കലാലയങ്ങള്‍ തകര്‍ക്കപ്പെടരുത്

Web Desk
Posted on July 16, 2019, 12:41 pm

കെ ദിലീപ്

മ്മള്‍ നമ്മുടെ രാജ്യത്തിന്റെ, അല്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഏതൊരു രാജ്യത്തിന്റെയും ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അവിടെയെല്ലാം തന്നെ ശാസ്ത്ര, സാഹിത്യ, ചരിത്ര മേഖലകളിലെല്ലാം സ്വതന്ത്ര ചിന്തയുടെയും അറിവിന്റെയും ഔന്നത്യങ്ങള്‍ കീഴടക്കുന്ന കലാലയങ്ങളും സര്‍വകലാശാലകളുമുണ്ട്. പ്രാചീന ഭാരതത്തിലെ നളന്ദയും തക്ഷശിലയും യവന കാലത്തെ അലക്‌സാന്ധ്രിയയും ഇന്ന് നമ്മുടെ മുന്നിലുള്ള ഓക്‌സ്‌ഫെഡും കേംബ്രിഡ്ജും ലീഡ്‌സുമൊക്കെ ഇത്തരത്തില്‍ അറിവിന്റെ സുഗന്ധം പരത്തുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. പ്രാചീന ഭാരതത്തില്‍ നളന്ദയിലും തക്ഷശിലയിലും മറ്റും അനേക വര്‍ഷം പഠനം നടത്തി സ്വന്തം നാടുകളിലേക്ക് തിരിച്ചു വന്നവര്‍ സ്ഥാപിച്ച വിദ്യാപീഠങ്ങളാണ് തര്‍ക്കശാസ്ത്രവും ഭൗമശാസ്ത്രവും ജ്യോതിശാസ്ത്രവും ആയുര്‍വേദവുമെല്ലാം പ്രചരിപ്പിച്ചത്.
ഈ ലോകത്ത് ഇന്ന് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സിയോണിസ്റ്റ്, ഐ എസ് താലിബാന്‍, തീവ്ര ഹിന്ദുത്വം തുടങ്ങിയുള്ള സകല മതമൗലികവാദികള്‍ക്കും ലോകത്തെ മുഴുവന്‍ സ്വന്തം കോള കുടിപ്പിച്ച് കൊല്ലാനും ഭൂമി മുഴുവന്‍ കോണ്‍ക്രീറ്റിട്ട് മൂടാനുമൊക്കെ കോപ്പുകൂട്ടി ഇറങ്ങിയിരിക്കുന്ന കോര്‍പ്പറേറ്റ് പിശാചുക്കള്‍ക്കും ഇടയില്‍ അറിവിന്റെ മൂവന്തിവെട്ടമെങ്കിലും നിലനിര്‍ത്തുന്നത് ഈ ലോകത്ത് ബാക്കിനില്‍ക്കുന്ന കലാശാലകളാണ്.
നമ്മുടെ നാട്ടില്‍ അഭിനവ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയിടത്തെല്ലാം ഈ കലാശാലകള്‍ക്കും സര്‍വകലാശാലകള്‍ക്കും സംഭവിക്കുന്നത് എന്താണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. അതിനെതിരെ വിദ്യാര്‍ഥികളും ഉല്‍പ്പതിഷ്ണുക്കളും നടത്തുന്ന ചെറുത്തു നില്‍പ്പുകളും നമ്മുടെ മുന്നിലുണ്ട്. ഫാസിസ്റ്റ് ചരിത്രം രചിക്കാനുള്ള ഫാസിസ്റ്റ് നീതിശാസ്ത്രവും തത്വശാസ്ത്രവും അടിച്ചേല്‍പ്പിക്കാനുള്ള തീവ്രശ്രമം നമുക്കു ചുറ്റും നടക്കുമ്പോള്‍ ഈ കേരളത്തില്‍ സംഭവിക്കുന്നതെന്താണ്.
