എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ക്യാംപ് സമാപിച്ചു

Web Desk
Posted on August 02, 2019, 9:00 pm
തണ്ണീര്‍മുക്കത്ത് നടന്ന എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ക്യാംപില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം രാജാജി മാത്യു തോമസ് സംസാരിക്കുന്നു

ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് രണ്ട് ദിവസങ്ങളിലായി നടന്ന എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ക്യാംപ് സമാപിച്ചു. പണ്ഡിറ്റ് കറുപ്പന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ ‘തൊഴിലുറപ്പ് പദ്ധതിയും സാധ്യതകളും’ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ബി സജിത്തും ‘തൊഴില്‍ നിയമങ്ങളും പരിഷ്‌ക്കാരങ്ങളും’ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് ജില്ലാ ലേബര്‍ ഓഫീസര്‍ കെ പി രാധാകൃഷ്ണനും, ‘ഭാരതം മോദി ഭരണത്തില്‍’ എന്ന വിഷയത്തില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസും ക്ലാസെടുത്തു.

ലളിതാ ചന്ദ്രശേഖര്‍ ലീഡറും അബ്ദുള്‍ കരീം ഡപ്യൂട്ടി ലീഡറുമായ ക്യാമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അനിമോന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രിയുടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പന്ത്രണ്ട് കോടി തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമായ തൊഴിലുറപ്പ് പദ്ധതിയില്‍ 20 ശതമാനം പട്ടികജാതിക്കാരും 17 ശതമാനം പട്ടികവര്‍ഗ്ഗക്കാരുമാണ്. ദേശീയ അടിസ്ഥാനത്തില്‍ 54 ശതമാനം സ്ത്രീകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 93 ശതമാനം തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത് സ്ത്രീകളാണ്. മന്ത്രിയുടെ പ്രഖ്യാപനം ഈ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനര്‍നാമകരണം ചെയ്യപ്പെട്ട് ഈ പദ്ധതിയെ നിലനിര്‍ത്തി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കണമെന്ന് ക്യാമ്പ് പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം 21, 22 തിയതികളില്‍ കൊല്ലത്ത് വച്ച് നടത്താനും ദേശിയ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിധേിച്ച് ജനുവരി ആദ്യവാരം പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താനും ക്യാംപ് തീരുമാനിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിമാരായ ആര്‍ പ്രസാദ്, എലിസബത്ത് അസീസി, ദീപ്തി അജയകുമാര്‍, എസ് വേണുഗോപാല്‍, ലിസമ്മ ഉദയകുമാര്‍, എം എസ് ജോര്‍ജ്ജ്, അജികുമാര്‍, ടി കെ സത്യന്‍, ബി ഉണ്ണികൃഷ്ണന്‍, ആര്‍ സുഖലാല്‍, വി പി സുനില്‍ എന്നിവര്‍ സംസാരിച്ചു.