Web Desk

മുംബൈ

October 25, 2020, 10:15 pm

കോവിഡ് കേന്ദ്രങ്ങളാക്കിയ കോച്ചുകളിൽ ചികിത്സ നൽകിയത് ആയിരത്തിൽ താഴെ രോഗികള്‍ക്ക്

Janayugom Online

കോവിഡ് കെയർ സെന്ററുകളുടെ നിലവാരത്തിലുള്ള ഐസൊലേഷൻ യൂണിറ്റുകളാക്കി മാറ്റിയ 900ത്തോളം നോൺ എസി സ്ലീപ്പർ കോച്ചുകളിൽ മഹാരാഷ്ട്രയിൽ ഇതുവരെ ഒരു കോവിഡ് രോഗിയെ പോലും പ്രവേശിപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ റിപ്പോർട്ട്. ഏകദേശം ആറ് കോടി രൂപ ചെലവഴിച്ചാണ് വെസ്റ്റേൺ റയിൽവേയും സെൻട്രൽ റയിൽവേയും ഈ കോച്ചുകളെ ഐസൊലേഷൻ യൂണിറ്റുകളാക്കി മാറ്റിയത്.

മാർച്ചിൽ റയിൽവേ ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച് സെൻട്രൽ റയിൽവേ 3.8 കോടി രൂപ മുടക്കി 482 കോവിഡ് കെയർ കോച്ചുകളും പശ്ചിമ റയിൽവേ രണ്ട് കോടി രൂപയ്ക്ക് 410 കോച്ചുകളും സംസ്ഥാനത്താകെ സ്ഥാപിച്ചത്. ഒരു കോച്ച് കോവിഡ് കെയർ യൂണിറ്റായി സജ്ജമാക്കുന്നതിനുള്ള ശരാശരി ചെലവ് ഏകദേശം 85,000 രൂപയാണെന്നാണ് താനെ നിവാസിയായ രവീന്ദ്ര ഭഗവത് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സെൻട്രൽ റയിൽവേയും പശ്ചിമ റയിൽവേയും നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. റയിൽവേ സേവനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞാൽ ഈ കോച്ചുകളെ തിരികെമാറ്റുന്നതിന് അധിക ചെലവുകളും ഉണ്ടാകും.

വിവിധ സംസ്ഥാനങ്ങളിലായി 80,000 കിടക്കകളുള്ള 5,000 കോവിഡ് കെയർ കോച്ചുകൾ ഇന്ത്യന്‍ റയിൽവേ സജ്ജക്കിയിട്ടുണ്ട്. എന്നാൽ ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ സർക്കാരുകൾ മാത്രമാണ് നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ ഇതുവരെ 933 രോഗികളെ മാത്രമാണ് കോവിഡ് കെയർ കോച്ചുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം ഫണ്ട്​ പാഴായെന്ന്​ പറയാൻ കഴിയില്ലെന്നും അടിയന്തര സാഹചര്യം നേരിടുന്നതിനാണ്​ ഇത്തരം സംവിധാനങ്ങൾ തയ്യാറാക്കിയതെന്നും ഇന്ത്യൻ റയിൽവേ വ്യക്തമാക്കി.

Eng­lish sum­ma­ry: Not a sin­gle patient admit­ted in Covid care coach­es in Maharashtra
You may also like this video: