കുട്ടികളുടെ മാനം പോയി ; രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

Web Desk
Posted on June 20, 2018, 3:27 pm

ദില്ലി: അക്രമത്തിന് ഇരയായ ആണ്‍കുട്ടികളുടെ ചിത്രവും വിവരവും പരസ്യമാക്കിയതിന് രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ജല്‍ഗാവില്‍ ദളിത് കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. 10 ദിവസത്തിനകം രാഹുല്‍ ഗാന്ധി മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍‌ദ്ദേശം. ചിരബസാര്‍ സ്വദേശിയായ അമോള്‍ ജാദവാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.

ആക്രമണത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ നടപടിയെന്നും പോക്സോ നിയമപ്രകാരമാണ് രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ ഗുഖേ പറഞ്ഞു.

ഉയർന്ന ജാതിക്കാരുടെ കുളത്തിലിറങ്ങിയതിന് കഴിഞ്ഞ ആഴ്ചയാണ് ജല്‍ഗാവില്‍ ഒരുസംഘം ആളുകള്‍ കുട്ടികളെ മര്‍ദ്ദിച്ചത്. കുട്ടികളെ നഗ്നരാക്കിയശേഷം ബെല്‍റ്റും വടികളും  ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വിവസ്ത്രരാക്കി കുട്ടികളെ പൊതുനിരത്തിലൂടെ നടത്തുകയും ചെയ്തു. കുട്ടികലെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇൗ വീഡിയോയാണ് രാഹുല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തിൻറെ  ഉടമയുള്‍പ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കുകയും കുട്ടികളെ താല്‍ക്കാലികമായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.