Janayugom Online
Arnab Goswami- Janayugom

അർണബ് വീണ്ടും കുരുക്കിൽ: 200 കോടി നഷ്ടപരിഹാരം തേടി നോട്ടീസ്

Web Desk

മുംബൈ

Posted on October 15, 2020, 9:58 pm

റിപ്പബ്ലിക് ടിവിക്കും എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരെ മാനനഷ്ട ആരോപണം ഉന്നയിച്ച് 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്. മരണമടഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ സുഹൃത്തും നിർമാതാവുമായ സന്ദീപ് സിങാണ് നോട്ടീസയച്ചത്. 

ക്രിമിനൽ ഉദ്ദേശ്യത്തോടെയും തന്നെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയും വാർത്താ ചാനൽ നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചതായി സന്ദീപ് സിങ് നോട്ടീസിൽ ആരോപിക്കുന്നു. ചാനലും അർണബ് ഗോസ്വാമിയും സന്ദീപിനെ സുശാന്തിന്റെ മരണത്തിലെ പ്രധാന ഗൂഢാലോചനക്കാരൻ, കൊലപാതകി എന്നിങ്ങനെ വിശേഷിപ്പിച്ചതായും നോട്ടീസിൽ പറയുന്നു. 

ചാനലിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായകരമാകുന്ന വിധത്തിൽ ഇടപെട്ടില്ലെങ്കിൽ, സന്ദീപിനെതിരെ വാർത്ത സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ചാനലിനുള്ളിൽ ചർച്ചകൾ നടന്നതായി റിപ്പബ്ലിക് ടിവിയിലെ തന്റെ പരിചയക്കാർ അറിയിച്ചതായും ചൂണ്ടിക്കാട്ടുന്നു. തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത നിരവധി പ്രോഗ്രാമുകളുടെ വിവരങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബോളിവുഡ് വ്യവസായത്തെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് 38 ബോളിവുഡ് നിർമ്മാതാക്കളും അസോസിയേഷനുകളും റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് സന്ദീപ് സീങ് നഷ്ടപരിഹാരം ആവശ്യപ്പെടുകൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയടക്കം ചില ചാനലുകൾ ടിആർപി റേറ്റിങ് നിയമവിരുദ്ധമായി വർധിപ്പിക്കുന്നതായ ആരോപണം മുംബൈ പൊലീസ് അന്വേഷിച്ചുവരികയാണ്. 

ENGLISH SUMMARY: Notice seek­ing Rs 200 crore com­pen­sa­tion for Arnab
You may also like this video