യുഎഇയിൽ നിന്നെത്തിയ മുഴുവൻ യാത്രികരും കര്‍ശന നിരീക്ഷണത്തില്‍

Web Desk

തിരുവനന്തപുരം

Posted on May 09, 2020, 9:58 pm

പ്രവാസികളുമായി യുഎഇയിൽ നിന്നും കേരളത്തിലെത്തിയ ആദ്യ രണ്ട് വിമാനങ്ങളിലെ ഓരോരുത്തർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയ രണ്ടു വിമാനങ്ങളിലെയും മുഴുവൻയാത്രികരെയും കണ്ടെത്തി കർശന നിരീക്ഷണത്തിലാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് ഏഴിന് ദുബായിൽനിന്ന് കോഴിക്കോടെത്തിയ കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരനും അബുദാബി — കൊച്ചി വിമാനത്തിലെത്തിയ ഇരുപത്തിമൂന്നുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. 39 കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിമാനത്താവളത്തിൽനിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. 23 കാരനെ അന്നു തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

രോഗലക്ഷണങ്ങളോട് കൂടിയാണ് യുവാവ് എത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇരുവരും മലപ്പുറം സ്വദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ നിലവിൽ ചികിത്സയിലുണ്ട്. 485 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,930 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 36,648 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 36,002 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3,475 സാമ്പിളുകൾ ശേഖരിച്ചതിൽ 3,231 സാമ്പിളുകൾ നെഗറ്റീവ് ആയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: NRI quar­an­tine

You may also like this video