12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

February 26, 2023
December 3, 2022
November 6, 2022
October 9, 2022
October 3, 2022
August 19, 2022
April 19, 2022
March 1, 2022
February 5, 2022
January 20, 2022

വടക്ക്-കിഴക്കന്‍ ഡല്‍ഹി കലാപം; ഇനിയും പൊളിഞ്ഞുവീഴാതെ വിഭജനത്തിന്റെ മതിലുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2023 9:52 pm

മൂന്ന് വര്‍ഷം മുമ്പുണ്ടായ കലാപം വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ തീര്‍ത്തത് ഇനിയും തീരാത്ത വിഭജനത്തിന്റെ മതിലുകള്‍. കരാവാള്‍ നഗര്‍, ശിവ് വിഹാര്‍, സീലാംപൂര്‍ പ്രദേശങ്ങളിലെല്ലാം വീടുകള്‍ കൂറ്റന്‍ ഇരുമ്പു ഗേറ്റുകള്‍കൊണ്ട് വേര്‍തിരിക്കപ്പെട്ടു. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. പുറത്തുനിന്ന് വരുന്ന അജ്ഞാത ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം ഇപ്പോഴും ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നിലനിൽക്കുന്നു. അയല്‍പ്പക്ക ബന്ധങ്ങളിലേറ്റ മുറിവ് ഇവരെ പലായനത്തിന് നിര്‍ബന്ധിതരാക്കി. കലാപത്തിനു ശേഷം സുരക്ഷ തേടി മുസ്ലിം-ഹിന്ദു വിഭാഗങ്ങള്‍ ഇടകലര്‍ന്നു താമസിക്കുന്ന മേഖലകളില്‍ നിന്ന് പലരും സ്വന്തം വീടുകള്‍ വിറ്റ് അവരുടെ സമൂഹം ഭൂരിപക്ഷമായ മറ്റ് മേഖലകളിലേക്ക് മാറി. ഈ പലായനം ഇപ്പോഴും തുടരുകയാണ്.
ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ആറ് ദിവസങ്ങള്‍ നീണ്ടുനിന്നു. വീടുകള്‍ക്കും കടകള്‍ക്കുമുള്‍പ്പെടെ അക്രമികള്‍ തീവച്ചു. അക്രമത്തെ തുടർന്ന് വീടും നാടും ഉപേക്ഷിച്ചപ്പോള്‍ ചിലർക്ക് ജോലി നഷ്ടപ്പെട്ടു. മറ്റുചിലർ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ജോലി ഉപേക്ഷിച്ചു. അവശേഷിക്കുന്നവർ ഇപ്പോഴും സുരക്ഷിതത്വം തേടുകയാണ്.

1992ലെ സാമുദായിക സംഘര്‍ഷമാണ് ഈ പ്രദേശത്തെ ആദ്യമായി അസ്വസ്ഥമാക്കിയത്. എന്നാല്‍ അതിനു ശേഷവും ഹിന്ദുക്കളും മുസ്ലിങ്ങളും സഹവർത്തിത്വത്തിലായിരുന്നു. എന്നാൽ 2020ലെ കലാപം 28 വർഷത്തെ വിശ്വാസത്തെ ഇല്ലാതാക്കി. ആദ്യം വിവിധ മതവിശ്വാസികള്‍ താമസിക്കുന്ന ബ്രഹ്മപുരിയിലായിരുന്നു തന്റെ വീടെന്ന് മെക്കാനിക്കായ മനോജ് കുമാര്‍ പറയുന്നു. കലാപത്തിനു ശേഷം സ്വന്തം വീടുവിറ്റ് ഹിന്ദു ഭൂരിപക്ഷമുള്ള ഷഹ്ദാരയിലേക്ക് മാറി. ബ്രഹ്മപുരിയിലെ വീട് വില്‍ക്കാന്‍ താല്പര്യമില്ലായിരുന്നു. കഴിഞ്ഞ മാസം തെരുവുകളില്‍ മുസ്ലിങ്ങള്‍ക്ക് വീടുകള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു.

അക്രമത്തില്‍ കൂടുതലും തകര്‍ക്കപ്പെട്ടത് മുസ്ലിങ്ങളുടെ കടകളും വീടുകളുമാണെന്ന് വ്യാപാരിയായ മുഹമ്മദ് ബാബുര്‍ ഓര്‍ക്കുന്നു. സ്വന്തം കടകത്തുന്ന വീഡിയോ വാട്സ്ആപ്പ് വഴിയാണ് കാണുന്നത്. കടയ്ക്കു മുമ്പില്‍ ഒരു സംഘം ആളുകള്‍ തോക്കുകള്‍ ഉയര്‍ത്തി ജയ്‌ ശ്രീറാം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നുവെന്നും ബാബുര്‍ പറഞ്ഞു. ഗോല്‍പുരി, ദയാല്‍പൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് അടുത്തായിരുന്നു തങ്ങളുടെ മാര്‍ക്കറ്റെന്ന് നൗമാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കലാപ സമയത്ത് ഇരു പൊലീസ് സ്റ്റേഷനുകളിലും മാറിമാറി വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപത്തിനുശേഷം കുട്ടികള്‍ക്കിടയിലും വേര്‍തിരിവ് ഉണ്ടായി. ഒരുമിച്ച് പഠിച്ച്, കളിച്ച് വളര്‍ന്ന കുട്ടികള്‍ പരസ്പരം മിണ്ടാതെയായെന്നും ഇവിടെ താമസിക്കുന്നവര്‍ പറയുന്നു.

തീര്‍പ്പാക്കിയത് പത്തിലൊന്ന് കേസുകള്‍ മാത്രം

മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കലാപം, തീവയ്പ് സംഭവങ്ങളില്‍ പത്തിലൊന്നിൽ താഴെ കേസുകളില്‍ മാത്രമാണ് തീര്‍പ്പു കല്പിച്ചത്. 695 കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം 20 വരെ 47 കേസുകളില്‍ മാത്രമാണ് വിധി പറഞ്ഞത്. ഇതില്‍ 36 എണ്ണത്തിലും പ്രതികളെ വെറുതെ വിട്ടു.

Eng­lish Sum­ma­ry; North-East Del­hi Riots; The walls of divi­sion are yet to come down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.