Friday
19 Jul 2019

കിട്ടാക്കട പ്രശ്‌നം: പുനര്‍മൂലധന നിക്ഷേപം കൂടിയേ തീരൂ

By: Web Desk | Sunday 20 August 2017 12:00 AM IST


മുംബൈ:

പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കട (നിഷ്‌ക്രിയ ആസ്തി) പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര പുനര്‍മൂലധന നിക്ഷേപം കൂടിയേ തീരൂവെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. അതിനായി വിപണിയില്‍ നിന്നും മൂലധന സമാഹരണം, ഗവണ്‍മെന്റ് നിക്ഷേപം വര്‍ധിപ്പിക്കല്‍, തന്ത്രപരമായ ബാങ്ക് സംയോജനം, കാതല്‍ ആസ്തികള്‍ ഒഴിച്ചുള്ളവയുടെ വില്‍പന, സര്‍ക്കാര്‍ ഓഹരി കുറയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇന്ത്യന്‍ വ്യവസായികളുടെ കോണ്‍ഫെഡറേഷന്‍ (സിഐഐ) പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട അനുപാതം 9.6 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2017 മാര്‍ച്ച് വരെയുള്ള ദുര്‍ഘട വായ്പാ അനുപാതം 12 ശതമാനമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന വായ്പകളുടെ ഈ അവസ്ഥ ഗൗരവതരമാണ്. വായ്പകള്‍ക്ക് ഇളവുകള്‍ നല്‍കാനാവും വിധം പൊതുമേഖലാ ബാങ്കുകളുടെ ബാക്കിപത്രം ആരോഗ്യകരമല്ലെന്ന് പട്ടേല്‍ വ്യക്തമാക്കി.
നിഷ്‌ക്രിയ ആസ്തി പ്രശ്‌നം പരിഹരിക്കാന്‍ സമയബന്ധിതമായി മൂലധന പുനര്‍നിക്ഷേപം കൂടിയേ തീരൂ. നിഷ്‌ക്രിയ ആസ്തിയുടെ 86.5 ശതമാനവും വന്‍കിടക്കാരുടെ വായ്പകളാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സമയബന്ധിതമായ ജപ്തി നടപടികളും ബാങ്ക് മൂലധനത്തിന്റെ പുനര്‍നിക്ഷേപവും അനിവാര്യമായിരിക്കുന്നതായും പട്ടേല്‍ സൂചിപ്പിച്ചു.

 

Related News