Web Desk

December 16, 2019, 6:13 pm

ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ് ഉടമകളും, വ്യാപാരികളും; മുന്നറിയിപ്പുമായി പൊലീസും

Janayugom Online

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല. രണ്ടാംപാദ വാർഷിക പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നാളത്തെ ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതി അറിയിച്ചു. യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പൊലീസും രംഗത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ കരുതൽ തടങ്കലിൽ ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ ദിവസം പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചാൽ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ ഉപയോഗിക്കരുത് എന്നും പൊലീസ് നിർദേശിച്ചു.

കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിൽ സർവീസുകൾ മുടക്കില്ലെന്ന് ബസ് ഉടമകൾ. ബസ് സർവീസുകൾ നിർത്തിവെക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.ഹർത്താലിന്റെ പേരിൽ സർവീസുകൾ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ ബസുകൾക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നോട്ടീസ് നൽകാതെയുള്ള ഹർത്താലുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. പരീക്ഷകൾ നടക്കുന്ന സമയത്ത് ഇത്തരത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് വിദ്യാർഥികളെയടക്കം ബാധിക്കും. സാധാരണക്കാരായ ജനങ്ങളാണ് ബസ് സർവീസുകളെ ആശ്രയിക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും സമരക്കാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന് അസോസിയേഷൻ നേതാക്കൾ അഭ്യർഥിച്ചു. വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

you may also like this video