പ്രശസ്ത ശാസ്ത്രഞൻ ഇ സി ജി സുദർശൻ അന്തരിച്ചു

Web Desk
Posted on May 14, 2018, 11:45 am

ന്യൂഡല്‍ഹി: ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള മലയാളി ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ (86) അന്തരിച്ചു. കോട്ടയം പള്ളം സ്വദേശിയായ അദ്ദേഹം അമേരിക്കയിലെ ടെക്‌സാസില്‍ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്.
എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശന്‍ എന്ന ഡോ. ഇസിജി സുദര്‍ശനന്‍ ക്വാണ്ടം ഒപ്റ്റികിസിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലിലൂടെ ഐന്‍സ്റ്റിന്റെ സിദ്ധാന്തം തിരുത്തിയതോടെയാണ് ശാസ്ത്രലോകം ഈ ശാസ്ത്രപ്രതിഭയെ തിരിച്ചറിഞ്ഞത്. വൈദ്യനാഥ് മിശ്രക്കൊപ്പം നടത്തിയ കണ്ടുപിടിത്തം പിന്നീട് ക്വാണ്ടം സീനോ ഇഫക്റ്റ് എന്ന് അറിയപ്പെട്ടു. ഇതിന്റെ പേരില്‍ 2005ലെ നൊബേല്‍ പുരസ്‌കാരത്തിന് ഡോ. സുദര്‍ശന്‍ ശുപാര്‍ശചെയ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ടോക്യോണ്‍ കണങ്ങളെ കുറിച്ചും സുദര്‍ശന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട്.
പള്ളം എണ്ണയ്ക്കല്‍ ഐപ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബര്‍ 16 നായിരുന്നു ഡോ. ജോര്‍ജ് സുദര്‍ശന്റെ ജനനം. കോട്ടയം സിഎംഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥികൂടിയായ അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും 1951ല്‍ ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിനേടി.
ഹോമി ഭാഭ അടക്കമുള്ളവരായിരുന്നു അക്കാലയളവില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ അധ്യാപക സഹായിയായ സുദര്‍ശന്‍ അവിടെ നിന്നാണ് പിഎച്ച്ഡി സ്വന്തമാക്കുന്നത്. പിന്നീട് ഹര്‍വാര്‍ഡ് യുണിവേഴ്‌സിറ്റി, ടെക്‌സസ് സര്‍വകലാശാല എന്നിവയടക്കം നിരവധി ഉന്നത സ്ഥാപനങ്ങളില്‍ പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് എന്നിവയുടെ ഡയറക്ടറായും സുദര്‍ശന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിനി ഭാമതിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.