Web Desk

മഥുര:

February 07, 2021, 8:55 pm

ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് മാറ്റണമെന്ന ഹർജിയിൽ നോട്ടീസ്

Janayugom Online

ഉത്തർപ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് ആരാഞ്ഞ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് കോടതിയുടെ നോട്ടീസ്. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നാണ് 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മസ്ജിദ് നിൽക്കുന്നത്. പള്ളി ക്ഷേത്രത്തിന്റെ സ്ഥലത്താണുള്ളതെന്നും അത് പൊളിച്ച് നീക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ചിരുന്ന ഹർജി കഴിഞ്ഞ ഒക്ടോബറിൽ മഥുര സിവിൽ കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ പ്രതിനിധീകരിച്ച് പൂജാരിയാണ് അപ്പീൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി ദേവ് കാന്ത് ശുക്ല ഫയലിൽ സ്വീകരിച്ചു. സ്യൂട്ട് നിലനിർത്താവുന്നതാണെന്നും അതിനാൽ വിശദമായ വാദം കേൾക്കാൻ അനുവാദമുണ്ടെന്നും ജില്ലാ ഗവൺമെന്റ് കൗൺസിലർ (സിവിൽ) സഞ്ജയ് ഗൗർ പറഞ്ഞു.

കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിന്റെ 13.37 ഏക്കർ ഭൂമി കൈകാര്യം ചെയ്യാനുള്ള അവകാശം പൂർണമായി ക്ഷേത്രത്തിന് വിട്ടു നൽകുക, ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാനും ഷാഹി ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റിയും തമ്മിലുള്ള ഭൂമി കരാർ അംഗീകരിച്ച് ക്ഷേത്രത്തിന് സമീപം പള്ളി നിലനിൽക്കാൻ അനുവദിച്ചുകൊണ്ടുള്ള 1967 ലെ മഥുര കോടതിയുടെ വിധി റദ്ദാക്കുക, പള്ളി നിലവിലെ സ്ഥലത്ത് നിന്ന് പൊളിച്ച് നീക്കണമെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്കും ലഖ്നൗവിലെ സുന്നി വഖഫ് ബോർഡിന്റെ പ്രസിഡന്റിനും നിർദ്ദേശം നൽകുക എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

പുതിയ ഹർജിയിൽ അടുത്ത വാദം കേൾക്കുന്ന മാർച്ച് എട്ടിനകം നിലപാട് അറിയിക്കണമെന്നാണ് ലഖ്നൗ, സുന്നി വഖഫ് ബോർഡ് പ്രസിഡന്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് കത്രാ കേശവ് ദേവ് ക്ഷേത്രം, ശ്രീ കൃഷ്ണ സേവാ സൻസ്ഥാൻ എന്നിവയുടെ ട്രസ്റ്റിമാർക്ക് അയച്ച നോട്ടീസിൽ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ENGLISH SUMMARY: Notice on peti­tion to demol­ish Eidgah Masjid

YOU MAY ALSO LIKE THIS VIDEO