വടക്കന്‍ കേരള ആര്‍മി റിക്രൂട്‌മെന്‍റ് റാലി 20 ന് സമാപിക്കും

Web Desk

മാനന്തവാടി

Posted on May 18, 2018, 8:23 pm

വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാനന്തവാടിയില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട് മെന്റ് റാലി നാളെ സമാപിക്കും. 27949 പേര്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും 18000 ത്തോളം പേര്‍ പങ്കെടുക്കുമെന്നും കരുതുന്ന റാലിയില്‍ ഇതിനോടകം 13 000 ത്തോളം പേര്‍ പങ്കെടുത്തു.

വയനാട്ടില്‍ നിന്നാണ് ഏറ്റവും കുറവ് പേര്‍ രജിസ്റ്റര്‍ ചെയ്തത്. 1352 പേര്‍മാത്രമാണ് ജില്ലയില്‍ നിന്നുള്ളത്. കണ്ണൂരില്‍ നിന്നും 6290പേര്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ട് മെന്റ് റാലി ആരംഭിച്ചത്. വയനാടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥകള്‍ക്കായാണ് ബാംഗളൂര്‍ റിക്രൂട്ടിംഗ്‌സോണ്‍ ഹെഡ്ക്വാട്ടേഴ്‌സിന് കീഴില്‍ റാലി നടത്തുന്നത്.മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 24 വരെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതിനോടകം 12707 പേര്‍ റിപ്പോര്‍ട്ട് ചെയ്യുകയും 627 പേര്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയരാവുകയും ചെയ്തു.

ഈമാസം 20 ന് അവസാനിക്കുന്ന റാലിയില്‍ മികച്ച പങ്കാളിത്തമാണുണ്ടായതെന്ന് റാലിക്ക നേതൃത്വം നല്‍കുന്ന ബ്രിഗേഡിയര്‍ പിഎസ് ബജ്‌വാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാടിന്റെ കാലാവസ്ഥയും പ്രശ്‌ന സാധ്യതകളൊന്നുമില്ലാതെ റാലി നടത്താന്‍ കഴിയുന്ന സാഹചര്യവും കാരണമാണ് ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വയനാട്ടില്‍ വെച്ച് റിക്രൂട്‌മെന്റ് റാലി നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജനറല്‍ഡ്യൂട്ടി, ടെക്‌നിക്കല്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലര്‍ക്ക്, സ്‌റ്റോര്‍കീപ്പര്‍, ട്രേഡ്‌സ്മാന്‍ എന്നീ കാറ്റഗറിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് സെലക്ഷന്‍ നടത്തുന്നത്. വിവിധ ഘട്ടങ്ങളായുള്ള കായികക്ഷമതപരിശോധനയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മെഡിക്കല്‍ പുരിശോധനയും ഇവിടെ വെച്ച് തന്നെ നടത്തും. മെഡിക്കല്‍ പരിശോധനയില്‍ വിജയംകാണാത്തവര്‍ക്കായി കൊച്ചി ഇന്ത്യന്‍നേവല്‍പോസ്പിറ്റലില്‍ വീണ്ടും പരിശോധനക്കായി അവസരവുമൊരുക്കും.

മെഡിക്കല്‍ പരിശോധനയില്‍ തൃപ്തികരമായ ഫലം ലഭിച്ചാല്‍ ഈ മാസം 29 ന് നടക്കുന്ന എഴുത്തുപരീക്ഷക്ക് ശേഷം മെറിറ്റ് ലിസ്റ്റ് പ്രകാരം 2018 സെപ്തംബറോടെ രാജ്യത്തെ വിവിധ സൈനിക പരിശീലന കേമ്പുകളിലേക്ക് ഒഴിവുകളനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ അയക്കും.മാനന്തവാടിയില്‍ റാലി നടത്തുന്നതിന് സഹകരിച്ച റവന്യുവകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഉന്നത ആര്‍മി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു.റിക്രൂട്ടിംഗ് ചുമതലയുള്ള കേണല്‍മാരായ എന്‍എസ് സിബിയ, എച്ച് എസ് ചൗഹാന്‍, സഞ്ജയ്കുമാര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.