ജോങിന്‍റെ സന്ദര്‍ശനത്തിന് ദക്ഷിണകൊറിയ ചെലവഴിച്ചത് ഒന്നരകോടി

Web Desk
Posted on February 22, 2018, 10:49 pm
ഉത്തരകൊറിയന്‍ പ്രതിനിധി സംഘം ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ

സിയോള്‍: കൊറിയന്‍ രാജ്യങ്ങള്‍ ശാന്തമാകുന്നതിന്‍റെ ഭാഗമായി ശൈത്യകാല ഒളിമ്പിക്‌സ് സംഘത്തിനൊപ്പം ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഇളയ സഹോദരി കിം യോ ജോങിനേയും സംഘത്തേയും സ്വീകരിക്കാന്‍ ദക്ഷിണകൊറിയ ചെലവഴിച്ചത് ഒന്നരകോടി രൂപ.

ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമായ കിം യോ ജോങ് സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്. 1950–53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഉത്തരകൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഭരണ കുടുംബാംഗമാണ് കിം യോ ജോങ്.

ജോങും സംഘവും മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് നടത്തിയത്. പ്രതിനിധി സംഘത്തിലെ നാല് പ്രമുഖ അതിഥികളുടെയും അവരുടെ 18 ഉദ്യോഗസ്ഥരുടെയും താമസ സൗകര്യത്തിനും ഗതാഗതത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് കൂടുതല്‍ തുകയും ചെലവഴിച്ചിരിക്കുന്നത്.
ഉത്തരകൊറിയന്‍ സംഘം കിഴക്കന്‍ സിയോളില്‍ നദി തീരത്തോട് ചേര്‍ന്നുള്ള പഞ്ചനക്ഷത്ര ഹോട്ടലായ വാക്കര്‍ഹിലിലാണ് താമസിച്ചത്. മികച്ച നിലവാരത്തിലുള്ള ഭക്ഷണങ്ങളാണ് ഇവര്‍ക്കായി ദക്ഷിണ കൊറിയ ഒരുക്കിയത്. ഉത്തരകൊറിയന്‍ സംഘത്തിന്റെ താമസത്തിനായി 130 ദശലക്ഷവും യാത്രാ ഗതാഗതത്തിനും ഭക്ഷണത്തിനുമായി 50 ദശലക്ഷം ഡോളറുമാണ് ചെലവാക്കിയത്.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഉത്തരകൊറിയന്‍ താരങ്ങള്‍ക്ക് പരിശീലനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 50,000 ഡോളര്‍ അനുവദിച്ചിരുന്നു. കൂടാതെ ഉത്തരകൊറിയന്‍ സംഘത്തിനൊപ്പം എത്തിയ ഓര്‍ക്കസ്ട്ര ഗ്രുപ്പുകള്‍ക്കും , ചിയര്‍ലീഡേഴ്‌സുകള്‍ക്കുമായും മൂണ്‍ ജെഇന്നിന്റെ ഭരണകുടം വലിയ സ്വീകരണമാണ് നല്‍കിയത്.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സംഘത്തിന് ഒരു തരത്തിലും അതൃപ്തി ഉണ്ടാകരുതെന്നും അതിനാല്‍ അവര്‍ക്ക് നല്‍കുന്ന സ്വീകരണം മികച്ചതായിരിക്കണമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ സന്ദര്‍ശനവും തുടര്‍ന്നുള്ള ചര്‍ച്ചകളും പരിഹാരമായി മാറുമെങ്കില്‍ ഇപ്പോള്‍ ചിലവാക്കിയ തുക ഒരിക്കലും നഷ്ടമായി കണക്കാക്കേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.