സ്‌ത്രൈണതയുടെ പുനരെഴുത്തുകള്‍

Web Desk
Posted on June 22, 2018, 8:30 am
  • കെ ആര്‍ മീരയുടെ കഥകളും നോവലുകളും

ഇന്ദു ആര്‍

‘ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നു പറയാം
ഭൂമിയില്‍ മരണത്തെക്കാള്‍ അനിശ്ചിതത്വം
പ്രണയത്തിന് മാത്രമേയുള്ളൂ’(ആരാച്ചാര്‍)
ഉത്തരാധുനികതയുടെ ആഖ്യാന പരിസരങ്ങളില്‍ നിന്നുകൊണ്ട് സമകാലീന സാമൂഹിക സാംസ്‌കാരിക ഇടങ്ങളെ ശക്തമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് കെ ആര്‍ മീര.
മീരയുടെ രചനകളില്‍ സ്ത്രീശരീരത്തിന്റെ ആഖ്യാനം, സ്‌ത്രൈണത, ലൈംഗികത, ശരീരം എന്നിവയെക്കുറിച്ചുള്ള സ്ത്രീയുടെ സ്വതന്ത്രപരമായ കാഴ്ചപ്പാടുകള്‍ എന്നിവ ആവിഷ്‌കരിക്കപ്പെടുന്നു. സ്ത്രീയനുഭവങ്ങള്‍ക്ക് മേലുള്ള സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയേറുന്ന ആധുനികാനന്തരതയില്‍ സ്ത്രീയുടെ ഉടലെഴുത്ത് പുരുഷാധിപത്യ സങ്കല്‍പങ്ങളോടുള്ള നിരാകരണമാണ്. എന്നാല്‍ തികഞ്ഞ ഒരു ഫെമിനിസ്റ്റ് വീക്ഷണമൊന്നും കെ ആര്‍ മീരയുടെ രചനകളിലില്ല. പുരുഷവീക്ഷണങ്ങളെക്കൂടി അംഗീകരിച്ചുകൊണ്ടും ഉള്‍ക്കൊണ്ടുമുള്ള രചനാരീതിയില്‍ സ്ത്രീയുടെ വിധേയത്വ മനോഭാവത്തിനു പിന്നില്‍ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഉള്‍ക്കരുത്തിന്റെ പ്രോജ്ജ്വലതയെയാണ് മീര കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്.

‘ആരാച്ചാരി‘ലെ ചേതനാഗൃദ്ധാമല്ലിയും, ‘മീരാസാധു‘വിലെ തുളസിയുമെല്ലാം ഇതടയാളപ്പെടുത്തുന്നു. മീരയുടെ മിക്ക കഥകളിലും ശക്തമായ ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി കടന്നുവരുന്നുണ്ട്. പുരുഷനോടുള്ള എതിര്‍പ്പുകള്‍ക്കും സമരസപ്പെടലുകള്‍ക്കുമപ്പുറം സ്വന്തം സ്വത്വം ഉറപ്പിച്ചെടുക്കുന്ന ഉള്‍ക്കരുത്താര്‍ന്ന സ്ത്രീകഥാപാത്രങ്ങളെയാണ് കൃതികളില്‍ കാണുവാന്‍ സാധിക്കുന്നത്. സ്ത്രീപക്ഷ വായനയ്ക്കപ്പുറത്തേക്ക് നീളുന്ന ഒരു സാമൂഹിക സാംസ്‌കാരികതലം കൂടി മീരയുടെ രചനകള്‍ക്കുണ്ട്.

