ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിൽ പാർട്ടിയിൽ പ്രതിഷേധം കനക്കുന്നു. അധ്യക്ഷ പദവിയിൽ തീരുമാനമായതിന് ശേഷമേ പുതിയ ജില്ലാ പ്രസിഡന്റുമാർ ഒഴികെയുള്ള ഭാരവാഹികളെ നിശ്ചയിക്കുക. അതിനാൽ ജില്ലാ ഭാരവാഹിക്കുപ്പായം തയ്പിച്ച് കാത്തിരിക്കുന്നവരാണ് പ്രതിഷേധവുമായി മുൻപന്തിയിലുള്ളത്.
ജില്ലാ ഘടകങ്ങൾ വിഭജിച്ച് 30 സംഘടനാ ജില്ലകളായി തിരിച്ച് പ്രസിഡന്റുമാരെ തീരുമാനിച്ചെങ്കിലും മറ്റ് ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിന് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിയണം. അക്കാര്യത്തിൽ അവധികൾ പലത് കഴിഞ്ഞിട്ടും തീരുമാനമാകാത്തത് സ്വാഭാവികമായും ജില്ലാ ഭാരവാഹി പദവികൾ നോട്ടമിട്ട് കഴിയുന്ന വലിയ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഡിസംബർ മധ്യത്തോടെ സംസ്ഥാന പ്രസിഡന്റുമാരും അവസാനത്തോടെ ദേശീയ അധ്യക്ഷനും എന്നായിരുന്നു ആദ്യ ഔദ്യോഗിക പ്രഖ്യാപനം. പിന്നീട് യഥാക്രമം ജനുവരി മധ്യത്തിലും അവസാനത്തിലും എന്നായി. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ദേശീയ നേതൃത്വത്തിന്റെ സമ്മതത്തോടെ ഈമാസം 17 ന് സംസ്ഥാനത്ത് നേരിട്ടെത്തി പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നായി. എന്നാൽ പ്രഹ്ലാദ്ജോഷി വന്നില്ല, പ്രഖ്യാപനവുമുണ്ടായില്ല. അടുത്ത അവധിയുടെ കാര്യത്തിൽ തീരുമാനവുമുണ്ടായിട്ടില്ല.
സംസ്ഥാന അധ്യക്ഷന്മാരുടെ കാര്യത്തിൽ തീർപ്പുണ്ടായിട്ടു വേണം, ബിജെപി ഭരണഘടനയനുസരിച്ച് ദേശീയ പ്രസിഡന്റിനെ കണ്ടെത്താൻ. അതേ സമയം, 36 സംസ്ഥാന — കേന്ദ്ര ഭരണപ്രദേശങ്ങളിൽ 11 ഇടത്ത് മാത്രമാണ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും കാര്യങ്ങളൊന്നും വരുതിക്ക് വരാത്തതിനാൽ, ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പിലടക്കം കേന്ദ്ര നേതൃത്വം ഇരുട്ടിൽ തപ്പുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീണ്ടു പോകുന്നതിൽ അസ്വസ്ഥതയൊന്നുമില്ലാത്തത് സുരേന്ദ്രൻചേരിക്ക് മാത്രമാണെന്നാണ് പാർട്ടിക്കുള്ളിലെ വർത്തമാനം. സുരേന്ദ്രന് മുഖ്യ പ്രതിയോഗിയാവും എന്ന് ധാരണ പരന്നിരുന്ന രാജീവ് ചന്ദ്രശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്ന് ഏതാണ്ട് നിലപാടെടുത്തതോടെ ഔദ്യോഗിക പക്ഷത്തെ പിരിമുറുക്കത്തിന് നല്ല രീതിയിൽ അയവ് വന്നിട്ടുണ്ട്. ആര് വന്നാലും ഗ്രൂപ്പ് പോരിനും തമ്മിൽത്തല്ലിനും ശമനമുണ്ടാകില്ല എന്ന യാഥാർത്ഥ്യമാണ് രാജീവ് ചന്ദ്രശേഖറിനെ പിന്നോട്ട് വലിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിൽ അധ്യക്ഷസ്ഥാനത്ത് വനിതകളാവണം എന്ന വ്യവസ്ഥയിലാണ് പ്രസിഡന്റാകാൻ കച്ചമുറുക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രന്റെ പ്രതീക്ഷ. സംഘടനയിൽ സുരേന്ദ്രനെക്കാൾ സീനിയറായിട്ടും ഇതുവരെ മേൽഗതി ഉണ്ടായിട്ടില്ലാത്തയാളും ആർഎസ്എസിന്റെ ഗുഡ് ലിസ്റ്റിലുള്ളയാളും എന്ന അനുകൂല ഘടകങ്ങളിലാണ് എം ടി രമേശിന്റെ പ്രത്യാശ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.