Friday
19 Apr 2019

സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും ശക്തമാക്കാന്‍ നീക്കം

By: Web Desk | Sunday 4 November 2018 9:53 PM IST


ഗിരീഷ് അത്തിലാട്ട്

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുന്നു. നവമാധ്യമങ്ങളിലൂടെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച്, സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി പിടിമുറുക്കുന്ന ശൈലി കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് നീക്കം.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപിക്ക് വളര്‍ച്ചയുണ്ടാക്കാനും അധികാരത്തിലെത്താനും സഹായകമായത് വാട്‌സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളായിരുന്നു. കേരളത്തില്‍ പിടിമുറുക്കാന്‍ സാധിക്കാതിരുന്ന സംഘപരിവാര്‍, ശബരിമല വിഷയത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ പ്രവര്‍ത്തനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ ഹിന്ദുമതത്തിന്റെ പേരില്‍ നിരവധി പുതിയ പേജുകളും പ്രൊഫൈലുകളും സൃഷ്ടിച്ചാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ സജീവമാക്കുന്നത്. ആര്‍എസ്എസിന്റെയും മറ്റ് സംഘടനകളുടെയും മുന്‍കൈയില്‍ നേരത്തെയുണ്ടായിരുന്ന ഫേസ്ബുക്ക് പേജുകളിലൂടെയും വ്യാജപ്രൊഫൈലുകളിലുടെയും ജനം ടിവിയുടെ ചര്‍ച്ചകളും മറുനാടന്‍ ടിവിയുടെ സര്‍വ്വെയും ഉള്‍പ്പെടെ പ്രചരിപ്പിച്ച് നിരവധി പേരിലേക്ക് വ്യാജവാര്‍ത്തകള്‍ എത്തിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിരവധി ഫോളോവേഴ്‌സുള്ള പ്രമുഖ ബിജെപി നേതാക്കളുടെ പേജുകളിലുടെയും നിരന്തരം വ്യാജവാര്‍ത്തകളും വ്യാജസന്ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ്.

ശബരിമലയിലെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ കയ്യടക്കുകയാണെന്നും മറ്റ് മതക്കാര്‍ക്ക് വീതിച്ച് നല്‍കുകയാണെന്നുമുള്ള വ്യാജപ്രചരണമായിരുന്നു ഏറ്റവും ശക്തമായി സംഘപരിവാര്‍ നടത്തിയത്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും എല്‍ഡിഎഫ് നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ തെളിവുകള്‍ നിരത്തി മറുപടി നല്‍കിയെങ്കിലും വാട്‌സ്ആപ്പില്‍ ഫാമിലി ഗ്രുപ്പുകളിലുള്‍പ്പെടെ ഈ വാദങ്ങള്‍ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തെന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും മുന്‍കൈയ്യില്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുമെന്നുമുള്ള പ്രചരണങ്ങളുടെ ഫലമായാണ് സന്നിധാനത്തും നിലയ്ക്കലിലും ഉള്‍പ്പെടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘപരിവാറിന് സാധിച്ചത്. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം മറികടന്ന് കേരളത്തില്‍ കോണ്‍ഗ്രസ്സും സംഘപരിവാറിനൊപ്പം ചേര്‍ന്നതോടെ നാമജപഘോഷയാത്രയുള്‍പ്പെടെ നടത്തി പ്രചരണം സജീവമാക്കാനും അവര്‍ക്ക് സാധിച്ചു. എല്‍ഡിഎഫ് വിവിധ ജില്ലകളില്‍ വലിയ ജനപങ്കാളിത്തത്തോടെ നടത്തിയ റാലികളിലൂടെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അയ്യപ്പന്റെ വിഗ്രഹം നെഞ്ചില്‍ ചേര്‍ത്തുവെച്ച് നില്‍ക്കുന്ന ഭക്തനെ പൊലീസ് ചവിട്ടുന്നതും തലയറുക്കാന്‍ ശ്രമിക്കുന്നതുമായി ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോകള്‍ ദേശവ്യാപകമായി പ്രചരിച്ചുകഴിഞ്ഞിരിക്കുകയാണ്. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഫോട്ടോഷൂട്ട് നടത്തി എടുത്ത ചിത്രങ്ങള്‍ ദേശീയനേതാക്കള്‍ ഉള്‍പ്പെടെ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അയ്യപ്പഭക്തരോട് കേരളം കാണിക്കുന്ന അക്രമം എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. കുറച്ചുകാലം മുന്‍പ് നടന്ന ഒരു പൊലീസ് ലാത്തിചാര്‍ജ്ജിന്റെ ഫോട്ടോയും ശബരിമലയില്‍ പൊലീസ് ഭക്തനെ മര്‍ദ്ദിക്കുന്നുവെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
പത്തനംതിട്ടയില്‍ അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. അയ്യപ്പഭക്തനായ ശിവദാസനെ പൊലീസ് കൊന്നുവെന്നായിരുന്നു പ്രചരണം. സംഘര്‍ഷം അവസാനിച്ചതിനുശേഷമാണ് ഇദ്ദേഹം ശബരിമലയിലേക്ക് പോയതെന്നും തൊഴുതതിന് ശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്തുവെന്നും സംഘര്‍ഷം ഇല്ലാതിരുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കിയെങ്കിലും പ്രചരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ബിജെപിയുടെ പ്രധാന നേതാവായ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ ശിവദാസനെ അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായതാണെന്ന് വിശേഷിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇതുവരെ അദ്ദേഹം പിന്‍വലിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടായിരത്തോളം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് തെളിവാകുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെയും എം ടി രമേശിന്റെയും കെ പി ശശികലയുടെയും പ്രൊഫൈലുകളിലും പേജുകളിലും ഇത്തരം വ്യാജപ്രചരണങ്ങള്‍ വളരെ സജീവമാണ്.
നവംബര്‍ എട്ടിന് കാസര്‍കോട് മധുര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശബരിമല സംരക്ഷണരഥയാത്രയോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായ കുഴപ്പങ്ങളുണ്ടാക്കാന്‍ സംഘപരിവാറിന്റെ സൈബര്‍ മീഡിയ സെല്‍ തയ്യാറെടുത്തതായും സൂചനയുണ്ട്.

Related News