September 29, 2023 Friday

‘തുല്യത’ ഖനനം ചെയ്യുന്ന നോവൽ

ഹരീഷ് റാം
May 28, 2023 3:00 am

‘തുല്യത’ എന്ന വാക്കിന്റെ ആഴങ്ങൾ ഖനനം ചെയ്യുന്ന നോവലാണ് ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം. യാഥാർത്ഥ്യവും മിത്തും ചരിത്രവും ഇഴചേരുന്ന ഈ നോവലിന് ആത്മീയതയുടെ ഒരനുഭൂതികൂടിയുണ്ട്. ഇതൊരു യാത്രയാണ്. വർത്തമാനകാലത്തിൽ നിന്ന് ആരംഭിച്ച് രണ്ടായിരം വർഷങ്ങൾക്ക് പിന്നിലേക്കൊരു യാത്ര. ഒടുവിൽ വർത്തമാനകാലത്തിലേക്കുതന്നെയുള്ള മടക്കം. വിസ്മരിക്കപ്പെട്ട ചില ചരിത്രങ്ങളും ബോധപൂർവം നശിപ്പിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും പുരുഷമേൽക്കോയ്മയുടെ ആന്തരികവും ബാഹ്യവുമായ കടന്നുകയറ്റങ്ങളും മതത്തിന്റെ പേരിൽ പിതൃകേന്ദ്രീകൃതമായ ഭരണകേന്ദ്രങ്ങൾ പെണ്ണിനെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ നേർസാക്ഷ്യങ്ങളും വർത്തമാനകാല യാഥാർഥ്യവും നിറയുന്ന സ്ത്രീകേന്ദ്രീകൃതമായ നോവലാണ് പ്രീത് ചന്ദനപ്പള്ളി എഴുതിയ ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം.
പന്ത്രണ്ട് ശിഷ്യരെ യേശു അന്വേഷിച്ചുകണ്ടെത്തി. മഗ്ദലേനക്കാരി മറിയയാവട്ടെ ഗുരുവിനെ അന്വേഷിച്ചുചെന്നതുമാണ്. ഗുരു പറഞ്ഞ സ്വർഗരാജ്യത്തിന്റെ രഹസ്യം, ആത്മാവിനെ കുറിച്ചുള്ള രഹസ്യമായിരുന്നു. തിരിച്ചറിയാൻ പാകമായ ഹൃദയം ഉണ്ടായിരുന്നത് മഗ്ദലേനക്കാരി മറിയയ്ക്കായിരുന്നു. ഗുരുവായ യേശു ആത്മരഹസ്യവും ജ്ഞാനവും പകർന്നുനൽകിയത് തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയായ മറിയയ്ക്കായിരുന്നു. അങ്ങനെയുള്ള മറിയ എങ്ങനെ ബൈബിളിൽ നിന്നും ഒഴിവാക്കപ്പെട്ടു? അവൾ എങ്ങനെയാണ് വേശ്യ എന്ന് മുദ്രകുത്തപ്പെട്ടത് ? പുരുഷകേന്ദ്രീകൃതമായ മത-ആത്മീയ കേന്ദ്രങ്ങൾ വളരെ തന്ത്രപൂർവം മറിയയേയും മറിയയുടെ ജീവചരിത്രത്തെയും വിശുദ്ധവചനങ്ങളെയും ഒഴിവാക്കിയെന്നതാണ് ചരിത്രസത്യം. ആ ചരിത്രസത്യത്തിലേക്കാണ് പ്രീത് ചന്ദനപ്പള്ളിയുടെ നോവൽ മറീനാബീച്ചിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ഭൂതകാലചരിത്രത്തിൽ മാത്രമല്ല, വർത്തമാനകാലത്തിലും ഒഴിവാക്കലുകൾ ഭരണാധികാരികൾ തുടരുകയാണ്. ജനാധിപത്യത്തിന്റെ ഇന്നുകളിൽ ഇങ്ങനെയെങ്കിൽ ഭൂതകാലത്തിലെ ഏകാധിപത്യത്തിന്റെ മരുഭൂമികളിൽ എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളു. അത് ഒരു സാമുഹിക മനഃശാസ്ത്രമാണ്. പുരുഷൻ സൃഷ്ടിച്ച കെട്ടുകഥകൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു മിഥോളജി സ്ട്രക്ചറുണ്ട് നമുക്ക് ചുറ്റം. അതിനെ തകർക്കാനായി വരുന്നത് ആരായിരുന്നാലും അവരെ ആദ്യം ക്രൂശിലേറ്റാൻ ശ്രമിക്കും. ആശയങ്ങൾ തകർന്നില്ലെങ്കിൽ ആശയങ്ങളുടെ ആവരണങ്ങളിലേക്ക് അസത്യങ്ങൾ കടന്നുകയറി അധിപത്യം ഉറപ്പിക്കുമെന്നാണ് ഇമ്മാനുവേൽ, പീറ്ററിനോട് പറയുന്നത്.
ഈ നോവലിലെ ഓരോ അധ്യായത്തിനും കവിത തുളുന്ന പേരുകളാണ് എഴുത്തുകാരൻ നൽകിയിരിക്കുന്നത്. പുഴയുടെ ഭാഷപോലെ ലളിതമെങ്കിലും ആഴങ്ങൾ ഏറെയുള്ളതാണ്. ഏറെ ആഴത്തിൽ മുങ്ങിയെടുക്കേണ്ടതാണ് ഈ ആത്മീയാനുഭവത്തിന്റെ എഴുത്ത്. പ്രയോഗിക്കുന്ന വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന ധ്യാനം. കാര്യത്തിൽ നിന്ന് അകലാതെയുള്ള അവതരണം, പ്രമേയത്തിന്റെ സൂക്ഷ്മമായ തിരഞ്ഞെടുപ്പും അതിനുള്ളിലൂടെ എഴുത്തുകാരന്റെ ഏകാന്തമായ പര്യവേക്ഷണവും തപസും തന്റെ നേരനുഭവങ്ങളും വായനയിലൂടെ കടഞ്ഞെടുത്ത ലോകവും പ്രകൃതിയും ദൈവചിന്തകളും എല്ലാം ക്രമമായിവരുമ്പോൾ നോവൽ ഹൃദയസ്പർശിയാകുന്നു. ഖലീൻ ജിബ്രാനും ഓഷോയും സിമോൺ ദി ബുവെയും ജിദ്ദു കൃഷ്ണമൂർത്തിയും കെ വി തമ്പി മാഷും തോമസ് അകംബൈസും സച്ചിദാനന്ദനും വൈലോപ്പിള്ളിയും ഏക്ഹാർട്ട് ടോളെയും സുഭാഷ് ചന്ദ്രനും ഒക്കെ സന്ദർഭോചിതമായി എഴുത്തുകാരനോട് ചേർന്ന് പ്രമേയത്തിൽ ഇടപെട്ടുപോകുന്നുണ്ട്.

