ത്രിപുര ബിജെപിയോട് പൊരുതി തോറ്റു, തൂക്കു ഭരണ നിഴലിൽ മേഘാലയയും നാഗാലാൻഡും

Web Desk

അഗര്‍ത്തല/ഷില്ലോങ്/കൊഹിമ

Posted on March 03, 2018, 5:06 pm

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് ഭൂരിപക്ഷം. 60 അംഗ നിയമസഭയില്‍ 43 സീറ്റുകള്‍ ബിജെപി-ഐപിടിഎഫ് സഖ്യം നേടി.
നാഗാലാന്‍ഡില്‍ ബിജെപിക്ക് കൂടി പങ്കാളിത്തമുള്ള കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

നിലവിലെ ഭരണകക്ഷിയും, ബിജെപിയുടെ വടക്കുകിഴക്കന്‍ സഖ്യത്തിലെ അംഗവുമായ എന്‍പിഎഫ് 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്‍ഡിപിപി-ബിജെപി സഖ്യവും 27 സീറ്റുകള്‍ സ്വന്തമാക്കി. ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്ത മേഘാലയയില്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഇവിടെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ചെറുകക്ഷികളുടെ സഹായം വേണ്ടിവരും. ഇവിടെ പ്രതിപക്ഷമായ എന്‍പിപിയുടെ സഹായത്തോടെ അധികാരം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ത്രിപുരയില്‍ 2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പ്രത്യേക ത്രിപുര ലാന്‍ഡിന് വേണ്ടി വാദിക്കുന്ന വിഘടനവാദ ഗ്രൂപ്പായ ഇന്‍ഡിജിനീസ് പീപ്പിള്‍സ് ഓഫ് ത്രിപുര എന്ന പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബിജെപി ഇവിടെ മത്സരിച്ചത്. ഇതാണ് വിജയത്തില്‍ നിര്‍ണായകമായതെന്ന് വിലയിരുത്തപ്പെടുന്നു.

10 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടി. ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. മുഖ്യ പ്രതിപക്ഷമായ എന്‍പിപി 19 സീറ്റുകള്‍ നേടി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപീകരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി. കേന്ദ്രത്തിലും മണിപ്പൂരിലും ഇവര്‍ ബിജെപിക്കൊപ്പമാണ്. യുഡിപി ആറ് സീറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം നടത്തി. പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് നാലിടത്ത് വിജയിച്ചു.