കേരളത്തിലെ ആദ്യകാല കലാലയങ്ങളിലൊന്നാണ് മഹാരാജാസ് കോളജ് എന്ന പേരില്‍ 1866‑ല്‍ തുടങ്ങി പിന്നീട് യൂണിവേഴ്‌സിറ്റി കോളജായി മാറിയ ഈ വര്‍ഷം നൂറ്റി അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന കലാശാല. ഒരുപക്ഷെ രാജ്യത്തെ മറ്റൊരു കലാശാലക്കും അവകാശപ്പെടാന്‍ സാധിക്കാത്ത വൈവിധ്യമാര്‍ന്ന ഒരു സാംസ്‌കാരിക പാരമ്പര്യമുള്ള കലാലയമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്. ഈ വൈവിധ്യം വിശദമാക്കാന്‍ വളരെ എളുപ്പമാണ്. കാരണം ഇന്ത്യയില്‍ മറ്റൊരു കോളജില്‍ നിന്നും തികച്ചും വ്യത്യസ്ത മേഖലകളില്‍ ഇത്രയധികം പേര്‍ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ എത്തിയിട്ടില്ല. ഇന്ത്യയിലെ പരമോന്നത പദവിയായ പ്രസിഡന്റ് പദത്തില്‍ ഇവിടത്തെ ഒരു പൂര്‍വ വിദ്യാര്‍ഥി കെ ആര്‍ നാരായണന്‍, കേരളത്തിലെ മുഖ്യമന്ത്രി പദത്തില്‍ ഈ കോളജിലെ പൂര്‍വ വിദ്യാര്‍ഥി ആര്‍ ശങ്കര്‍, മൂന്നു തവണ പാര്‍ലമെന്റ് അംഗവും നിയമസഭാംഗവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് സി കെ ചന്ദ്രപ്പന്‍ അടക്കമുള്ള അനേകം പ്രശസ്തരായ പൊതുപ്രവര്‍ത്തകര്‍.
ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അന്നാചാണ്ടി, ആദ്യത്തെ വനിതാ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരാമന്‍, ഡോ. പി സി അലക്‌സാണ്ടര്‍, ഡോ. ടി പി ശ്രീനിവാസന്‍ തുടങ്ങിയ അംബാസിഡര്‍മാര്‍, എം എസ് സ്വാമിനാഥനെയും നാണു പത്മനാഭനെയും ഡോ. പുതുശേരി രാമചന്ദ്രനെയും പോലുള്ള ഗവേഷകര്‍, സി വി രാമന്‍പിള്ളയില്‍ തുടങ്ങി ചങ്ങമ്പുഴയും ആറ്റൂര്‍ രവിവര്‍മ്മയും സുഗതകുമാരിയും അയ്യപ്പപണിക്കരും വിനയചന്ദ്രനും മധുസൂദനന്‍ നായരുമൊക്കെ ചേര്‍ന്ന സാഹിത്യകാരന്മാരും കവികളും മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേല്‍ മുതല്‍ മധു, ഭരത്‌ഗോപി, പി പത്മരാജന്‍, അരവിന്ദന്‍, ഷാജി എന്‍ കരുണ്‍ തുടങ്ങി അനേകം പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകര്‍, വിവിധ മേഖലകളില്‍ രാജ്യത്തെയും സംസ്ഥാനത്തെയും നയിച്ച പ്രഗല്‍ഭരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. അസംഖ്യം ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍ ഇവരെല്ലാം ഈ കലാലയത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടവരാണ്. അധ്യാപന രംഗത്ത് സ്വന്തമായി മുഖമുദ്ര പതിപ്പിച്ച അനേകം പേര്‍-എ ആര്‍ രാജരാജവര്‍മ്മ, ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. ജാനകിയമ്മാള്‍. ഒ എന്‍ വി, തിരുനല്ലൂര്‍ കരുണാകരന്‍, ബി ഹൃദയകുമാരി, എസ് ഗുപ്തന്‍ നായര്‍, വി മധുസൂദനന്‍ നായര്‍, ഡോ. അയ്യപ്പ പണിക്കര്‍. ഡി വിനയചന്ദ്രന്‍ തുടങ്ങി എത്രയോപേര്‍. അവരില്‍ പലരും ഈ കലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥികളുമായിരുന്നു.
