കണ്ണൂർ: പല കാരണങ്ങളാലും പഠനത്തിൽ പിന്നോട്ടായവരെ മണ്ടൻമാരെന്ന് മുദ്രകുത്തി പിന്തള്ളുന്നതൊക്കെ ഇനി പഴങ്കഥ. സർക്കാർ സ്കൂളുകളിൽ ഇനി അത്തരമൊരു കാഴ്ച കാണാൻ പ്രയാസമാണ്. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയും കരുതലും അവർക്കുണ്ട്. ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളാവും പല കുട്ടികളെയും പഠനത്തിൽ മുൻപന്തിയിലെത്തിക്കുന്നതിൽ നിന്നും വലിക്കുന്നത്. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താൽ പഠനപ്രശ്നങ്ങൾ പലതും പരിഹരിക്കുവാൻ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങൾ മൂന്നോ നാലോ ക്ലാസുകളിൽ എത്തുമ്പോഴാണ് പലപ്പോഴും കാണുവാന്‍ സാധിക്കുക. ഇവിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ വരവ് ഗുണം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017–18 മുതല്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ ശ്രദ്ധ പദ്ധതിയിലൂടെ സര്‍ക്കാര്‍ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് 3,10,000 വിദ്യാര്‍ത്ഥികളെയാണ്.
വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് പഠനപ്രയാസം നേരിടുന്ന കുട്ടികളെ മുന്പന്തിയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. 2017–18 അധ്യയന വര്‍ഷത്തില്‍ 3,5,8 ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നത്. 2018–19 വര്‍ഷം മുതല്‍ 3 മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. 2017–18ല്‍ 3, 5, 8 എന്നീ ക്ലാസുകളില്‍ പഠിക്കുന്ന 4695 സര്‍ക്കാര്‍ സ്കൂുകളിലെ 1,20,000 കുട്ടികള്‍ക്കും 2018–19 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 4659 സര്‍ക്കാര്‍ സ്കൂളുകളിലായി ഏകദേശം 1,90,000 കുട്ടികള്‍ക്കും ശ്രദ്ധ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. പാദവാര്‍ഷിക പരീക്ഷകളില്‍ സി , ഡി ഗ്രേഡുകള്‍ ലഭിച്ചിരുന്ന കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷയില്‍ ശ്രദ്ധ പദ്ധതിയുടെ പ്രവര്‍ത്തനമികവ് കൊണ്ട് എ , ബി ഗ്രേഡുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2019–20 വര്‍ഷം സംസ്ഥാനത്തെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരിധിയില്‍ നിന്നും പത്ത് വീതം എല്‍ പി/യു പി /ഹൈസ്കൂളുകള്‍ തെരഞ്ഞെടുത്ത് ആകെ 3670 സര്‍ക്കാര്‍ സ്കൂളുകളില്‍ ശ്രദ്ധ നടപ്പിലാക്കുവാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്‍ പി/യു പി /ഹൈസ്കൂളുകള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം മൊഡ്യുളുകള്‍ തയ്യാറാക്കിയാണ് പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക ഇവാലുവേഷന്‍ ടൂളും നിര്‍മ്മിച്ചാണ് പഠന പുരോഗതി വിലയിരുത്തുന്നത്. പ്രീ ടെസ്റ്റ്, പോസ്റ്റ് ടെസ്റ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഓരോ ഉപജില്ലയിലെയും വിദ്യാഭ്യാസ ജില്ലയിലെയും റിസള്‍ട്ട് കുറഞ്ഞ പത്ത് സ്കൂളുകള്‍ വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോ ജില്ലാ വിദ്യാഭ്യാസ ഓഫീസറോ കണ്ടെത്തുകയും ലിസ്റ്റ് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് ശ്രദ്ധ പദ്ധതി സ്കൂളുകളില്‍ നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.