‘കാലമിനിയുമുരുളും’ ഒന്നും അവസാനിക്കുന്നില്ല

Web Desk
Posted on June 21, 2019, 9:44 pm
p a vasudevan

തെരഞ്ഞെടുപ്പ് കഴിഞ്ഞു. സര്‍വേകള്‍ക്കും മുമ്പേ ദേശീയ അഭിപ്രായ ഫോറങ്ങളിലുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ക്ക് പുറത്തുണ്ടായ ഫലങ്ങള്‍, അല്‍പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സര്‍വേകളെ അവിശ്വസിക്കേണ്ടുന്ന തരത്തിലുള്ളതായിരുന്നു പൊതുവികാരവും രാഷ്ട്രീയ കണക്കുകൂട്ടലുകളും. എന്നിട്ടും സംഭവിച്ചതെന്തേ ഇങ്ങനെയായി എന്നത് വളരെ ഗഹനമായ അന്വേഷണം പ്രസക്തമാക്കുന്നു. തന്റെ ഗുജറാത്ത് മോഡല്‍ വ്യക്തിത്വം ഇന്ത്യന്‍ തലത്തില്‍ ഉറപ്പിക്കാന്‍ മോഡിക്കെങ്ങനെ സാധിച്ചു എന്നത് എല്ലാ സാധ്യതകളും വിശകലനം ചെയ്ത് പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ആപല്‍ക്കരമായ ഒരു അഞ്ചു വര്‍ഷത്തിന്റെ തിരക്കഥ മുന്നിലുണ്ടായിട്ടും സമൂഹത്തിലും പൊളിറ്റിക്‌സിലും അത് ആപല്‍ക്കരമായ ഫലങ്ങളുണ്ടാക്കിയിട്ടും ഒരു രണ്ടാമൂഴം മോഡിക്കു സാധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ നാമിതിനെ സമീപിക്കണം.
രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ മോഡിക്ക് അനുകൂലമായ പ്രത്യക്ഷ കാരണങ്ങളൊന്നുമില്ലായിരുന്നു. സാമ്പത്തികരംഗം ആകെ തകര്‍ന്നസ്ഥിതിയില്‍. തൊഴിലില്ലായ്മ 6.1 ശതമാനമെന്നത് ആശങ്കാജനകമായിരുന്നു. ചെറുകിട വ്യവസായങ്ങളുടെയും കൃഷിയുടെയും അനൗപചാരിക തൊഴില്‍ മേഖലയുടെയും തകര്‍ച്ചയാണ് ഭാരിച്ച തൊഴിലില്ലായ്മ സൃഷ്ടിച്ചത്. ഡിമോണിറ്റൈസേഷന്‍ കാരണം ഭൂരിപക്ഷത്തിന്റെ വരുമാനം നിലച്ചു. സമ്പദ്ഘടനയെ ഉണര്‍വുള്ളതാക്കുന്ന ഡിമാന്റ് കുറഞ്ഞു. പെട്ടെന്നുണ്ടായ പണച്ചോര്‍ച്ച വ്യാപാരത്തെ തകര്‍ത്തപ്പോള്‍ നിക്ഷേപങ്ങളും തൊഴിലും ഇല്ലാതായി. ഇതൊരു അനുബന്ധ അനുഭവമാണ്. സാമ്പത്തികരംഗത്തെ ഈ പ്രശ്‌നങ്ങള്‍ക്ക് മോഡിക്ക് ഒന്നാമൂഴം കഴിയുംവരെ ഉത്തരമില്ലായിരുന്നു. ഇത് മോഡി വാഴ്ചയുടെ അന്ത്യം കുറിക്കുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.
