June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിഷമല്ല; ഉറപ്പാക്കേണ്ടത് സംരക്ഷണം

By Janayugom Webdesk
June 13, 2021

രാജ്യദ്രോഹക്കുറ്റം, ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം ജീവപര്യന്തം തടവ് അർഹിക്കുന്നു. നിയമം വിഭാവനം ചെയ്യുന്ന ക്രൂരമായ ശിക്ഷാനടപടികൾ അധികാരത്തിന്റെയല്ല അരക്ഷിതാവസ്ഥയുടെ സൂചനകളാണ്. ദേശാഭിമാനത്തിന്റെ തീക്ഷ്ണവികാരങ്ങളെ നേരിടാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം 1870ൽ നടപ്പാക്കിയ ഈ കരിനിയമം പിന്നീട് ബ്രിട്ടൻ തന്നെ ചവറ്റുകുട്ടയിലെറിഞ്ഞു. എന്നാൽ പരമോന്നത ജനാധിപത്യ റിപ്പബ്ലിക് എന്ന് ആവർത്തിക്കുമ്പോഴും ഭാരതം ഈ കിരാത നിയമവുമായി മുന്നോട്ടുപോകുന്നു. കേന്ദ്ര സർക്കാർ നയങ്ങളിലെ കാപട്യം തുറന്നുകാട്ടുമ്പോൾ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും പതിവായിരിക്കുന്നു. രാജ്യത്തെ നദികളിലൂടെ മൃതശരീരങ്ങൾ ഒഴുകിനടക്കുന്നത് വിവരിക്കുമ്പോൾ, പാലങ്ങളിൽ നിന്ന് പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ നദികളിലേയ്ക്ക് വലിച്ചെറിയുന്നതിന്റെ ഒരു ചിത്രം പ്രസിദ്ധീകരിക്കുമ്പോൾ, കോവിഡ് മഹാമാരി നേരിടുന്നതിൽ ഭരണകൂടം ആവർത്തിക്കുന്ന വീഴ്ച ചൂണ്ടിക്കാട്ടിയാൽ രാജ്യദ്രോഹക്കുറ്റം ചാർത്തുകയായി. ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പുനഃനിർവചനത്തെക്കുറിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് മെയ് 31ന് ചൂണ്ടിക്കാട്ടിയത്. പോയൊരു ദശാബ്ദക്കാലത്ത് രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കേസുകളിലെ അനിയന്ത്രിതമായ വർധനവ് വ്യക്തമാണ്. പ്രത്യേകിച്ചും 2014 മുതൽ. ഇത്തരം കേസുകളിലെ സമീപകാല കുത്തൊഴുക്ക് എൻഡിഎ സർക്കാർ എത്രത്തോളം നിരാശരാണെന്നും ബോധ്യപ്പെടുത്തുന്നു. കാര്യങ്ങളിൽ പ്രകോപിതരെന്ന് ബോധ്യപ്പെടുത്തിയ സുപ്രീം കോടതി, മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നും വിധിച്ചു. കോവിഡ് മഹാമാരി നേരിടുന്നതിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതായിരുന്നു വിനോദ് ദുവ ചെയ്ത രാജ്യദ്രോഹം. 1962ലെ കേദാർനാഥ് സിംഗ് കേസ് വിധിയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകരിൽ ഇന്ത്യൻ ശിക്ഷാ നിയമം 124എ (രാജ്യദ്രോഹം) ചുമത്തുന്നതിന്റെ പരിമിതിയും അവർക്കുള്ള സംരക്ഷണവും കോടതി വിധിയിൽ വിശദീകരിച്ചു. കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നൽകിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ തുടങ്ങയവർക്ക് കോടതി വിധി ആശ്വാസമായി. എന്നാൽ ഇതിന് ഭരണകൂടം സ്വീകരിക്കുന്ന മലക്കംമറിച്ചിൽ എന്തെന്ന് ഇനിയും ആർക്കും ഉറപ്പുമില്ല. ഇതേ ഗണത്തിൽ പെടുന്ന മറ്റുള്ളവരിൽ കോടതിവിധി എത്രത്തോളം ഗുണകരമാകുമെന്നതിലും വ്യക്തതയില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പതിവാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭം ഇതിനുദാഹരണമാണ്. രാജ്യത്ത് ചുമത്തുന്ന 25 രാജ്യദ്രോഹക്കുറ്റങ്ങളിൽ 22ഉം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇരകളിൽ കൂടുതലും മാധ്യമപ്രവർത്തകരും. കണക്കുകൾ അനുസരിച്ച് ബിഹാർ, ഝാർഖണ്ഡ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യദ്രോഹ കേസുകളുടെ തീവ്രബാധിതയിടങ്ങൾ. രാജ്യദ്രോഹ നിയമത്തിൻ പരിധിയിൽ 534 കേസുകൾ ചുമത്തിയതിൽ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

