Wednesday
20 Mar 2019

മലബാറിന്റെ പണപ്പയറ്റ് ഓര്‍മ്മയാകുന്നു

By: Web Desk | Friday 18 May 2018 8:49 PM IST


സാരംഗി എസ് ബി

കോഴിക്കോട്: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയും സാധാരണക്കാരായ ആളുകള്‍ക്ക് വരാനിരിക്കുന്ന ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള മാര്‍ഗ്ഗവുമായിരുന്നു ഒരു കാലത്ത് പണപ്പയറ്റ്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാവരെയും ഒരിക്കല്‍ സഹായിച്ചത് പണപ്പയറ്റ് തന്നെയായിരുന്നു. പഴയ സജീവതയില്ലെങ്കിലും ഏറ്റവും സുതാര്യമായ ഈ പണമിടപാട് ഇന്നും നടക്കുന്നുണ്ട്. പക്ഷെ അതുപോലും ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പലരും വ്യക്തമാക്കുന്നു.
വെറുമൊരു സാമ്പത്തിക ബന്ധത്തില്‍ ഒതുങ്ങി നില്ക്കുന്നതായിരുന്നില്ല പണപ്പയറ്റ്. നാടും നാട്ടുകാരുമെല്ലാമായി ജാതിയ്ക്കും മതത്തിനും അപ്പുറത്തുള്ള ബന്ധത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഇത്. കേരളത്തിന്റെ വടക്കന്‍ മേഖലയിലാണ് പണപ്പയറ്റ് സാധാരണയായി നടത്തിവന്നിരുന്നത്. ചിലയിടങ്ങളില്‍ തേയില സത്ക്കാരം എന്നും ടീപാര്‍ട്ടി എന്നും അറിയപ്പെട്ടു. ജനുവരി മുതല്‍ മെയ് അവസാനം വരെയായിരുന്നു പണപ്പയറ്റ് നടത്തിവന്നിരുന്നത്. പലിശ മുക്ത ധനസമാഹരണ മാര്‍ഗം അതാണ് പണപ്പയറ്റെന്ന് പറയാം. ഒരു വ്യക്തിയ്ക്ക് മകളുടെ വിവാഹ ആവശ്യത്തിനോ വീട് പണിയാനോ വലിയൊരു തുക ആവശ്യമായി വരുന്നു. അപ്പോഴാണ് അയാള്‍ പയറ്റ് നിശ്ചയിക്കുക,. തുടര്‍ന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പയറ്റിന്റെ കത്ത് നല്‍കും. പയറ്റിനെത്തുന്നവര്‍ക്ക് ചായയും ചെറിയ വിഭവങ്ങളുമുണ്ടാകും. പിരിഞ്ഞുപോകുന്നതിന് മുമ്പ് അതിഥികള്‍ പ്രത്യേകം തയ്യാറാക്കിയ ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്ന ആള്‍ വശം അവര്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സംഖ്യ ഏല്‍പ്പിക്കുകയും പയറ്റ് പുസ്തകത്തില്‍ അത് രേഖപ്പെടുത്തി എന്ന് ഉറപ്പാക്കുകയും ചെയ്യും. പിന്നീട് ഇവര്‍ നടത്തുന്ന പയറ്റ് ദിവസം ഇതേ രീതിയില്‍ ഈ പണം തിരിച്ചുവാങ്ങുകയും ചെയ്യും. ഇതിനെയാണ് പണപ്പയറ്റ് എന്ന് വിളിക്കുന്നത്.
ഏകദേശം 15 കിലോമീറ്റര്‍ ചുറ്റളവു വരെ പയറ്റു ബന്ധം നിലനിന്നിരുന്നു. വൈകുന്നേരം മൂന്നു മണി മുതല്‍ ആരംഭിക്കുന്ന പയറ്റ് രാത്രി ഒന്‍പത് മണിവരെ നീണ്ടുനില്‍ക്കും. പലിശയില്ലാതെ ഒരു പരസ്പര സഹായമായിരുന്നു പണപ്പയറ്റ്. എന്നാല്‍ ബാങ്കുകള്‍ വ്യാപകമാവുകയും പണം പലിശയ്ക്ക് കൊടുക്കുന്ന സംഘങ്ങള്‍ സജീവമാകുകയും ചെയ്തതോടെ പണപ്പയറ്റിന്റെ പ്രഭയ്ക്കും ഇടിവ് തട്ടി. പണം ആവശ്യത്തിന് കിട്ടുമെങ്കിലും പയറ്റുകാലത്തുണ്ടായിരുന്ന മനുഷ്യബന്ധങ്ങള്‍ക്ക് ഇതോടെ ഇടിവ് തട്ടിത്തുടങ്ങിയെന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ന് അത്യാവശ്യത്തിന് പണം കിട്ടണമെങ്കില്‍ പലിശയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. ബ്ലേഡ് മാഫിയകളാവട്ടെ സമൂഹത്തില്‍ പിടിമുറുക്കാനും തുടങ്ങിക്കഴിഞ്ഞു.
ജില്ലയില്‍ വടകര, നാദാപുരം, പേരാമ്പ്ര ഭാഗങ്ങളിലാണ് ഇന്ന് പണപ്പയറ്റ് നടക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലും പഴയപോലെ സജീവമായി ഇത് നടക്കുന്നില്ല. പലരും പണപ്പയറ്റ് ഉപേക്ഷിക്കുകയാണ്. ഒരുകാലത്ത് സമൂഹത്തെ മുന്നോട്ട് നയിച്ച പണപ്പയറ്റാണ് ഇതോടെ ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്നത്.

Related News