടാവുന്ന പട്ടിണിക്കും പോഷകാഹാരക്കുറവിനും നിരക്ഷരതയ്ക്കും എങ്ങനെ കുറവുവരുത്താം എന്നതിന്റെ ഭാഗമായി ഇവര്‍ മുന്നോട്ടുവച്ച പദ്ധതിയാണ് റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍. എന്താണ് ഈ പദ്ധതി? ആര്‍സിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതി, ശാസ്ത്രവിഷയങ്ങളില്‍ പരീക്ഷണശാലകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് സമാനമായി സാമ്പത്തികശാസ്ത്ര രംഗത്തും അതുപോലുള്ള ക്ലിനിക്കല്‍/ലബോറട്ടറി പരീക്ഷണങ്ങളുടെ മാതൃകയില്‍ പ­രീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഉദാഹരണമായി ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ ഏറ്റവും ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ മാര്‍ഗമെന്താണ് എന്നതായിരുന്നു ഒരു ഗവേഷണ വിഷയം. മൂന്ന് മാര്‍ഗങ്ങളാണ് അവര്‍ പരീക്ഷിച്ചത്. വിദ്യാര്‍ഥികള്‍‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുക, സ്കൂളുകളി­ല്‍ സൗജന്യ ഭക്ഷണം, കൂടുതല്‍ കുട്ടികളെ സ്കൂളിലെത്തിക്കുവാനായി നല്‍കുക, പഠനത്തില്‍ മോശമായ കുട്ടികള്‍ക്ക് സ്കൂളില്‍ തന്നെ പ്രത്യേക ട്യൂഷന്‍ നല്‍കുക, തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഈ മൂന്ന് മാര്‍ഗവും അവര്‍ പരീക്ഷിച്ചു. ഇതില്‍ മൂന്നാമത്തെ മാര്‍ഗമാണ് ഫലപ്രദം എന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ത്യയില്‍ 50 ലക്ഷം കുട്ടികള്‍ക്ക് ഈ പരിപാടിയിലൂടെ ഗുണം ലഭിച്ചു.

മറ്റൊരു ഗവേഷണം രാജസ്ഥാനില്‍ പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ടാണ്. സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടും സ്ത്രീകള്‍ കുഞ്ഞുങ്ങളെ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവരാന്‍ വിമുഖത കാണിച്ചു. വാക്സിനേഷന് കുഞ്ഞുങ്ങളെ കൊ­ണ്ടുവരുന്ന അമ്മമാര്‍ക്ക് ഒരു സഞ്ചി ധാന്യം കൂടി നല്‍കുമെന്നറിയിച്ചു. ഈ വാര്‍ത്ത പരന്നതോടെ കുഞ്ഞുങ്ങളുമായി വാക്സിനേഷന് എ­ത്തുന്ന അമ്മമാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കു‍ഞ്ഞുങ്ങളിലെ വിരബാധ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്ന അറിവില്‍ നിന്നും ലോകാരോഗ്യ സംഘടനവഴി 80 കോടി കുഞ്ഞുങ്ങള്‍ക്ക് വിരമരുന്ന് ലഭ്യമാക്കിയത് മറ്റൊരു പരീക്ഷണമായിരുന്നു. ഇത്തരത്തില്‍ ദരിദ്രരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നവയായിരുന്നു അഭിജിത്തിന്റെയും സഹഗവേഷകരുടെയും പദ്ധതികള്‍. ഡവലപ്മെന്റല്‍ എക്കണോമിക്സിന്റെ പ്രചാരകരായ അഭിജിത് ബാനര്‍ജിയടക്കമുള്ള സാമ്പത്തികശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളില്‍ ലോകത്തെ കൊടിയ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള എന്തെങ്കിലും പദ്ധതികളുണ്ട് എന്ന് ധരിക്കുന്നത് മൗഢ്യമാണ്. കാരണം ദാരിദ്ര്യത്തിന്റെ കാരണങ്ങളെക്കുറിച്ചോ ദാരിദ്ര്യ നിര്‍മാര്‍ജനം ചെയ്യുവാന്‍ ലോകത്ത് സംഭവിക്കേണ്ട സാമൂഹ്യ‑രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചോ ഒന്നുമല്ല അവരുടെ ഗവേഷണം. എങ്ങനെ ദരിദ്രര്‍ സൃഷ്ടിക്കപ്പെടുന്നു എന്നതോ എങ്ങനെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാം എന്നതോ ഡവലപ്മെന്റല്‍ എക്കണോമിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഗവേഷണ വിഷയമേ അല്ല. ദാരിദ്ര്യം എന്ന ഒരു അവസ്ഥയെ അതിന്റെ കാര്യകാരണ­ങ്ങളേതും അന്വേഷിക്കാതെ നിലവിലുള്ള ഒ­രവസ്ഥ എന്ന രീതിയില്‍ കണ്ടുകൊണ്ട് ആ അ­വസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് ചെറിയ ചെറിയ ആശ്വാസങ്ങളെത്തിക്കുവാനുള്ള വഴിയാണ് ഈ ഗവേഷകര്‍ അന്വേഷിക്കുന്നത്. ഈ ദരിദ്രരാണ് ഇന്ത്യയെപോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വര്‍ക്ക്ഫോഴ്സ്.

