എന്‍ആര്‍സി: കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ

Web Desk
Posted on October 03, 2019, 1:59 pm

ബംഗളുരു: കര്‍ണാടക സര്‍ക്കാര്‍ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അസം മാതൃകയില്‍ പൗരത്വപട്ടിക നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

രാജ്യമെമ്പാടും പൗരത്വപട്ടിക നടപ്പാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിന്ന് ആളുകളെത്തി താമസിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതിനകം രണ്ട് യോഗങ്ങള്‍ നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരു അടക്കമുള്ള നഗരങ്ങളിലേക്ക് മറ്റ് സംസ്ഥാനത്തും വിദേശത്ത് നിന്നും ധാരാളം പേര്‍ എത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശ വ്യാപകമായി പൗരത്വ പട്ടിക നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ബൊമ്മെയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി നേതാക്കള്‍ പൗരത്വ പട്ടിക നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.