ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും നോട്ടീസ്

Web Desk
Posted on July 18, 2019, 10:48 pm

ന്യൂഡല്‍ഹി: ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസ്. നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഇവ നടത്തുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയുള്ള ചില ചോദ്യങ്ങള്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമിതമായി ശേഖരിക്കുന്നുണ്ടോ എന്നും അത് അനധികൃതമായി പരസ്യപ്പെടുത്തുന്നുണ്ടോ എന്നുമുള്ള 21 ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ഹെലോയ്ക്കും ടിക് ടോകിനും നിയന്ത്രണം വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ, ഇ സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നിരവധി കുറ്റകൃത്യങ്ങളും അപകടങ്ങളും ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ കാരണം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐ ടി മന്ത്രാലയത്തിന്റെ നടപടി. ഈ മാസം 22നകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ടിക് ടോക്കും ഹെലോയും അമിതമായി ശേഖരിക്കാറുണ്ടോ എന്നും വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നില്ലെന്ന് സര്‍ക്കാരിന് എന്ത് ഉറപ്പ് നല്‍കാനാകുമെന്നുള്ള ചോദ്യങ്ങള്‍ നോട്ടീസിലുണ്ട്. സമൂഹമാധ്യമങ്ങളിലെ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി തുക ചെലവഴിച്ചെന്ന ആരോപണവും ഇവയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ഏപ്രില്‍ മാസമാണ് ഇന്ത്യയില്‍ ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക് നിരോധിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ടിക് ടോക് ഒഴിവാക്കുകയും ചെയ്തിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം ഉപാധികളോടെ നീക്കി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

YOU MAY LIKE THIS VIDEO ALSO