മഹാരാഷ്ട്രയിൽ നോട്ടയുടെ നേട്ടം ബിജെപിക്ക് തിരിച്ചടിയായി

Web Desk
Posted on October 26, 2019, 10:56 pm

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്കു വോട്ടു ചെയ്തവരുടെ എണ്ണത്തിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. 2014 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്നോൾ നോട്ടയുടെ ശതമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഒക്ടോബർ 24 ന് വന്ന തെരഞ്ഞെടുപ്പു ഫലത്തിൽ ബിജെപി- ശിവസേന സഖ്യം ഭരണം നിലനിർത്തിയെങ്കിലും സഖ്യത്തിന് പ്രതീക്ഷിച്ച വിജയമുണ്ടാക്കാൻ കഴിഞ്ഞില്ല. ബിജെപി സഖ്യത്തിന് 23 സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ മുഖ്യ എതിരാളികളായ എൻസിപിക്കും കോൺഗ്രസിനും ഇത് നേട്ടമായി മാറി. 2014 ൽ 4,60, 741 വോട്ടർമാരാണ് നോട്ടയ്ക്കു കുത്തിയതെങ്കിൽ ഇത്തവണ അത് 7,42,124 ആയി ഉയർന്നു. അതുപോലെതന്നെ ആകെയുള്ള വോട്ടുവിഹിതത്തിൽ നോട്ടയുടെ പങ്ക് 2014 ലെ 0. 91 ശതമാനത്തിൽ നിന്നു 1.35 ആയി ഉയരുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം വരുത്താൻ നോട്ട വോട്ടുകൾക്ക് കഴിഞ്ഞില്ലെങ്കുിലും കഴിഞ്ഞ തവണയേക്കാൽ ബിജെപി വോട്ടുകളിൽ ഗണ്യമായ ഇടിവ് ഉണ്ടായി. അതേസമയം സംസ്ഥാന ഭരണത്തിലെ വീഴ്ചകളും സ്ഥാനാർഥി നിർണയത്തിലുണ്ടായ കലഹങ്ങളും ജനങ്ങളിൽ നിരാശയുണ്ടാക്കിയതും നോട്ട വോട്ടുകൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർതഥി വിശ്വജീത്ത് കദം 1,71,497 വോട്ടുകൾക്ക് വിജയിച്ച പാലസ് കൊഡ്ഗാവ് മണ്ഡലത്തിൽ 20, 631 വോട്ടുകളുമായി നോട്ടയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മത്സരിച്ച തെക്ക് ‑പടിഞ്ഞാറ് നാഗ്പുർ മണ്ഡലത്തിൽ 3064 പേരും, താക്കെറെ കുംടുംബത്തിൽ നിന്നും ആദ്യമായി മത്സരരംഗത്തേയ്ക്കെത്തിയ ആദിത്യ താക്കറെ മത്സരിച്ച വർലി മണ്ഡലത്തിൽ 6305 പേരും നോട്ടയ്ക്കാണ് വോട്ട് ചെയ്തത്. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ 105 സീറ്റ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 56 ഉം എൻസിപി, കോൺഗ്രസ് പാർട്ടികൾക്ക് 54 ഉം 44 ഉം സീറ്റുകളിൽ വിജയിക്കാനായി.