ജാതി-മതഭേദമന്യേ എല്ലാവരിലും സംജാതമായ അരക്ഷിതബോധമായിരുന്നു മറ്റൊരു പ്രകടമായ വികാരം. ന്യൂനപക്ഷത്തിന് മാത്രമല്ല, മോഡി വിരുദ്ധരായ ഭൂരിപക്ഷ മതക്കാര്‍ക്കും ഈ അരക്ഷിതത്വമുണ്ടായിരുന്നു. ഈ വികാരമൊക്കെ ഏകോപിച്ച് ഇങ്ങനെയല്ലാത്ത മറ്റൊരു തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് തെറ്റിയത്. ഒരര്‍ത്ഥത്തില്‍ മോഡിക്കും തനിക്കെതിരായ വികാരം മനസിലാക്കാനായിട്ടുണ്ടാവും. അതിനെ ഗുണാത്മകമായല്ല, അധീശത്വനീക്കത്തിലൂടെയാണദ്ദേഹം നേരിട്ടത്. എതിര്‍വാക്കുകളെയും വികാരങ്ങളെയും നിശബ്ദമാക്കുന്ന നിമഗ്‌നമായൊരു നീക്കം നടന്നു. അതിനെ ഫലവത്തായി നേരിടുന്ന തരത്തിലുള്ള ഒരു പ്രതിപക്ഷ പ്രവര്‍ത്തനവുമുണ്ടായില്ല. തന്റെ പാര്‍ട്ടിയിലും ഇതുതന്നെയാണ് അദ്ദേഹം നടപ്പിലാക്കിയത്. പാര്‍ട്ടിയുടെ ജനാധിപത്യമുഖംതന്നെ നിഷേധിച്ച് എല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ചു. പാര്‍ട്ടി വ്യക്തിയായി. ദേശീയതലത്തില്‍ തന്നെ ജനങ്ങളെ ഭീതിയില്‍ വീഴ്ത്തിയും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകറ്റിയും അവരുടെ സ്വയം നിര്‍ണയശേഷിയെ ദുര്‍ബലമാക്കാന്‍ മോഡിക്ക് സാധിച്ചു. തീര്‍ത്തും അണ്‍ ഡമോക്രാറ്റിക് ആയ ഈ നീക്കമായിരുന്നു, ഈ ഡമോക്രാറ്റിക് വ്യവസ്ഥയില്‍ അദ്ദേഹം പ്രയോഗിച്ചത്. അത് സൃഷ്ടിച്ച അമ്പരപ്പും ചെറുതായിരുന്നില്ല.
ഇതൊക്കെ വാസ്തവത്തില്‍, ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിലും വോട്ടിങ്ങിലും മോഡിയെ അട്ടിമറിക്കേണ്ടതായിരുന്നു. ജനാധിപത്യമുറയില്‍ പൊതുവികാരം സ്വന്തമാക്കാനാവില്ലെന്നറിഞ്ഞാണദ്ദേഹം പൊതുമനസിന്റെ വിഭജനത്തിലൂടെ വീണ്ടും അധികാരത്തിലെത്തിയത്. ദേശീയ അഭിപ്രായവേദികളെ തീര്‍ത്തും നിശബ്ദമാക്കിക്കൊണ്ടാണ് മോഡിയുടെ ജനാധിപത്യവിരുദ്ധ നീക്കം മുന്നേറിയത്. അത്തരമൊരു ഘട്ടത്തില്‍ പൊതുനേതാവായി വന്ന വ്യക്തി, ക്രമേണ ഏകാധിപതിയാവുന്നു. അതിനദ്ദേഹം പിന്താങ്ങാക്കിയത് ബിജെപി എന്ന പേരിനെങ്കിലുമുള്ള രാഷ്ട്രീയ പാര്‍ട്ടിയെയല്ല, അടിമുടി ഹിന്ദുതീവ്രതയുള്ള ആര്‍എസ്എസിനെയായിരുന്നു. പരിമിതമായ ദേശീയ കാഴ്ചപ്പാടേ അതിനുള്ളു. അതിന്റെ പ്രവര്‍ത്തനശൈലി ഏകാധിപത്യത്തിന്റേതും. ഉള്ളില്‍ ജനാധിപത്യമുള്ള സംഘടനയല്ല അത്. ഒരു വര്‍ഗീയ സംഘടനയും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നുമില്ല. അതാണ് മോഡി — ഷാ കമ്പൈന്‍ കൊണ്ടുവന്നത്. ഗുജറാത്തില്‍ പയറ്റി വിജയിച്ച ഈ പ്രയോഗം ദേശീയതലത്തിലെത്തിക്കാന്‍ കഴിഞ്ഞതാണ് മോഡിയുടെ വിജയവും, ഇന്ത്യയുടെ ദുരന്തവും.
