ഉദ്ഘാടനത്തിനെത്തിയ ചലച്ചിത്രതാരം നൂറിന്‍ ഷെരീഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു

Web Desk
Posted on October 28, 2019, 12:34 pm

മഞ്ചേരി: ഒരു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ ചലച്ചിത്രതാരം നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം. വൈകിയെന്ന പേരിലാണ് സ്ഥലത്ത് തടിച്ച് കൂടിയ ജനക്കൂട്ടം നടിയെ ആക്രമിച്ചത്. ഇവരുടെ മൂക്കിന് പരിക്കേറ്റു. തുടര്‍ന്ന് നടി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വൈകിട്ട് നാല് മണിക്കായിരുന്നു ഉദ്ഘാടനം. കൃത്യസമയത്ത് തന്നെ എത്തിയ തങ്ങളോട് ഹോട്ടലില്‍ വിശ്രമിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് നടിയുടെ അമ്മ പറഞ്ഞു. കൂടുതല്‍ ആളുകള്‍ വന്നിട്ട് ഉദ്ഘാടനം നടത്താമെന്നായിരുന്നു അവരുടെ വിശദീകരണം. ഏതാണ്ട് ആറുമണിയോടെ സ്ഥലത്തെത്തിയപ്പോഴേക്കും കാത്തിരുന്ന ജനക്കൂട്ടം ആക്രമാസക്തരായി. ഇവരെ ശകാരിക്കാനും ബഹളം വയ്ക്കാനും തുടങ്ങുകയും ചെയ്തു. ഇതിനിടെ നടിയുടെ മൂക്കില്‍ ജനങ്ങളുടെ കൈ തട്ടുകയായിരുന്നു.

ഒടുവില്‍ നൂറിന്‍ തന്നെ ജനങ്ങളോട് സംസാരിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്തി. ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് അവര്‍ സംസാരിച്ച് തുടങ്ങിയത്. ജനങ്ങളെ സമാധാനിപ്പിച്ച നൂറിന്‍ പിന്നീട് ഒന്നരമണിക്കൂറോളം അവിടെ ചെലവിട്ടു. വേദിയില്‍ നൃത്തവും അവതരിപ്പിച്ചു.