ബേഠി ബചാവോ, ബേഠി പഠാവോ പ്രഹസനം, പെണ്‍കുട്ടികളുണ്ടാകാത്ത ഗ്രാമങ്ങള്‍ പെരുകുന്നു

Web Desk
Posted on July 22, 2019, 2:17 pm

ഉത്തരകാശി ; പെണ്‍കുട്ടിയെ രക്ഷിക്കൂ പെണ്‍കുട്ടിയെ പഠിപ്പിക്കൂ എന്ന കേന്ദ്ര മുദ്രാവാക്യത്തിന്റെ ആത്മാര്‍ഥതചോദ്യം ചെയ്യപ്പെടുന്നു. പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ വന്‍പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതായ പ്രചരണം പ്രഹസനമാണെന്ന കണക്കുമായി ഉത്തരേന്ത്യന്‍ ജില്ല. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസമായി ഒറ്റ പെണ്‍കുട്ടിയും ജനിച്ചിട്ടില്ലെന്ന് നടുക്കുന്ന റിപ്പോര്‍ട്ട്.


ഔദ്യോഗിക കണക്കുപ്രകാരം ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളിലായി മൂന്നുമാസത്തിനിടെ 216 കുട്ടികള്‍ ജനിച്ചതില്‍ ഒന്നുപോലും പെണ്‍കുട്ടിയില്ല. ജില്ലാഭരണകൂടത്തെ ഉത്തരംമുട്ടിച്ച റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ജനനം നടക്കാത്തിടങ്ങളും ജനനം ഒറ്റസംഖ്യയിലേക്കു ചുരുങ്ങിയതുമായ ഗ്രാമങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.ആശിഷ് ചൗഹാന്‍ പറഞ്ഞു.അനുപാത വ്യതിയാനം കണ്ടെത്താന്‍ പഠനം നടക്കുന്നുണ്ട്. അതിനുപിന്നിടെ പ്രശ്‌നം കണ്ടെത്തുകതന്നെചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ അടിയന്തര യോഗവും കലക്ടര്‍ വിളിച്ചു ചേര്‍ത്തു.അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. പെണ്‍കുട്ടികള്‍ ജനിക്കാത്തതിന് കാരണം പെണ്‍ ഭ്രൂണഹത്യയാണെന്ന് വ്യക്തമാണെന്ന് പൊതു പ്രവര്‍ത്തക കല്‍പനാ താക്കൂര്‍ ആരോപിച്ചു. ഒറ്റപെണ്‍കുട്ടിയും മൂന്നുമാസത്തിനിടെ ജനിച്ചിട്ടില്ല എന്നത് വെറും യാദൃശ്ചികത അല്ല. ജില്ലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയവും പെണ്‍ഭ്രൂണഹത്യയും നടക്കുന്നുണ്ട്,. ജില്ലാ ഭരണ കൂടവും സര്‍ക്കാരും ഒന്നും ഇക്കാര്യത്തില്‍ ചെയ്യുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.


സര്‍ക്കാര്‍ കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശിവസിംങ് തന്‍വാല്‍ പറഞ്ഞു. ജില്ലയിലെ ലിംഗനിര്‍ണയ പട്ടിക ഞെട്ടിക്കുന്നതാണ്. നിയമവിരുദ്ധമായ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുകയും പെണ്‍കുട്ടികളെ രക്ഷിക്കൂ അവരെ പഠിപ്പിക്കൂ എന്ന പ്രചരണത്തിന് അര്‍ഥമില്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.