അവസാനം ഒരു ന്യായീകരണമുണ്ടാവും. ജനങ്ങള്‍ വോട്ടുചെയ്ത് ജയിപ്പിച്ചതല്ലേ എന്ന്. പ്രത്യക്ഷത്തില്‍ അത് ശരി. പക്ഷെ, അവിടെ എങ്ങനെ എത്തി. ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള വടക്കേ ഇന്ത്യയിലെ ദളിത് വിഭാഗങ്ങളില്‍പോലും അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമേല്‍ വിഭാഗീയ മതവിചാരങ്ങള്‍ക്ക് ആധിപത്യമുറപ്പിച്ച് അവരുടെ വോട്ടുകള്‍ കരസ്ഥമാക്കി. അവരുടെ അജ്ഞതയാണ് പിടിച്ചെടുത്തത്. അതില്‍ ഭീഷണിയും അക്രമങ്ങളും ഉണ്ടായിരുന്നു. ഗുജറാത്തിലെ അതേ മാതൃക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ച് പിന്നാക്കക്കാരെ പല തന്ത്രങ്ങളിലും വരുതിയിലാക്കാന്‍ കഴിഞ്ഞു. ഇതിനെ ജനാധിപത്യവിജയമെന്നു വിളിച്ചുകൂട. അങ്ങനെയൊരു കാര്യം മോഡി അജണ്ടയിലുമില്ലായിരുന്നു.
വര്‍ഗീയ താല്‍പര്യങ്ങള്‍ അധികാരത്തിലേക്കുള്ള ഉപാധിയാക്കാന്‍ പൊതുജീവിതത്തില്‍ ഭീകരത സൃഷ്ടിച്ച് ജനാധിപത്യ മൂല്യങ്ങളെ നിസ്‌തേജമാക്കി. ജനം ഭീതിയിലായിരുന്നു. മോഡിക്കൊപ്പമല്ലാത്തവര്‍ ദേശദ്രോഹികളാവുന്ന സ്ഥിതിവന്നു. ഇത് സൃഷ്ടിച്ച ഭീതി ചില്ലറയല്ലായിരുന്നു. ഹിന്ദുക്കളില്‍ തന്നെ മോഡി വിരുദ്ധരെ ദേശദ്രോഹികളാക്കി ചിത്രീകരിച്ചു. മുസ്‌ലിങ്ങളെ പറയാനുമില്ല. ഭക്ഷണത്തിലുള്ള സ്വാതന്ത്ര്യം വരെ ഇല്ലാതാക്കി. ബീഫ് നിരോധം, ഗോവധ നിരോധം, കന്നുകാലികളുമായി പോകുന്നവരെ ആക്രമിക്കല്‍ ഇങ്ങനെ പൊതുജീവിതത്തിലെ സ്വതന്ത്ര ഇടങ്ങള്‍ അടച്ചുകെട്ടി. ജീവിതവ്യാപാരത്തിന്റെ ഇടങ്ങള്‍ ഇടുങ്ങിയതാക്കി. ഒരുതരം ഭീകരാന്തരീക്ഷം. അതുവരെ സ്വഛമായിരുന്ന പൗരജീവിതത്തിലുണ്ടാക്കിയാണ് മോഡി ജനവിധി മാനിപ്യുലേറ്റ് ചെയ്തത്. തന്ത്രപരമായ ഈ നീക്കം ആരംഭിച്ചിട്ട് കുറേയായിരുന്നു. തെരഞ്ഞെടുപ്പിനെ അനുകൂലമായി ക്രാഫ്റ്റ് ചെയ്‌തെടുക്കാനായിരുന്നു അത്. അതാണ് സാമ്പത്തികരംഗത്തും പൊതുജീവിതത്തിലും യാതൊരു ഗുണാത്മക വ്യത്യാസം വരുത്താനാവാതിരുന്നിട്ടും രണ്ടാം തവണയും മോഡി ജയിച്ചുകയറിയത്.
