Web Desk

December 27, 2019, 7:34 pm

അലങ്കാരപ്പണികൾ ഇനി മുള കൊണ്ടാവാം: ശ്രദ്ധേയമായി സരസ് മേളയിലെ മുള വിസ്മയം

Janayugom Online

കണ്ണൂര്‍: പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് വീടിന് മോടികൂട്ടുന്നത് ഇനി നിർത്താം. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന മുളകൊണ്ടുള്ള ഉൽപ്പന്നങ്ങളാണ് സരസ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മുളകൾ ഉപയോഗിച്ച് തീർക്കുന്ന ഫ്ളവർ വേസുകൾ, വിവിധ അലങ്കാര വസ്തുക്കൾ തുടങ്ങി ചീപ്പും മുടി പിന്നും വരെയുണ്ട് സരസ് മേളയിലെ ഈ മുളങ്കൂടാരത്തിൽ. വയനാട്ടിലെ പഞ്ചവർണം കുടുംബശ്രീയുടെ സ്റ്റാളിലാണ് മുളകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ ശേഖരം ഉള്ളത്. ചെത്തി മിനുക്കിയ മുളകളിൽ മ്യൂറൽ പെയിന്റിംഗ് ചെയ്താണ് ഓരോ ഉൽപ്പന്നവും വില്പനയ്ക്ക് ഒരുക്കിയിട്ടുള്ളത്. പെൻഹോൾഡർ, മാഗസിൻ ഹോൾഡർ, ബുക്ക് മാർക്ക് തുടങ്ങിയവയും വ്യത്യസ്ത മാതൃകയിലുള്ള കമ്മൽ, മാല, വളകൾ എന്നിവയും ഇവരുടെ പക്കലുണ്ട്. 50 രൂപ മുതൽ 3000 രൂപ വരെയാണ് ഉൽപന്നങ്ങളുടെ വില. സ്റ്റാളിൽ മുളകൊണ്ടുള്ള ആഭരണങ്ങൾക്കാണ് ആവശ്യക്കാരേറെയും.

വയനാട്ടിലെ ഭവം എന്ന കൂട്ടായ്മയാണ് ഈയൊരു സംരംഭത്തിന് പിന്നിൽ. പഞ്ചവർണം കുടുംബശ്രീ യൂണിറ്റിലെ പ്രവർത്തകർക്ക് പരിശീലനം നൽകി അവരെയും തങ്ങളുടെ ഭാഗമാക്കിയത് ഈ കൂട്ടായ്മയാണ്. ഇവരുടെ ആവശ്യാനുസരണം കുടുംബശ്രീ പ്രവർത്തകർ ഉൽപന്നങ്ങൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. ക്രാഫ്റ്റ് വർക്കറും ചിത്രകാരന്മാരും അടക്കം ഇരുപതോളം പേരാണ് ‘ഭവ’ത്തിനുള്ളത്. ബാംഗ്ലൂരാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രം. ഓൺലൈനായും സാധനങ്ങൾ ലഭ്യമാണ്. വിദേശത്തുനിന്നെത്തുന്ന സഞ്ചരികളാണ് ഈ ഉൽപന്നങ്ങളുടെ പ്രധാന ആവശ്യക്കാർ. വിവിധ തരത്തിലുള്ള മുളകൾ ഉണ്ടെങ്കിലും ആനമുളയാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. വയനാട് ആയതിനാൽ തന്നെ മുളയ്ക്ക് ക്ഷാമമില്ലെങ്കും മുള നട്ട് വളർത്താറുണ്ടെന്ന് സ്റ്റാൾ നടത്തിപ്പുകാരൻ ജിഷ്ണു പറയുന്നു.

you may also like this video;