എണ്ണായിരത്തോളം കുടുംബങ്ങളെ നിരാലംബരാക്കി പ്രവാസലോകത്ത് മരണമടഞ്ഞ് അവിടെത്തന്നെ അന്ത്യവിശ്രമത്തിന് വിധിക്കപ്പെട്ട മലയാളികള്‍ ആശ്വാസധനത്തിന്റെ പരിധിക്കു പുറത്ത്. വെറും അരലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളില്‍ പ്രവാസികളുടെ കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്.
സംസ്ഥാനങ്ങളും ഈ മാനദണ്ഡങ്ങള്‍ പാലിച്ചതോടെ മരണമടഞ്ഞ പ്രവാസികള്‍ ആശ്വാസധനത്തിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലാതായി. ആശ്വാസധനം നല്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും വിദേശങ്ങളിലെ കോവിഡ് മരണങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. പ്രവാസലോകത്ത് മരണമടഞ്ഞവര്‍ക്ക് ആശ്വാസ ധനം നല്കാന്‍ വെറും നാല് കോടി രൂപയേ വേണ്ടിവരൂ. വിദേശത്ത് ഇപ്രകാരം മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പക്കലില്ലെന്ന ന്യായീകരണവും ഇതിനിടെയുണ്ടായി. കേന്ദ്രത്തിന്റെ പക്കലുള്ള കണക്കുകളാകട്ടെ യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്തതും.
വിവിധ ഇന്ത്യന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്തവയും പ്രവാസി സംഘടനകളുടെ പക്കലുള്ളവയുമായ കണക്കുകളില്‍ കോവിഡ് മരണസംഖ്യ എണ്ണായിരത്തോളമായിരിക്കെയാണ് 3570 കോവിഡ് മരണങ്ങളേ പ്രവാസലോകത്തുണ്ടായിട്ടുള്ളു എന്നാണ് വിദേശകാര്യമന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചത്. എംബസിയുടെ കണക്കുപ്രകാരം 3862 പ്രവാസികളാണ് കോവിഡ്‌മൂലം സൗദി അറേബ്യയില്‍ മാത്രം മരണമടഞ്ഞത്. യുഎഇയില്‍ മാത്രം മരിച്ചവര്‍ 3229 പേര്‍. പക്ഷേ കേന്ദ്രത്തിന്റെ കണക്ക് വെറും 894. കുവെെറ്റില്‍ 546, ഒമാനില്‍ 384, ബഹ്റെെനില്‍ 196, ഖത്തറില്‍ 106 എന്നിങ്ങനെയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ കള്ളക്കണക്കുകള്‍ നിരത്തിയത്.
വിദേശരാജ്യങ്ങളിലെ പ്രവാസികളില്‍ 70 ശതമാനവും തൊഴിലെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇവരില്‍ 76 ശതമാനവും മലയാളികള്‍ ആണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പൂഴ്‌ത്തിവച്ചുകൊണ്ട് കേന്ദ്രമന്ത്രി മരണത്തിന്റെ കള്ളക്കണക്ക് നിരത്തിയപ്പോള്‍ എണ്ണായിരത്തോളം നിരാലംബ കുടുംബങ്ങള്‍ക്കാണ് തുച്ഛമായ ആശ്വാസധനംപോലും നിഷേധിക്കുന്നതെന്ന് മലയാളി പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കുടുംബത്തിന് അത്താണിയായിരുന്നവരെ ഒരു നോക്കുപോലും കാണാനാവാതെ മരുഭൂമികളില്‍ അന്ത്യവിശ്രമം കൊള്ളുമ്പോഴാണ് ആശ്വാസധനം നിഷേധിക്കുന്ന മനുഷ്യത്വഹീനമായ ഈ നടപടിയെന്നും പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു.
നെെജീരിയയില്‍ 31, സുഡാനില്‍ 26, മലേഷ്യയില്‍ 21, ഉഗാണ്ടയില്‍ 18, കെനിയയില്‍ 15, ഇറാനില്‍ 10 എന്നീ യഥാര്‍ത്ഥ കണക്കുകള്‍ എംബസികളെ ഉദ്ധരിച്ചുനിരത്തിയ കേന്ദ്രമന്ത്രി മുരളീധരന്‍ ഏറ്റവുമധികം ഇന്ത്യ പ്രവാസി കേന്ദ്രീകരണമുള്ള ആറ് ഗള്‍ഫ് നാടുകളിലെ മരണക്കണക്കുകള്‍ ഭീമമായി വെട്ടിച്ചുരുക്കുന്നു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ആശ്വാസധനം നല്കേണ്ടതെങ്കിലും പ്രവാസ മരണക്കണക്കുകള്‍ കേന്ദ്രം കുറച്ചുകാണിക്കുന്നതും ദുരൂഹമാകുന്നു. 4.86 ലക്ഷം കോവിഡ് മരണങ്ങളാണ് ഇന്ത്യയിലുണ്ടായിട്ടുള്ളത്.
മരണനിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനം. ലോകത്തിനു മുന്നില്‍ മരണക്കണക്കുകള്‍ കുറച്ചുകാണിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ പൊട്ടക്കണക്കുകള്‍ എന്ന ആരോപണവും പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്നു.
കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി പ്രവാസിലോകത്ത് മരണമടഞ്ഞ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വഴി ഇന്ത്യന്‍ എംബസികളില്‍ നിന്ന് സമാഹരിച്ച് അത്താണി നഷ്ടപ്പെട്ട നിരാലംബ കുടുംബങ്ങളെയും ആശ്വാസധനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പ്രവാസി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
English Summary : non resident indians died in covid pandemic ignored by central government
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.