പീറ്ററും ഇമ്മാനുവേലും എഴുത്തുകാരന്റെ രണ്ട് അതിരുകളാണ്. ചോദ്യവും ഉത്തരവുമാകുന്ന സ്വത്വങ്ങൾ. രണ്ടുകാലങ്ങൾ, ആവർത്തിക്കപ്പെടുന്ന പ്രവണതകൾ. സ്ത്രീയുടെ നോവിന്റെ വേവുനിലങ്ങളായ അന്തഃപുരങ്ങൾ കൃത്യമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. മഗ്ദലേനയിലെ മറിയവും മറിയ ഫെർണാണ്ടസും രണ്ടുകാലങ്ങളുടെ പ്രതിനിധികളാണെങ്കിലും ജീവിതാനുഭവങ്ങളിൽ അവർ ഒന്നാകുന്നു. എങ്കിലും ഈ കാലത്തിന്റെ പ്രതിനിധിയായ മറിയ ഫെർണാണ്ടസിന്റെ നോവ് ഒരുപടി മുന്നിൽ നിൽക്കുന്നു. അങ്ങനെ എത്രയോ പേരുടെ അനുഭവങ്ങളുടെ തീയിലാണ് കാലം വെന്ത് പാകമാകുന്നത്. പിന്നെ എന്ത് മാറ്റമാണ് ഈ ലോകത്ത് ഉണ്ടായിരിക്കുന്നത് ? നോവലിസ്റ്റിന്റെ ഉള്ളിൽ നിന്ന് ഒരു ചോദ്യം സമൂഹത്തിനു മുന്നിലേക്ക് എറിയുകയാണ്.
മറിയ ഫെർണാണ്ടസ്, ഒരു കുടുംബനേർച്ചയുടെ പരിണിതഫലമായി കന്യാസ്ത്രീയായവളാണ്. നേർച്ചകളിൽ, അതിനു തയാറാവേണ്ടുന്നവരുടെ തീരുമാനം കൂടി അനിവാര്യമല്ലേ? എന്ന ചോദ്യത്തിന് ഉത്തരം നോവൽ തേടുന്നു. എങ്കിലും അവൾ സിസ്റ്റർ എയ്ഞ്ചൽ മേരിയായി അതിനെ സന്തോഷമാക്കി. രഘുത്തമനെ ജയിലിൽ വെച്ച് കാണുന്നത് വഴിത്തിരിവായി. അയാളുടെ മകൾ കവിതയെ തേടിയുള്ള യാത്രയിൽ കാമാത്തിപുരയുടെ ഗന്ധങ്ങളിലും ഉഷ്ണത്തിലും അവൾ സ്വയമിറങ്ങി. ചിലർക്കേ അങ്ങനെ ആവാൻ കഴിയൂ. സ്വയം തിരിച്ചറിവിന്റെ ആത്മബോധം. സഹനത്തിന്റെ ദൈവീകത.