ജീവിതസംഘര്‍ഷങ്ങളുടെ ഭാവതിവ്രതകളെ വാക്കുകളിലേക്കും ആവാഹിക്കുവാന്‍ കെ ആര്‍ മീരയ്ക്ക് സാധിക്കുന്നു. ഭാവാത്മകതയും വൈകാരികാനുഭൂതിയുമാണ് മീരയുടെ എഴുത്തിനെ ആകര്‍ഷകമാക്കുന്നതും പ്രണയം. ഏകാന്തത, കാത്തിരിപ്പ്, സാമൂഹീജീര്‍ണതകള്‍, സമകാലിക സാമൂഹികാവസ്ഥകള്‍, മതം- അധികാരവ്യവസ്ഥിതികള്‍, സ്ത്രീസ്വകാര്യതകള്‍, സ്ത്രീ-പുരുഷ വീക്ഷണ വിപര്യയങ്ങള്‍, സ്‌ത്രൈണതയുടെ ഉള്‍ക്കരുത്ത് പേറുന്ന സ്ത്രീജീവിതങ്ങള്‍ എന്നിങ്ങനെ ഒരേ സമയം ലളിതവും ആര്‍ജവവുമാര്‍ന്ന വിഷയങ്ങള്‍ കഥാപരിസരത്തെ ബഹുസ്വരമാക്കുന്നു. സമകാലികാവസ്ഥകളെയും രാഷ്ട്രീയ പരിസരത്തെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന രചനകളുമുണ്ട്. ‘പെണ്‍പഞ്ചതന്ത്രവും’ ‘ഭഗവാന്റെ മരണവും’ അപ്രകാരമുള്ള കഥാസമാഹാരങ്ങളാണ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അപചയങ്ങളെ തുറന്നുകാട്ടുവാനുള്ള ആര്‍ജ്ജവം എഴുത്തുകാരിയില്‍ പ്രകടമാണ്.
നര്‍മബോധവും ഐറണിയും കലര്‍ന്ന ആഖ്യാനശൈലിയിലൂടെ പ്രമേയങ്ങളെ തീക്ഷ്ണമായ സവേദനക്ഷമതയോടുകൂടി എഴുത്തുകാരി ആവിഷ്‌കരിക്കുന്നു. സമകാലികത, പൂര്‍വചരിത്രങ്ങള്‍, പുരാണകഥാ സന്ദര്‍ഭങ്ങള്‍ എന്നിവയെ പ്രമേയത്തിനനുഗുണമായ രീതിയില്‍ യുക്തിയുക്തമായി കൂട്ടിച്ചേര്‍ക്കുവാനുള്ള രൂപശില്‍പനിര്‍മാണവും സ്വതസിദ്ധമായ വീക്ഷണങ്ങളിലൂടെ അതിനെ വ്യാഖ്യാനിക്കുവാനുള്ള കഴിവുമാണ് ഇതര സമകാലിക എഴുത്തുകാരില്‍ നിന്നും കെ ആര്‍ മീരയെ വ്യത്യസ്തയാക്കുന്നത്. മലയാള ചെറുകഥ‑നോവല്‍ സാഹിത്യത്തിന്റെ സമകാലിക ഭാവുകത്വത്തെ ഈ എഴുത്തുകാരി സമ്പന്നമാക്കുന്നു.
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ ആര്‍ മീര കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിനിയാണ്. കേരളസര്‍വകലാശാലയില്‍ നിന്നു ബിരുദവും ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി. 1993ല്‍ മലയാളമനോരമയില്‍ പത്രപ്രവര്‍ത്തകയായി ചേര്‍ന്നു. 2006ല്‍ ജോലി രാജിവച്ചു. 2001 മുതല്‍ കഥകളും നോവലുകളും എഴുതിക്കൊണ്ട് മലയാള നോവല്‍-ചെറുകഥാസാഹിത്യത്തില്‍ ശക്തമായ സ്ത്രീസാന്നിധ്യമായി നിലകൊള്ളുന്നു.

മോഹമഞ്ഞ, ഓര്‍മയുടെ ഞരമ്പ്, സര്‍പ്പയജ്ഞം, ആവേമരിയ, ഗില്ലറ്റിന്‍, വാര്‍ത്തയുടെ ഗന്ധം, ശൂര്‍പ്പണഖ, പെണ്‍പഞ്ചതന്ത്രവും മറ്റു കഥകളും എന്നിവയെല്ലാം മികച്ച ശ്രദ്ധേയമായ ചെറുകഥകളാണ്.

കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീതസാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളിലൂടെയും നേത്രോമ്പിലനം, ആരാച്ചാര്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നീ നോവലുകളിലൂടെയും സമകാല മലയാള ചെറുകഥ നോവല്‍ സാഹിത്യത്തില്‍ സജീവമായ ഇടപെടല്‍ കെ ആര്‍ മീര നടത്തുന്നു. സാഹിത്യത്തില്‍ മുമ്പും പരാമര്‍ശിക്കപ്പെട്ടിരുന്ന പ്രമേയങ്ങള്‍ തന്നെയാണ് കഥാപരിസരങ്ങളില്‍ നിലനില്‍ക്കുന്നതെങ്കിലും ആവിഷ്‌കാരത്തിലെ നൂതന സവേദനാത്മകതയാണ് മീരയുടെ രചനകളെ വ്യത്യസ്തമാക്കുന്നത്.