ഈദ് ദിനത്തില്‍ ജനമനസുകളില്‍ ഇടംനേടി നൗഷാദ്

Web Desk
Posted on August 12, 2019, 8:41 pm
ഷാജി ഇടപ്പള്ളി

കൊച്ചി : ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കിയ ഈദ് ദിനത്തില്‍ കേരളം ഏറ്റെടുത്തത് എറണാകുളത്തെ വസ്ത്ര വില്പനക്കാരനായ നൗഷാദിന്റെ നല്ല മനസിനെയാണ്. മഴക്കെടുതിയിലും പ്രകൃതി ദുരന്തന്തിലും വിറങ്ങലിച്ചു നില്‍ക്കുന്ന സമൂഹത്തിന് മുന്നില്‍ തന്നാല്‍ കഴിയുന്ന സഹായം നല്‍കി ആരെയും അത്ഭുതപ്പെടുത്തിയ നൗഷാദ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ പ്രളയ ബാധിതര്‍ക്ക് നല്‍കുന്നതിന്എറണാകുളം ബ്രോഡ്‌വേയില്‍ സാധനങ്ങള്‍ ശേഖരിക്കാനെത്തിയ നടന്‍ രാജേഷ് ശര്‍മ്മയേയും സംഘത്തെയും കണ്ടപ്പോള്‍ അവര്‍ക്ക് താന്‍ പെരുനാള്‍ വില്‍പനക്കായി കൊണ്ടുവന്നിവച്ചിട്ടുള്ള വസ്ത്രങ്ങള്‍ ചാക്കില്‍ നിറച്ചു നല്‍കിയാണ് നൗഷാദ് അവരെ പ്രോത്സാഹിപ്പിച്ചത്. ’ നമ്മള്‍ പോവുമ്പോള്‍ ഇതൊന്നും ഇവിടുന്നു കൊണ്ടുപോവാന്‍ പറ്റില്ലല്ലോ.. കൊടുക്കുന്നതെല്ലാം തിരിച്ചുകിട്ടും …’ എന്ന് നൗഷാദ് പ്രതികരിച്ചതോടെ രാജേഷ് ശര്‍മ്മ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ വികാരപരമായാണ് കണ്ടവര്‍ ഏറ്റെടുത്തത്. നൗഷാദിനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹവുമെത്തി. ദുരിതബാധിതരെ സഹായിക്കുന്നതില്‍ നിന്നും മടിച്ചുനിന്ന അനേകമാളുകള്‍ക്കാണ് നൗഷാദിന്റെ പുണ്യപ്രവൃത്തി പ്രോചോദനമായത്.

മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നൗഷാദിന്റെ പുണ്യപ്രവൃത്തിയെ അഭിനന്ദിച്ചു പോസ്റ്റിട്ടത്. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് സ്റ്റാറ്റസുകളായും നൗഷാദിന്റെ ഫോട്ടോ ഇടംപിടിച്ചു. വഴിയോരക്കച്ചവടക്കാരനായ നൗഷാദ് പെരുനാള്‍ കച്ചവടം ലക്ഷ്യം കണ്ടാണ് കൂടുതല്‍ തുണിത്തരങ്ങള്‍ വില്പനക്ക് കൊണ്ടുവന്നു വച്ചിരുന്നത്. മഴയായതിനാല്‍ ഇക്കുറി കാര്യമായ കച്ചവടം നടന്നില്ല. നഷ്ടത്തില്‍ നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ദുരന്തമെത്തിയത്. പിന്നെയൊന്നും ആലോചിക്കാതെ ദുരിത ബാധിതരെ സഹായിക്കാനായി തന്നെ സമീപിച്ച എല്ലാവര്‍ക്കും കടയില്‍ അവശേഷിച്ചിരുന്ന തുണിത്തരങ്ങള്‍ ചാക്കില്‍ നിറച്ചു നല്‍കുകയായിരുന്നു. നൗഷാദിന്റെ ആ സമീപനം കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറച്ചു.പ്രമുഖ ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് വേറിട്ട രീതിയിലാണ് നൗഷാദിന് അഭിനന്ദനവുമായി രംഗത്തെത്തിയത്’.

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു സൃഷ്ട്ടി സമ്മാനിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹം ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡാവിഞ്ചിയുടെ വീടിന്റെ പടിവരെയും ഇക്കുറി വെള്ളമെത്തി. മഴ കുറഞ്ഞപ്പോള്‍ ഇന്ന് ചെളിയും ചവറും മറ്റും ശുചിയാക്കുന്നതിനായി വീട്ടില്‍ ചെന്നപ്പോഴാണ് തുണികള്‍ എടുത്തുമാറ്റുന്നതിനിടയില്‍ നൗഷാദിന്റെ നന്മക്ക് തുണികൊണ്ടു തന്നെ ആദരവായി ചിത്രം വരക്കാന്‍ ഈ തയാറായതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. രണ്ടു മണിക്കൂറോളമെടുത്താണ് 12 അടി നീളവും 8 അടി വീതിയുമുള്ള ചിത്രം പൂര്‍ത്തിയാക്കിയത്. രൂപ സാദൃശ്യത്തിന് പറ്റിയ സ്വന്തം വീട്ടിലെ വസ്ത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. നിരവധി പേര്‍ നൗഷാദിന്റെ രേഖാചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വൈപ്പിന്‍ മലപ്പുറം സ്വദേശയായ നൗഷാദ് കഴിഞ്ഞ പ്രളയകാലത്തും തുണിത്തരങ്ങള്‍ ക്യാമ്പുകളിലേക്ക് നല്‍കാനായി കൊടുത്തിരുന്നു. ഭാര്യ നിസയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ഇതിനിടെ നൗഷാദിന് സ്‌നേഹ സമ്മാനപ്രഖ്യാപനവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.