എൻപിആർ; വിവാദ ചോദ്യങ്ങൾ ഒഴിവാക്കാതെ കേന്ദ്രസർക്കാർ

പ്രത്യേക ലേഖകൻ

ന്യൂഡൽഹി

Posted on January 16, 2020, 9:38 pm

മാ​താ​പി​താ​ക്ക​ളു​ടെ സ്ഥ​ല​വും ജ​ന​ന​ തി​യ​തി​യും ഉ​ൾ​പ്പെ​ടെ വി​വാ​ദ​മാ​യ ചോ​ദ്യ​ങ്ങ​ൾ ഒഴിവാക്കാതെ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (​എ​ൻ​പി​ആ​ർ) നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ജനസംഖ്യാ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
പൈലറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതിൽ നിന്നും ആദ്യഘട്ടത്തിൽ കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

2010‑ൽ ​ത​യാ​റാ​ക്കി​യ എ​ൻ​പി​ആ​റി​ൽ പ​തി​നാ​ലു ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 21 ആ​കും. ഏ​പ്രി​ൽ ഒ​ന്നി​ന് സെ​ൻ​സ​സി​ന് ഒ​പ്പ​മാ​ണ് എ​ൻ​പി​ആ​റി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തു​ക. വ്യക്തികളുടെ വിവരങ്ങൾ, പാസ്പോർട്ട് , ആധാർ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ എൻപിആറുമായി ബന്ധപ്പെട്ട് ശേഖരിക്കുമെന്നും സൂചനകളുണ്ട്. ട്ര​യ​ൽ ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ൻ വി​വ​ര​ങ്ങ​ൾ അ​ന്തി​മ ചോ​ദ്യാ​വ​ലി​യി​ൽ ഒ​ഴി​വാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടുകളുണ്ട്.

സെൻസെസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമ്പോൾ എൻപിആറുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നില്ല. ഈ പഴുതാണ് മോഡി സർക്കാരിന് ഉപകാരമാകുന്നത്. എൻപിആറിനായി ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് ഉപയോഗിക്കുമെന്ന് സിപിഐ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് മോഡി സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. ഇപ്പോഴത്തെ എൻപിആർ വിവരങ്ങളിൽ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈ​വിം​ഗ് ലൈ​സെ​ൻ​സി​ലെ വി​വ​ര​ങ്ങ​ൾ, വോ​ട്ട​ർ ഐ​ഡി​യി​ലെ വി​വ​ര​ങ്ങ​ൾ, അ​വ​സാ​നം താ​മ​സി​ച്ച സ്ഥ​ലം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും എ​ൻ​പി​ആ​റി​ൽ ആ​രാ​യും.

ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കിയ ശേഷം ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമെന്നായിരുന്നു മോഡി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ രാജ്യ വ്യാപകമായ എതിർപ്പിനെ തുടർന്ന് ഈ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാറ്റിപ്പറഞ്ഞു. തുടർന്നാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനായുള്ള കുതന്ത്രങ്ങൾ മോഡി സർക്കാർ തേടിയത്.

Eng­lish Sum­ma­ry: NPR, Cen­tral Gov­ern­ment with­out skip­ping con­tro­ver­sial ques­tions.