മതത്തിന്റെയും ലിംഗബോധത്തിന്റെയും മറുപുറം തേടുകയാണ് നോവൽ. ലൈംഗിക വീക്ഷണത്തിന് ഉപരിയായി സ്ത്രീയെയും പുരുഷനെയും പൂർണമനുഷ്യരായി കാണാനുള്ള കണ്ണുണ്ടാകുക. മതം സ്‌നേഹത്തിന്റെ പൂക്കൾ വിരിയുന്നതാവണം. അല്ലാതെ സ്വന്തം പോക്കറ്റ് നിറക്കുന്നതിനുള്ള കുതന്ത്രങ്ങൾ ആവരുത്. സദാചാരത്തിന്റെ മുള്ളുകൾ മുളക്കുന്നതാവരുത്. ഒരു ചെടിയിൽ വിരിയുന്നത് ഒരേ നിറവും സുഗന്ധവും ഉള്ള പൂക്കളാണ്. ഏത് നിറവും സുഗന്ധവും ആകട്ടെ, അതിനോട് സമരസപ്പെട്ട് അതാവുക. അതാവണം മതം. സ്‌നേഹത്തിന്റെ മതം. അവനവന്റെ ആത്മാവിനെ അറിയുന്ന മതം. അയൽക്കാരനെ സ്‌നേഹിക്കുന്ന മതം. മുട്ടുമ്പോൾ തുറക്കുന്ന കരുണയുള്ള മതം. ഈ നിമിഷത്തിൽ ആനന്ദിക്കുക. അറപ്പുരയിൽ കൂട്ടിവെക്കുന്നതിലും ഉത്തമം ആനന്ദത്തോടെ അനുഭവിക്കുന്നതാണ്.
നോവൽ ക്ഷമയുടെ വഴിത്താരകൾ തേടുന്നു. ശ്രീബുദ്ധന്റെ മുഖത്ത് ഒരാൾ തുപ്പി. ദേഷ്യം കൊണ്ട് ഉരുകിയ ശിഷ്യനോട് ബുദ്ധൻ പറഞ്ഞു ‘അയാളുടെ കർത്തവ്യം സ്വയം ഏറ്റെടുക്കാതിരിക്കുക, എനിക്കിതായൊന്ന് മുഖം തുടക്കേണ്ടതേയുള്ളു.’ എഴുന്നേറ്റ് കൂജയിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി. സിദ്ധാർത്ഥനിൽ നിന്ന് ബുദ്ധനിലേക്ക് ഒരുപാട് ദൂരമുണ്ട്. നോവലിൽ കടന്നുവരുന്ന പ്രദേശങ്ങൾ, പത്തനംതിട്ടയിലെ തേക്കുതോട് മുതൽ മുതൽ മഗ്ദലേനയിലേക്കും ബെഥാന്യയിലേക്കുമുള്ള ദൂരങ്ങൾ ചുരുക്കുകയാണ് ഗെമാറ. ഈ ദേശങ്ങളിൽ അത്തറിന്റെ സുഗന്ധം പരത്തുകയാണ്. സുഗന്ധം വായനക്കാരനെ മത്തുപിടിപ്പിക്കുന്നു. ഓരോ കാലത്തിന്റെയും പ്രദേശത്തിന്റെയും ഭാഷകളെ സമന്വയിപ്പിക്കുകയാണ്. മത പൗരോഹിത്യത്തിന്റെ സ്വർണക്കരണ്ടികൾ കടലിൽ എറിയുകയാണ്. ലോകസാഹിത്യത്തിന്റെ പച്ചപ്പുകളിലൂടെ നടക്കുകയാണ്.
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും ഗീതികൾ ആലപിക്കുകയാണ്. സ്വയം ആത്മാവിൽ സമർപ്പിതമാവുകയാണ്. ഗെമാറ, മഗ്ദലേനയുടെ സുവിശേഷം മാത്രമല്ല. എക്കാലത്തിന്റെയും തിരുത്തിന്റെയും സുവിശേഷമാണ്. യഥാർത്ഥ സുവിശേഷത്തിന്റെ പൊട്ടിപോകാത്ത ആത്മാവിന്റെ ഇഴകളിൽ വരിഞ്ഞെടുത്ത ഒരു നൂലാണ് ഈ നോവൽ.

 

ഗമാറ മഗ്ദലേനയുടെ (സു)വിശേഷം
(നോവൽ)
പ്രീത് ചന്ദനപ്പള്ളി
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 280 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.