മാധ്യമപ്രവർത്തകരിൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കുമ്പോൾ രാജ്യം കടന്നു പോകുന്ന അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും വിളിച്ചുപറയുന്നുമുണ്ട്. വിപത്തിന്റെ ഈ ചിഹ്നങ്ങളാണ് രാജ്യം കൂടുതലായി ദുർബലപ്പെട്ടു എന്ന നിരീക്ഷണത്തിലേയ്ക്ക് പരമോന്നത കോടതിയെ എത്തിച്ചത്. സംവിധാനത്തിന്റെ തളർച്ച വളരുകയാണ്. വാക്സിൻ നയങ്ങളിലുൾപ്പെടെ തുടരുന്ന ഭരണസംവിധാനങ്ങളുടെ തളർച്ച ചൂണ്ടിക്കാട്ടുന്നവരും അതേക്കുറിച്ച് ചിന്തിക്കുന്നവരും രാജ്യദ്രോഹികളാകന്നു. സുപ്രീം കോടതിക്ക് ഇങ്ങനെയും പരിഹസിക്കേണ്ടി വന്നു. ഡൽഹി ഹൈക്കോടതിയാകട്ടെ വാക്സിൻ സാധാരണക്കാരന് ഉറപ്പാക്കാത്ത, വാക്സിൻ ഉല്പാദനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു വരെ പറഞ്ഞുവച്ചു.

മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം സത്യം അതിന്റെ ഉണ്മയിൽ പ്രതിഫലിപ്പിക്കുന്നത് ഏവരെയും പ്രീതിപ്പെടുത്തില്ല. ഭരണസംവിധാനം മൂടി വയ്ക്കാൻ ആഗ്രഹിക്കുന്നതാണല്ലോ ഇവർ വെളിപ്പെടുത്തുന്നത്. ഇത് ഭരണകൂട ശത്രുതയ്ക്ക് വഴിയൊരുക്കുന്നു. രാജ്യദ്രോഹം ചുമത്തുന്ന കേസുകളുടെ പശ്ചാത്തലവും സമാനമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ പോരാടിയവർക്ക് പൗരത്വം നിഷേധിച്ചതിനൊപ്പം അവരെ കുടുംബത്തിൽ നിന്നും വേർപിരിച്ചു. തൊഴിൽ സാധ്യതകളും അന്യമാക്കി. ആറുമാസങ്ങളായി രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ ധർണ തുടരുകയാണ് കർഷകർ. അവരുടെ ന്യായമായ ആവശ്യങ്ങളോട് മുഖംതിരിഞ്ഞിരിക്കുന്ന ഭരണകൂടം. ഇതെല്ലാം മഞ്ഞുമലയുടെ അഗ്രം മാത്രം. തുടരുന്നതും കാലങ്ങളായി ആവർത്തിക്കുന്നതുമാണിത്. ചരിത്രത്തിൽ നിർഭയമായി സത്യം വിളിച്ചുപറഞ്ഞ മാധ്യമ പ്രവർത്തകർ അനേകരാണ്. മാധ്യമ പ്രവർത്തനം അവർക്ക് തൊഴിലായിരുന്നില്ല സത്യാന്വേഷണമായിരുന്നു. ഒട്ടേറെ തവണ രാജ്യദ്രോഹിയായി കുറ്റം ചുമത്തപ്പെട്ട ബാല ഗംഗാധര തിലകൻ ഉൾപ്പെടെയുള്ളവർ. കേസരിയിലും മറാത്തയിലും അദ്ദേഹം എഴുതിയ ലേഖനങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയെ ചൊടിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തതിന് മഹാത്മാ ഗാന്ധിയും രാജ്യദ്രോഹിയായി. പത്രപ്രവർത്തന ചരിത്രത്തിലെ കെടാത്ത ജ്വാലകളാണിവയെല്ലാം. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ആരംഭത്തിനും അവസാനത്തിനും സാക്ഷികളാണ് മാധ്യമ പ്രവർത്തകർ. നിലയ്ക്കാത്ത പ്രതിസന്ധികളുടേതും. സോക്രട്ടീസിന്റെ വാക്കുകളെ ഓർമ്മിക്കാം, സമൂഹത്തിലെ വിമർശകർക്ക് വിഷമല്ല, സംരക്ഷണമാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.