എഴുപതുകളിലും എണ്‍പതുകളിലും സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ, കലാ പ്രവര്‍ത്തനങ്ങളുടെ തറവാടായിരുന്നു ഈ കലാശാല. കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയും സുഗത കുമാരിയുടെയും അയ്യപ്പപണിക്കരുടെയും വിനയചന്ദ്രന്റെയും കുരീപ്പുഴയുടെയുമൊക്കെ കവിതകള്‍ ചൊല്‍ക്കാഴ്ചകളായി ഈ കലാലയത്തിന്റെ അന്തരീക്ഷത്തില്‍ പ്രണയവും വിരഹവും പ്രതീക്ഷകളും നെയ്തു. ഇവിടത്തെ ഇടനാഴികളില്‍ ഫുക്കുവോക്കയും പൗലോ ഫ്രെയറും ഗ്രാംഷിയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സായാഹ്നങ്ങളില്‍ പഥികന്റെ പാട്ടും കാട്ടുഞാവല്‍ പഴങ്ങളും ചതുരംഗം കളിക്കാരുമൊക്കെ നിഴലും വെളിച്ചവുമായി പതിനാറ് എം എം പ്രൊജക്ടറുകളിലൂടെ ഈ കലാലയത്തിന്റെ വെള്ള പൂശിയ ചുവരുകളില്‍ തെളിഞ്ഞു. പിന്നീടെന്നാണ് കലയും സാഹിത്യവും രാഷ്ട്രീയവുമെല്ലാം ഈ കലാലയത്തിന്റെ പടിയിറങ്ങിപ്പോയത് എന്ന് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ഒരു ഒഎന്‍വി, ഒരു സുഗതകുമാരി, ഒരു എം എസ് സ്വാമിനാഥന്‍, പി കെ അയ്യങ്കാര്‍, പത്മരാജന്‍ ഈ കലാലയത്തിന് നല്‍കാന്‍ കഴിയാതെ പോയത്. മര്‍ദ്ദിതരുടെ ബോധനശാസ്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നാണ് മര്‍ദ്ദകരുടെ ബോധശാസ്ത്രത്തിന്റെ പ്രായോഗിക പരിശീലനത്തിലേക്ക് അധഃപതിച്ചത്? എന്നാണ് ഈ കലാലയത്തിന്റെ വാതായനങ്ങള്‍ ബഹുസ്വരതക്കും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ കൊട്ടിയടക്കപ്പെട്ടത്? പതിനെട്ട് ബിരുദ കോഴ്‌സുകളും ബിരുദാനന്തര ബിരുദകോഴ്‌സുകളും 14 എം ഫില്‍ കോഴ്‌സുകളും 16 ഗവേഷണ വിഭാഗങ്ങളുമുള്ള ഈ കലാലയം സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും മിടുക്കരായ മക്കള്‍ക്ക് രാഷ്ട്രത്തലവന്മാരും മുഖ്യമന്ത്രിമാരും രാജ്യം ആദരിക്കുന്ന കര്‍ഷകരും കലാകാരന്മാരും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരുമായിത്തീരാം എന്ന് തെളിയിച്ച ഈ കലാലയം കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ഇത്തരത്തില്‍ ആരെയാണ് സംഭാവന ചെയ്തത്?
ഇന്ന് നമ്മള്‍ ഈ കലാലയത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍, കാണുന്ന കാര്യങ്ങള്‍ ഒട്ടും ആശാവഹമല്ല. ഇന്ന് ഈ കലാലയം അതിന്റെ ഉന്നതമായ ഭൂതകാല ചരിത്രം മറന്നുകൊണ്ട് അസഹിഷ്ണുതയുടെ ക്രൗര്യവും അജ്ഞാനത്തിന്റെ തമസ്സും നിറയുന്നൊരു ഇടമായി മാറുന്നു. രാജവാഴ്ചക്കെതിരെ ധീരമായ പോരാളികളെ സൃഷ്ടിച്ച, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തുറ്റ അമരക്കാരെ സൃഷ്ടിച്ച, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ, കവികളെ, കലാകാരന്മാരെ സൃഷ്ടിച്ച ഈ കലാലയത്തില്‍ നിന്നും ഇരുട്ടിന്റെ ശക്തികളെ, സാമൂഹ്യ നീതിക്കും അസമത്വങ്ങള്‍ക്കുമെതിരെ, പുരോഗതിക്കും തുല്യനീതിക്കുമായി സന്ധിയില്ലാതെ പോരാടുന്ന ഈ കലാലയത്തിലെ പൂര്‍വ്വസുരികളുടെ തലത്തില്‍ ഉയര്‍ന്ന ചിന്തയും ലളിത ജീവിതവും പുലര്‍ത്തുന്ന സംസ്‌കാര സമ്പന്നരായ തലമുറകളെ വാര്‍ത്തെടുക്കുക എന്നതാവണം 150 വര്‍ഷം പിന്നിട്ട ഈ മഹത്തായ കലാലയത്തിന്റെ അങ്കണത്തില്‍ നിന്ന് നാം ഏകസ്വരത്തില്‍ പ്രതിജ്ഞ ചൊല്ലേണ്ടത്.