ആവശ്യമായ സുരക്ഷയില്ല; ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

ബേബി ആലുവ
Posted on October 06, 2019, 10:39 pm

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുമ്പോഴും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഈ അലംഭാവത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന പൊലീസ് അധികാരികളില്‍ ഒരാള്‍ തന്നെ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗ് വ്യാപകമായ കേരളത്തില്‍, തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തിലും കുറ്റമറ്റ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ എന്തുകൊണ്ട് മടിക്കുന്നു എന്ന ചോദ്യമാണ് പൊതുവെ ഉയരുന്നത്.

തട്ടിപ്പുകള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ പോലും ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നായിരുന്നു എഡിജിപി മനോജ് ഏബ്രഹാം അടുത്തിടെ വെളിപ്പെടുത്തിയത്. പല ഇടപാടുകാരുടെയും അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണ്ണമായി ‘ഡാര്‍ക്ക് വെബി‘ല്‍ ലഭ്യമാണെന്നും ബാങ്കുകളുടെ സെര്‍വറില്‍ നിന്ന് ഇത്രയധികം വിവരങ്ങള്‍ ചോരുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഏജന്‍സികളാണ്. അവരിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ചോരാന്‍ സാദ്ധ്യതയേറെയാണെന്നാണ് ഈ രംഗത്തെ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

ബാങ്കുകളുമായി ബന്ധപ്പെട്ടു നടക്കുന്ന മൊത്തം തട്ടിപ്പുകളില്‍ ക്രെഡിറ്റ്കാര്‍ഡ്/ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. നിക്ഷേപങ്ങളിലെ ക്രമക്കേടുകള്‍ വഴി പണം തട്ടുന്ന രീതി മൂന്നാം സ്ഥാനത്തുമുണ്ട്. എന്നാല്‍, ഈ രണ്ടു വിഭാഗങ്ങളിലും കൂടി നടക്കുന്ന തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പിന്റെ നേരിയ ശതമാനമേ വരൂ എന്ന ആശ്വാസത്തിലാണ് ബാങ്കുകള്‍. പണം നഷ്ടപ്പെട്ടതായ പരാതികള്‍ പൊലീസിലെത്തിയാല്‍, പണം നഷ്ടപ്പെട്ട ഇടപാടുകാരന് അവ തിരിച്ചു കൊടുക്കാനാവും പലപ്പോഴും പൊലീസിന്റെ നിര്‍ദ്ദേശം. ഇക്കാരണത്താലാണ് പരാതിയുമായി ബാങ്കുകള്‍ പൊലീസിനെ സമീപിക്കാത്തതെന്നാണ് വിവരം.

സൈബര്‍ തട്ടിപ്പിലൂടെ അടുത്തിടെ കൊച്ചി സര്‍വകലാശാലയുടെ മുന്‍ വി സി ഡോ. ജെ ലതയുടെ കുസാറ്റ് എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 1. 92 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ 13ന് ഡോ. ലതയുടെ ഫോണില്‍ വിളിച്ച്, അവരുടെ എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് നിര്‍ജീവമാക്കിയിട്ടുണ്ടെന്നും പുതിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് സജീവമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറില്‍ അയച്ച ആക്ടിവേഷന്‍ കോഡ് ആവശ്യമാണെന്നും അറിയിച്ചതോടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

റിസര്‍വ് ബാങ്കില്‍ നിന്നെന്ന വ്യാജേനയായിരുന്നു അജ്ഞാതന്റെ ഫോണ്‍ വിളി. കോഡ് സമ്പാദിച്ച ശേഷം ഡോ. ലതയുടെ അക്കൗണ്ടില്‍ നിന്നു എസ് ബി ഐ യുടെ മൊബൈല്‍ ബാങ്കിങ് ആപ് വഴി രണ്ടു പ്രാവശ്യമായി 1. 92 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട വ്യക്തി സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനക്കാരിയായതിനാല്‍ കാര്യങ്ങള്‍ക്ക് പെട്ടെന്ന് തീര്‍ച്ചയും മൂര്‍ച്ചയുമുണ്ടായി. പോലീസിന്റെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ ശ്രമങ്ങളിലൂടെയും ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ടപ്പെട്ട തുക തിരികെക്കിട്ടി.

ഒരു വര്‍ഷത്തോളം ഉപയോഗിച്ച ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷവും ഇടപാടുകാരന്റെ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പണം കവര്‍ന്നത് തൊട്ടടുത്ത ദിവസമാണ്. 7000 രൂപ നഷ്ടമായത് അങ്കമാലി സ്വദേശിക്ക്. ഇടപാടുകാരന്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട വിവരം കൃത്യമായി മനസിലാക്കി, ഒരു യുവതി ഫോണില്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്നറിയിച്ച്, 7000 രൂപയുടെ ക്രെഡിറ്റ് പോയിന്റ് തുക നഷടമാകാതിരിക്കാന്‍ ഇത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിനായി ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു.

പിന്നാലെ ആക്കൗണ്ടിലുണ്ടായിരുന്ന പണവും പോയി. താന്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടതും ക്രെഡിറ്റ് പോയന്റ് തുകയും എങ്ങനെ തട്ടിപ്പുകാര്‍ മനസിലാക്കിയെന്ന അന്ധാളിപ്പിലാണ് ഇടപാടുകാരന്‍. പല ബാങ്കുകളുടെയും ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ പുറത്തു നിന്നുള്ള സ്വകാര്യ കരാര്‍ ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മുഖ്യ കാരണമെന്ന് ബാങ്ക് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്ന സംവിധാനം ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആര്‍ക്കും ഏത് അക്കൗണ്ടിലേക്കും ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം. അക്കൗണ്ടില്‍ പണം എത്തിയ ശേഷം മാത്രമാണ് ഉടമയ്ക്കു സന്ദേശം ലഭിക്കുക. ഇതിലെ പഴുതുകള്‍ തട്ടിപ്പ് സംഘങ്ങള്‍ മുതലാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, പണം കൈമാറ്റം ചെയ്യുന്നത് ഏത് അക്കൗണ്ടിലേക്കാണോ ആ അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രം അത് സാദ്ധ്യമാക്കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രാലയമാണ് ഈ നിര്‍ദ്ദേശം ആര്‍ബിഐ യെ അറിയിച്ചത്.

എടിഎം ഇടപാട് നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നു പണം പോവുകയും എന്നാല്‍, മെഷീനില്‍ നിന്ന് ഉടമയ്ക്ക് പണം കിട്ടാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇടപാടുകാരന്റെ പരാതിക്കു കാത്തു നില്‍ക്കാതെ ബന്ധപ്പെട്ട ബാങ്ക് പണം തിരികെ നല്‍കണമെന്ന നിര്‍ദ്ദേശവും ആര്‍ബിഐ യുടേതായി വന്നിട്ടുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും എടിഎം വഴി ഇടപാടുകാരന്‍ അറിയാതെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തിനോ ആര്‍ബിഐ ക്കോ ബാങ്കുകള്‍ക്കോ യാതൊരു ഉത്കണ്ഠയുമില്ല.