നാളെ നിലമ്പൂർ സ്വന്തം ഭാവിയെ സംബന്ധിക്കുന്ന നിർണായക തീരുമാനം കൈക്കൊള്ളും. സ്വാഭാവികമായും അത് കേരളത്തിന്റെ രാഷ്ട്രീയഭാവിയെ സംബന്ധിച്ച ദിശാസൂചകം കൂടിയായിരിക്കും. മൂന്നാഴ്ചയോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറെ പ്രചണ്ഡമായ ഒന്നായിരുന്നു. അതിനെ തീവ്രതരമാക്കിയത് തെരഞ്ഞെടുപ്പിലേക്ക് നയിച്ച രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിതമായി വികസിച്ചുവന്ന വഴിത്തിരിവുകളുടെ വേഗതയും പരിണാമഗുപ്തിയുമാണെന്ന് കരുതുന്നതിൽ തെറ്റില്ല. ഈ തെരഞ്ഞെടുപ്പ് നിലമ്പൂരിലെ ജനങ്ങളുടെമേൽ അടിച്ചേല്പിക്കപ്പെട്ട ഒന്നാണ്. എൽഡിഎഫിന്റെ പിന്തുണയോടെ രണ്ടുവട്ടം ആ നിയോജകമണ്ഡലത്തിൽനിന്നും ജയിച്ച് എംഎൽഎ ആയ പി വി അൻവർ തനിക്ക് ലഭിച്ച ജനകീയ അനുശാസനത്തെ അപ്പാടെ അവഗണിച്ചാണ് മുന്നണിയെയും ജനങ്ങളെയും വഞ്ചിച്ച് മുന്നണിയിൽനിന്നും പുറത്തുപോയത്. അൻവറിന്റെ കൂടുമാറ്റവും രാജിയുമാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. അൻവറിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, അപമാനിതനായി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ഒറ്റയ്ക്ക് മത്സരിക്കാനും രാഷ്ട്രീയ ആത്മഹത്യയെ വരിക്കാനും ഉണ്ടായ സാഹചര്യം ഇവിടെ ആവർത്തിക്കേണ്ടതില്ല. അൻവറിന് യുഡിഎഫ് പാളയത്തിൽ ഇടമില്ലെന്നുവന്നതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പൂർണമായും ഒരു രാഷ്ട്രീയ പോരാട്ടമായി മാറി. മത്സരം രാഷ്ട്രീയമായി മാറിയതോടെ ഗാലറിയിലിരുന്ന് കളികാണുമെന്ന തീരുമാനത്തിൽനിന്നും പിന്തിരിയാൻ ബിജെപിയും നിർബന്ധിതമായി. യുഡിഎഫിന്റെ ബി ടീമായി, തരംകിട്ടുമ്പോഴൊക്കെ ലഭ്യമായ ആനുകൂല്യങ്ങളുംപറ്റി, ജനങ്ങളെ കബളിപ്പിച്ചുപോന്ന അവരുടെ തനിനിറവും ജനസ്വാധീനവുമൊക്കെ വെളിച്ചത്തുവരുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേത്. കേരള രാഷ്ട്രീയത്തിൽ ബിജെപി എത്രത്തോളം അപ്രസക്തമാണെന്ന് തെളിയിക്കുന്ന ഈ ഉപതെരഞ്ഞെടുപ്പ് അൻവർ പ്രതിനിധീകരിക്കുന്ന അവസരവാദ രാഷ്ട്രീയം അഥവാ ‘അൻവറിസ’ത്തെയും കേരളമണ്ണിൽ എന്നന്നേക്കുമായി കുഴിച്ചുമൂടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
തെരഞ്ഞെടുപ്പ് പ്രചരണത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച്, ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള പതിവ് തന്ത്രങ്ങളാണ് യുഡിഎഫ് നിലമ്പൂരിലും പയറ്റിയത്. രാഷ്ട്രീയ പ്രബുദ്ധമായ നിലമ്പൂരിൽ അത് വിലപ്പോകില്ലെന്ന് തെളിയിക്കുക സമ്മതിദായകരുടെ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഏത് പ്രതിലോമശക്തികളുമായും ഒളിഞ്ഞും തെളിഞ്ഞും കൈകോർക്കാനുള്ള തങ്ങളുടെ മെയ്‌വഴക്കം നിലമ്പൂരിലും യുഡിഎഫും കോൺഗ്രസും കാഴ്ചവച്ചു. തെറ്റിപ്പിരിഞ്ഞ അൻവറുമായി ഒത്തുതീർപ്പുണ്ടാക്കാൻ രാത്രിയുടെ മറവിൽ കോൺഗ്രസ് നേതൃത്വം നടത്തിയ നാണംകെട്ട