എടപ്പാളിൽ പ്രവാസിയെ വീട്ടില്‍ കയറ്റിയില്ലെന്ന വാർത്തയുടെ യാഥാർത്ഥ്യം ഇതാണ് !

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 2:10 pm

ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ വീട്ടിൽ കയറ്റാൻ അനുവദിച്ചില്ലെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ പ്രധാന വാർത്തകളിൽ ഒന്നാണ്. ഈ വാർത്തയെ തുടർന്ന് കോവിഡ് കാലത്ത് പ്രവാസി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ പറ്റിയും കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണനയെ പറ്റിയും ആളുകൾ സോഷ്യൽ മീഡിയവഴി ചർച്ചചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം എടപ്പാളിൽ എത്തിയ പ്രവാസിയെ വീട്ടുകാർ വീട്ടിൽ കയറ്റിയില്ലെന്നും കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നതുമായ വാർത്തക്ക് പിന്നിലെ സത്യാവസ്ഥ തുറന്നു കാട്ടുകയാണ് എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ്.

പ്രവാസി വരുന്ന കാര്യം കുടുംബത്തെ അറിയിച്ചിരുന്നുവെന്നു പറയുന്നതിൽ തെറ്റുണ്ടെന്നും പഞ്ചായത്തിനു പോലും ഇയാൾ വരുന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നുമാണ് ബിജോയ് പറയുന്നത്. പാലക്കാട് കുമാരപുരം പ്രദേശത്താണ് ഇദ്ദേഹത്തിന്റെ ഭാര്യവീട്. കുറച്ചു കാലങ്ങളായി ഇദ്ദേഹം അവിടെയാണ് താമസം. തറവാട് ഭാഗം വയ്ക്കലുമായി സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തിൽ തർക്കം നിലനിന്നിരുന്നു. ഭൂസ്വത്തിന്റെ വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കാരണമെന്നു പറയുന്നു. ഇപ്പോൾ തറവാട് വീട് നിന്നിരുന്നിടത്ത് ഒരു മുറിയും അതിനോട് ചേർന്ന് ഒരു ബാത്ത് റൂമും മാത്രമാണുള്ളത്. ഇവിടെ ഇദ്ദേഹത്തിന്റെ അനിയനാണ് താമസിക്കുന്നത്. ഇയാൾ അവിവാഹിതനായതുകൊണ്ട് ഒറ്റയ്ക്കാണ് താമസം.

പ്രവാസി നാട്ടിലേക്ക് മടങ്ങുന്ന കാര്യമോ ഇങ്ങോട്ട് വരുന്ന കാര്യമോ അനിയനോ മറ്റു ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. ഭാര്യ വീടിരിക്കുന്ന പഞ്ചായത്തിലാണ് ഇയാൾ രജിസ്റ്റർ ചെയ്തിരുന്നതും, എടപ്പാൾ പഞ്ചായത്തിലല്ല. പക്ഷേ, ഇയാൾ നേരെ വരുന്നത് എടപ്പാൾ പഞ്ചായത്തിലുള്ള തറവാട്ട് വീട്ടിലേക്കാണ്. അറിയിക്കാതെ വന്നതാണ് പ്രശ്നമായത്. സാധാരണ വരുമ്പോൾ ഭാര്യ വീട്ടിലേക്ക് പോകുന്നയാൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങോട്ട് വന്നതാണ് സഹോദരനെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് തർക്കങ്ങളുണ്ടായത്.

വിവരം അറിഞ്ഞയുടനെ വാർഡ് മെമ്പറും ഞാനും സംഭവസ്ഥലത്തെത്തുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവാസിയെ ഉടൻ തന്നെ പഞ്ചായത്തിലുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രവാസി ചോദിച്ചിട്ടും വെള്ളമോ ഭക്ഷണമോ നൽകിയില്ലെന്നു പറയുന്നതും തെറ്റാണ്. അത്തരം പ്രശ്നങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിട്ടില്ലെന്ന് എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പി പി വ്യക്തമാക്കി.

you may also like this video