ഒരു ജനാധിപത്യമെന്നാല്‍ ആ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന സ്ഥാപനവ്യവസ്ഥയാണ്. സ്വതന്ത്ര വോട്ടിങ്, നീതിന്യായ വിഭാഗം, നിയമനിര്‍മാണം, സാംസ്‌കാരിക സ്ഥാപന വ്യവസ്ഥ തുടങ്ങിയവ അതില്‍പ്പെടുന്നു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം മറ്റൊന്നാണ്. ഇതില്‍ മിക്കതിനെയും പിടിച്ചു തിരിച്ച് തനിക്കനുകൂലമാക്കി. പത്രങ്ങളെ പരസ്പരം ശത്രുക്കളാക്കി. വിരുദ്ധ മീഡിയകളെ ഞെരുക്കി. പത്രപ്രവര്‍ത്തകരെ അറസ്റ്റുചെയ്തു പീഡിപ്പിച്ചു. പൗരമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളും ചിന്താധാരകളും നിശബ്ദമാക്കാന്‍ തന്ത്രങ്ങളുണ്ടാക്കി. വളച്ചൊടിച്ച വാര്‍ത്തകളാണ് ഏറെയും വന്നത്. ദേശീയ സ്ഥൂലതയില്‍ സംഭവിക്കുന്ന അവസ്ഥകള്‍, പൊതുധാരണയിലെത്താതായതോടെ ജനങ്ങള്‍ എല്ലാത്തിനെക്കുറിച്ചും അജ്ഞരായി. ഇങ്ങനെ അടിസ്ഥാന സ്ഥാപനങ്ങളെയും ധാരണകളെയും ‘ഹൈജാക്’ ചെയ്യുകവഴിയാണ് മോഡി രണ്ടാം വരവ് നടത്തുന്നത്.
അതില്‍ ഒന്നുകൂടി കാണാതിരുന്നുകൂടാ. ‘മഹാഗഡ് ബന്ധന്‍’ എന്ന പേരില്‍ ഉയര്‍ത്തിക്കെട്ടിയ മുന്നണിയുടെ അടിത്തറ ഭദ്രമായിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കള്‍ വീണ്ടും കുടുംബാധിപത്യം നേടാന്‍ നടത്തിയ രാഷ്ട്രീയ തന്ത്രമായിരുന്നു അത്. അതിന്റെ തലപ്പത്ത് സ്വാര്‍ഥവും ജീര്‍ണതയും മാത്രമായിരുന്നു. അവരും ആശ്രയിച്ചിരുന്നത് വര്‍ഗീയതയും ജാതീയതയുമായിരുന്നു. അവര്‍ക്കിടയിലെ വൈരുധ്യം സൃഷ്ടിക്കുന്ന അസ്ഥിരത ജനങ്ങള്‍ മനസിലാക്കി. അത് ബിജെപി മുതലെടുത്തു. ഈ ഭാഗം പറയാതെവയ്യ. സര്‍വതിനും മുകളില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമുണ്ടായിരുന്നു. പ്രചാരണകാലത്തെ രാഹുല്‍, പ്രിയങ്ക ചേഷ്ടകള്‍ നോക്കിയാല്‍ ഇതറിയാന്‍ ഏറെ അറിവൊന്നും വേണ്ട. ഈ ‘നവാഗത’ര്‍ക്കു ചേര്‍ന്നുനില്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വം കൂട്ടുകക്ഷികള്‍ക്കുമില്ലായിരുന്നു. രാഹുലില്‍ ഒരു നേതാവിനെ കാണുക പ്രയാസമായിരുന്നു.
എന്നാലും പറയാം. രാഷ്ട്രതന്ത്രത്തില്‍ ഒന്നും അവസാനമല്ല. ബിജെപി ഉഴുതുമറിച്ച ഇടങ്ങള്‍ അവിടെത്തന്നെയുണ്ട്. അതാണ് മറുപക്ഷത്തിന്റെ സാധ്യത.