ശ്രമം പുറത്തായി. ഇസ്ലാമിക യാഥാസ്ഥിതികത്വത്തിന്റെയും തീവ്രവാദത്തിന്റെയും എല്ലാ നിറഭേദങ്ങളുമായും ഒത്തുതീർപ്പിന് അവർ സന്നദ്ധമായി. ജനവാസകേന്ദ്രങ്ങളിൽ പതിവായിരിക്കുന്ന വന്യജീവി ആക്രമണം, വന്യജീവി വേട്ടയ്ക്കും ആക്രമണങ്ങളെ നേരിടാനും നിയമവിരുദ്ധ മാർഗങ്ങൾ അവലംബിക്കുകവഴി ഉണ്ടാകുന്ന ദുരന്തങ്ങൾ തുടങ്ങിയവയിലേക്ക് തെരഞ്ഞെടുപ്പ് സംവാദങ്ങളെ ഒതുക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രായോഗിക നിർദേശങ്ങൾ തള്ളി കേരളത്തെ പ്രതിക്കൂട്ടിലാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ അപലപിക്കാൻപോലും യുഡിഎഫ് നേതൃത്വം വിസമ്മതിച്ചു. 60 ലക്ഷത്തിൽപ്പരം ജനങ്ങൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പുനൽകുന്ന ക്ഷേമപെൻഷൻ പദ്ധതിയെ വോട്ടുനേടാനുള്ള കൈക്കൂലിയായി വ്യാഖ്യാനിച്ച് ഗുണഭോക്താക്കളെ അപമാനിക്കാൻപോലും കോൺഗ്രസ് നേതൃത്വം മടിച്ചില്ല.
ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും അഴിമതിയും തുറന്നുകാട്ടി ഉത്തരവാദികളായ നാഷണൽ ഹൈവേ അതോറിട്ടി, കരാർ കമ്പനികൾ, കേന്ദ്രസർക്കാർ എന്നിവർക്കെതിരെ ജനാഭിപ്രായം ഉയർത്തികൊണ്ടുവരുന്നതിന് പകരം എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു യുഡിഎഫ് പ്രചരണത്തിലെ വ്യഗ്രത. എന്നാൽ, കഴിഞ്ഞ ഒമ്പതുവർഷങ്ങളായി സംസ്ഥാനം ദർശിച്ച വികസന വിപ്ലവത്തിലും സമാനതകളില്ലാത്ത ക്ഷേമ പ്രവർത്തനങ്ങളിലും പ്രകൃതിദുരന്തങ്ങളും മഹാമാരിയും ഉയർത്തിയ വെല്ലുവിളികള്‍ക്ക് മുമ്പില്‍ ജനങ്ങളെ ചേർത്തുപിടിച്ച കരുതലിന്റെയും പശ്ചാത്തലത്തിൽ ഊന്നിയുള്ള പ്രചരണമാണ് എൽഡിഎഫിന് മുതൽകൂട്ടായത്. വോട്ടെടുപ്പ് ആരംഭിക്കുന്ന നാളത്തെ പ്രഭാതം വരെയുള്ള മണിക്കൂറുകൾ നിർണായകമാണ്. ആഴ്ചകൾ നീണ്ട കഠിനാധ്വാനത്തെ വോട്ടുകളാക്കി മാറ്റാനുള്ള ജാഗ്രതയുടെ മണിക്കൂറുകളാണ് അത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങൾ ഒരുവർഷത്തിൽ താഴെമാത്രം നീണ്ടുനിൽക്കുന്ന പതിനഞ്ചാം നിയമസഭയുടെയോ എൽഡിഎഫ് സർക്കാരിന്റെയോ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിക്കില്ല. എന്നാൽ നിലമ്പൂരിലെ എൽഡിഎഫ് വിജയം കേരള രാഷ്ട്രീയത്തിന് നൽകുന്ന സന്ദേശം നിർണായകവും ഏറെ പ്രാധാന്യം അർഹിക്കുന്നതുമായിരിക്കും. ഒമ്പതുവർഷം പിന്നിട്ട വികസനവിപ്ലവത്തിന്റെയും ക്ഷേമ പ്രവർത്തനത്തിന്റെയും സമാനതകളില്ലാത്ത കരുതലിന്റെയും തുടർച്ച അരക്കിട്ടുറപ്പിക്കുന്നതായിരിക്കും ആ വിജയം. അത് ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കുന്നതിൽ നിർണായക ചുവടുവയ്പായിരിക്കും. എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് വിരാമമിടുന്നത്. ആ ആത്മവിശ്വാസം വോട്ടർമാരിലേക്ക് പ്രസരിപ്പിക്കാനും അവരെ പോളിങ് ബൂത്തുകളിൽ അണിനിരത്താനും എൽഡിഎഫ് പ്രവർത്തകർ ജാഗരൂകരായി നിലയുറപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.