19 April 2024, Friday

Related news

April 18, 2024
April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 27, 2024
March 23, 2024
March 23, 2024
March 23, 2024

നോട്ട് നിരോധനം; കേന്ദ്രവും ആര്‍ബിഐയും ഇപ്പോഴും ഇരുധ്രുവങ്ങളില്‍

സൂപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വെെരുദ്ധ്യം
Janayugom Webdesk
ന്യൂ‍ഡല്‍ഹി
December 21, 2022 8:40 pm

നോട്ട് നിരോധനം സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെെരുദ്ധ്യം. അപ്രതീക്ഷിത തീരുമാനത്തിന്റെ ഫലമായി ജനങ്ങള്‍ ദുരിതമനുഭവിച്ച പരിഷ്ക്കാരത്തില്‍ കേന്ദ്രവും ആര്‍ബിഐയും ഇപ്പോഴും ഇരുധ്രുവങ്ങളിലാണെന്ന് ഇതോടെ വ്യക്തമായി. രാഷ്ട്രീയ അധികാരത്തിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന സൂചനയാണ് ആര്‍ബിഐ സത്യവാങ്മൂലം നല്‍കുന്നത്. അതേസമയം ആര്‍ബിഐയുമായുള്ള വിപുലമായ കൂടിയാലോചനയ്ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ആര്‍ബിഐയുടെ ഉത്തരവാദിത്തമാണെന്ന കയ്യൊഴിയല്‍ നയമാണ് കേന്ദ്രം സ്വീകരിച്ചത്. നോട്ട് നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ പോലും കെെവരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായപ്പോഴുള്ള ചുവടുമാറ്റത്തിനുള്ള ശ്രമമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.

അതേസമയം, ആര്‍ബിഐയുടെ സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാരിന്റെ കൂടിയാലോചനാ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നില്ല. പ്രഖ്യാപനത്തിന് എട്ട് മാസം മുമ്പ് ചർച്ചകൾ നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഈ കാലയളവിലെ ആറ് മാസക്കാലവും ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ നോട്ട് നിരോധനത്തിനെതിരെ എതിര്‍പ്പുന്നയിച്ച ഉദ്യോഗസ്ഥനാണ്. അതായത് ആറ് മാസം നടന്ന ചര്‍ച്ചകളിലും ആര്‍ബിഐ പ്രഖ്യാപനത്തെ അനുകൂലിച്ചിരുന്നില്ല. രഘുറാം രാജനു ശേഷം ചുമതലയേറ്റ ഉര്‍ജിത് പട്ടേലും നയത്തെ അനുകൂലിക്കുന്നതായി പറഞ്ഞിട്ടില്ല. അതായത്, കൂടിയാലോചന നടന്നെങ്കിലും ആർബിഐയുടെ സമ്മതത്തോടെയല്ല നയ പ്രഖ്യാപനം നടത്തിയത്. ബോർഡ് മുഴുവനും യോഗത്തിൽ ഇല്ലായിരുന്നുവെന്നും അവർക്ക് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ സമയം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ പര്യാപ്തമായ തയ്യാറെടുപ്പുകൾ നടന്നിട്ടില്ലെന്നാണ് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്.

ഔദ്യോഗികമായി ആര്‍ബിഐയാണ് ഇത്തരത്തിലൊരും സാമ്പത്തിക നയം പ്രഖ്യാപിക്കേണ്ടത്. നോട്ട് നിരോധന പ്രഖ്യാപനത്തിനു ഒരു ദിവസം മുന്‍പ് ആര്‍ബിഐ ബോര്‍ഡ് നയം ശുപാർശ ചെയ്യുകയും പ്രമേയം കേന്ദ്ര മന്ത്രിസഭയ്ക്ക് അയയ്ക്കുകയും തിടുക്കത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു നിശ്ചിത സമയത്ത് എത്രത്തോളം വ്യാജ കറൻസി പ്രചാരത്തിലുണ്ട് എന്നതിന്റെ കണക്ക് പോലും ആർബിഐയുടെ പക്കലുണ്ടായിരുന്നില്ല. എത്ര വ്യാജ കറൻസി നോട്ടുകൾ പിടിക്കപ്പെട്ടു എന്ന കണക്കില്‍ മാത്രമാണ് ആര്‍ബിഐക്ക് വ്യക്തത. വിലയെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചോ ഉള്ള വിശകലനത്തിൽ, ആർബിഐ ബ്ലാക്ക് ഇക്കോണമിയെ കണക്കിലെടുത്തിട്ടുമില്ല. ഈ വിഷയത്തിൽ യോഗത്തിൽ പങ്കെടുത്ത ഏതാനും ആർബിഐ ബോർഡ് അംഗങ്ങള്‍ക്ക് വൈദഗ്ധ്യം പരിമിതമായിരുന്നതിനാല്‍ അവർക്ക് മിനിറ്റുകൾക്കുള്ളിൽ തീരുമാനം അംഗീകരിക്കേണ്ടി വരുകയായിരുന്നു എന്നതാണ് വസ്തുത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.