29 March 2024, Friday

Related news

December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023
September 6, 2023
September 1, 2023
August 31, 2023

നൂറു ശതമാനത്തിലെത്തുന്ന 100ദിന കര്‍മ്മ പദ്ധതി

Janayugom Webdesk
September 15, 2021 6:12 am

വികസന — ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചും ദുരന്തകാലത്ത് ചേര്‍ത്ത് പിടിച്ചുമുള്ള ഭരണ മികവിനെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുത്തതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടായത്. പ്രസ്തുത സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിനകര്‍മ്മ പദ്ധതിയുടെ കാലാവധിക്ക് ഇനി നാലുദിനമാണ് ബാക്കി. അതിനിടെ പദ്ധതി നിര്‍വഹണം നൂറുശതമാനത്തിലെത്തുകയും അതില്‍ ഓരോന്നിന്റെയും ഉദ്ഘാടനം നടന്നുകൊണ്ടിരിക്കുകയുമാണ്. ആകെ 145 പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. അതില്‍ 74 പദ്ധതികള്‍ ഇതിനകംതന്നെ പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവയും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടന്നുവരുന്നത്. കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനായ അനുഭവങ്ങളുമുണ്ട്.

 


ഇതുകൂടി വായിക്കൂ: വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; സഹകരണമേഖലയില്‍ പതിനായിരം തൊഴിലവസരങ്ങള്‍


 

പദ്ധതിയുടെ ഭാഗമായി റവന്യു വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു 12,000 പേര്‍ക്ക് പട്ടയം നല്കുകയെന്നത്. ഇന്നലെ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായിപട്ടയവിതരണം നടക്കുമ്പോള്‍ 13,534 പേര്‍ക്കാണ് ഭൂമിയുടെ അവകാശം ലഭിച്ചത്. പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങൾ പരമാവധി ലഘൂകരിച്ചതു കാരണമാണ് തീരുമാനിച്ചതിലും അധികം പേർക്ക് പട്ടയം നൽകാൻ സാധിച്ചത്. തൃശൂരില്‍സംസ്ഥാനതലത്തിലും ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമാണ് പട്ടയ വിതരണം നടന്നത്. എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും വെബ്സൈറ്റ്, ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം, തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതിരജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍, ഭൂനികുതി ഒടുക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ പ്രഖ്യാപനങ്ങളും വകുപ്പില്‍ യഥാസമയംതന്നെ പൂര്‍ത്തീകരിച്ചു.

 


ഇതുകൂടി വായിക്കൂ: വികസനക്കുതിപ്പിന്റെ നാദാപുരം മാതൃക


 

നൂറുദിന പദ്ധതിയിലെ ശ്രദ്ധേയമായ മറ്റൊരു ചുവടായിരുന്നു മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 1000 റോഡുകള്‍ സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണമാണ് ഇതുവഴി പൂര്‍ത്തീകരിച്ചത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് നൂറുദിന കര്‍മ്മ പരിപാടിയില്‍ കൈവരിച്ചത്. 92 സ്കൂൾ കെട്ടിടങ്ങൾ, 48 ഹയർസെക്കന്‍ഡറി ലാബുകൾ, മൂന്ന് ഹയർസെക്കന്‍ഡറി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലുമാണ് നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇന്നലെ നടന്നത്. സ്കൂള്‍കെട്ടിടങ്ങള്‍ക്കായി 214 കോടിരൂപയാണ് ചെലവിട്ടത്. ശിലാസ്ഥാപനം നടക്കുന്ന സ്കൂള്‍കെട്ടിടങ്ങള്‍ക്ക് 124 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


 

നൂറുദിന കാലപരിധിക്കുള്ളില്‍ വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 64,000ത്തോളം തൊഴിലവസരങ്ങള്‍ ഇതിനകംതന്നെ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും നഷ്ടത്തില്‍ കലാശിക്കുകയും ചെയ്ത കാസര്‍കോട്ടെ ഇഎംഎല്‍സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും പ്രതിഫലനമായി. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ വ്യവസായ സംരംഭമായിരുന്ന കേരള ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ (കെൽ) ഓഹരികള്‍ 2011ല്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രം ഏറ്റെടുക്കുമ്പോള്‍ ലാഭത്തിലായിരുന്നു സ്ഥാപനം. പിന്നീട്ഉല്പാദനം കുറയുകയും നഷ്ടത്തിലാവുകയും ചെയ്തു. തൊഴില്‍ പ്രതിസന്ധിയുമുണ്ടായി. അപ്പോള്‍തന്നെ സ്ഥാപനം ഏറ്റെടുക്കുവാന്‍ സംസ്ഥാനം സന്നദ്ധമായെങ്കിലും കേന്ദ്രം അതിന് അനുവദിച്ചില്ല.

 


ഇതുകൂടി വായിക്കൂ: മഹാമാരിക്കിടയിലും ജനങ്ങളോടുള്ള വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ; 100 ദിന കർമ പദ്ധതിയില്‍ നിരവധി പേര്‍ക്ക് തൊഴില്‍


 

കോവിഡ് വന്നതോടെ സ്ഥാപനം അടച്ചുപൂട്ടി. പിന്നീട് നിരന്തര സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് കേന്ദ്രം വഴങ്ങിയത്. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ ‑സിസ് എന്ന സംവിധാനം, ഉയർന്ന ഉല്പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യൽ, കാർഷികോല്പന്നങ്ങളുടെ മൂല്യവർധന, വിവരസാങ്കേതിക മേഖലയിലെ ചെറുകിട സംരംഭങ്ങൾ, സേവന മേഖലയിലെ ഇവന്റ് മാനേജ്മെന്റ് പോലെയുള്ള സംരംഭങ്ങൾ, ചെറുകിട മാർക്കറ്റിങ് ശൃംഖലകൾ എന്നീ മേഖലകളില്‍ യുവ സംരംഭകർക്കായി 25 സഹകരണ സംഘങ്ങള്‍, നഗരമേഖലകളിൽ പൊതുജന സഹകരണത്തോടുകൂടി ഏഴ് നഗരവനങ്ങൾ വച്ചുപിടിപ്പിക്കൽ, സംസ്ഥാനതല ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ, സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 5,000 ഹെക്ടറിൽ ജൈവകൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകൾ വിതരണം ചെയ്യൽ, സംസ്ഥാനത്ത് 100 സ്ഥലങ്ങളിൽ നഗര തെരുവ് മാര്‍ക്കറ്റുകള്‍ ആരംഭിക്കൽ, 25 ലക്ഷം പഴവർഗ വിത്തുകളുടെ വിതരണം തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

മെയ് മാസത്തില്‍ അധികാരമേറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 11 മുതലാണ് നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യ നൂറുദിനത്തിനുള്ളില്‍തന്നെ ഇച്ഛാശക്തിയുടെയും ജനകീയ പ്രതിബദ്ധതയുടെയും പേരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. തീര്‍ച്ചയായും വരാനിരിക്കുന്ന നാളുകള്‍ അതുകൊണ്ട്തന്നെ കൂടുതല്‍ പ്രതീക്ഷകളാണ് കേരളീയര്‍ക്ക് നല്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.