ഈ ദരിദ്രരാണ് പകലന്തിയോളം വരണ്ട പാടങ്ങള്‍ ഉഴുതുമറിക്കുന്നതും ആകാശഗോപുരങ്ങള്‍ പണിതുയര്‍ത്തുന്നതും. ഇ­വ­രില്ലെങ്കില്‍ മൂന്നാം ലോക രാജ്യങ്ങളിലെ മുതലാളിമാരുമില്ല. അതിനാല്‍ ഈ ദരിദ്രര്‍ കൂട്ടത്തോടെ വംശനാശം വന്നുപോവുന്നത് തടയുവാ­ന്‍ ഇത്തരം ഗവേഷണ ഫലങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ പിണിയാളന്മാരായ മൂ­ന്നാം ലോകത്തെ സര്‍ക്കാരുകള്‍ക്കും സഹായകരമാണ്. ഒരു ഇന്ത്യന്‍ ‍വംശജന് നൊബേല്‍ സമ്മാനത്തിന് സമശീര്‍ഷമായ സ്വേറിയസ് റിക്സ് ബാങ്ക് ഏര്‍പ്പെടുത്തിയ ആല്‍ഫ്രഡ് നൊബേല്‍ ഓര്‍മ്മ പുരസ്കാരം ലഭിച്ചത് നമുക്കേവര്‍ക്കും അഭിമാനകരമാണ്. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ഗവേഷണ രംഗം ദാരിദ്ര്യത്തെ മ­നസിലാക്കുകയും ദരിദ്രരെ ഉദ്ധരിക്കുകയും ച­െ­യ്യുക എന്നതാണെന്നതും അഭിമാനകരം തന്നെ. ഈ ഗവേഷണങ്ങളിലൂടെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഗുണം ലഭിച്ചു എന്നതും അഭിമാനകരം തന്നെ. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഇവര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗം എന്‍ജിഒകള്‍ വഴിയുള്ള പ്രവര്‍ത്തനം, സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാഷ്ട്രങ്ങളില്‍ നടത്തേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ മാറ്റിവയ്ക്കേണ്ട ക്ഷേമഫണ്ടുകള്‍ എന്നിവയൊക്കെയാണ്. അതിനാല്‍ തന്നെ ഇവരുടെ ഗവേഷണ ഫലങ്ങള്‍ ദാരിദ്ര്യത്തെ പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനാല്‍ വികസിത രാജ്യങ്ങള്‍ക്കും അവരുടെ കോര്‍പ്പറേറ്റുകള്‍ക്കും പ്രിയങ്കരമാവുന്നു. 1915 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ബാരിസ്റ്റര്‍ ബിഹാറിലെ ചമ്പാരന്‍ പ്രദേശത്തെ നീലം കര്‍ഷകര്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്ര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് 1917 ഏപ്രില്‍ പത്താം തീയതി അമോല്‍വ ഗ്രാമത്തിലെത്തിച്ചേരുന്നു. ബ്രിജ് കിഗോര്‍ പ്രസാദ്, രാജേന്ദ്രപ്രസാദ്, അനുഗ്രഹ് നാരായണ്‍ സിന്‍ഹ, ജെ ബി കൃപലാനി തുടങ്ങിയവരോടൊപ്പം. അവരില്‍ പലരും പ്രശസ്തരായ അഭിഭാഷകരുമായിരുന്നു. ചമ്പാരനില്‍ ബര്‍ഹര്‍വ ലക്കന്‍സെന്‍ ഗ്രാമത്തില്‍ ഗാന്ധി 1917 നവംബര്‍ 13ന് ആദ്യത്തെ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെയും ഭാവി ഭാഗദേയം നിര്‍ണയിച്ചത് ചമ്പാരനിലെ നീലം കര്‍ഷകരുടെ സാമ്രാജ്യത്വത്തോടുള്ള ഐതിഹാസികമായ ചെറുത്തുനില്‍പാണ്. ഗാന്ധിയെ ഇന്ത്യന്‍ ജനത ബാപ്പു എന്നും മഹാത്മജി എന്നും സംബോധന ചെയ്യാന്‍ ആരംഭിച്ചത് ഈ പ്രക്ഷോഭത്തിലായിരുന്നു. സന്ത് റൗത്ത് എന്ന ഗ്രാമമുഖ്യനാണ് ആദ്യമായി അങ്ങനെ സംബോധന ചെയ്തത്. ഗ്രാമങ്ങളില്‍ ആശുപത്രികളും സ്കൂളുകളും സ്വാധീനിച്ചുകൊണ്ട് അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവാന്‍മാരാക്കിക്കൊണ്ട് ഇന്ത്യയുടെ ഇന്നത്തേയും എന്നത്തേയും ബാപ്പു ചെയ്തതെന്താണ് എന്നാണ് ദരിദ്രരുടെ ഉന്നമനത്തിനായി പരീക്ഷണങ്ങള്‍ നടത്തുന്ന ഡവലപ്മെന്റ് എക്കണോമിസ്റ്റുകള്‍ പഠിക്കേണ്ടത്. മൂന്നാം ലോക രാജ്യങ്ങളെ മരുഭൂമികളാക്കുന്ന കോര്‍പ്പറേറ്റുകളുടെ റ­സ്പോണ്‍സിബിലിറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ലോകത്തെ ദാരിദ്ര്യം ഉന്മൂലനം ചെയ്യുക സാധ്യമല്ല.

മാര്‍ക്സിയന്‍ തത്വശാസ്ത്രവും ഗാന്ധിയുടെ പ്രായോഗിക രീതികളും അവഗണിച്ചുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ വിജയം കാണുക അസാധ്യമാണ് എന്നതാണ് ഡവലപ്മെന്റ് എക്കണോമിസ്റ്റുകള്‍ പഠിക്കേണ്ട ആദ്യപാഠം.