Web Desk

ന്യൂഡല്‍ഹി:

February 01, 2021, 7:46 pm

ട്രാക്ടർ റാലി: ഉടമകൾക്ക് പൊലീസ് നോട്ടീസ്

Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് എത്തിയ ട്രാക്ടറുകളുടെ ഉടമകളുടെ മേല്‍വിലാസം കണ്ടെത്തി അവര്‍ക്കെല്ലാം നോട്ടീസ് അയക്കുമെന്ന് ഡല്‍ഹി എസിപി ബികെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഡല്‍ഹി പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യായിരത്തോളം വീഡിയോകളും ഫോട്ടോകളുമാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ശേഖരിച്ചിട്ടുള്ളത്. 50 നോട്ടിസുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. ട്രാക്ടറുകളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറി ഉടമകളെ കണ്ടെത്തും. തുടര്‍ന്ന് അവര്‍ക്കെല്ലാം നോട്ടീസ് അയക്കാനാണ് നീക്കം.

അതേസമയം ഉത്തര്‍പ്രദേശിലും ഇരുനൂറിലധികം ട്രാക്ടറുടമകള്‍ക്ക് പൊലീസ് നോട്ടീസ് നൽകി. സിക്കന്തര്‍പുര്‍ സ്റ്റേഷന്‍ പരിധിയിലുള്ള 200 ഓളം ട്രാക്ടറുടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി സംസ്ഥാന പൊലീസ് വകുപ്പ് വ്യക്തമാക്കി. അനധികൃത ഖനനം ഉള്‍പ്പെടെയുള്ള കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ട്രാക്ടറുകള്‍ക്കാണ് നോട്ടീസ് നല്‍കിയതെന്ന് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബാല്‍ മുകുന്ദ് മിശ്ര അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമായി നോട്ടീസിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.