September 28, 2022 Wednesday

Related news

September 5, 2022
August 31, 2022
August 24, 2022
August 24, 2022
August 21, 2022
August 21, 2022
August 20, 2022
August 17, 2022
August 5, 2022
August 4, 2022

മുഹ്റം ആഘോഷിച്ചതിന് എൻഎസ്എ, വിനായക ചതുർത്ഥിക്ക് കേസില്ല

Janayugom Webdesk
ഭോപ്പാൽ:
September 6, 2020 9:53 pm

മധ്യപ്രദേശിലെ ഇൻഡോറിൽ മുഹ്റം ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത പൊലീസ് നടപടി പക്ഷപാതപരമെന്ന് വിമർശനം. കഴിഞ്ഞമാസം മുപ്പതിനാണ് പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുഹ്റം ദിനത്തിൽ ഘോഷയാത്ര നടത്തിയതിന് മുൻ ഇൻഡോർ കോർപ്പറേറ്റർ ഉസ്മാൻ പട്ടേൽ ഉൾപ്പെടെ അഞ്ച് പേരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എന്നാൽ ഇൻഡോർ രണ്ടിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ രമേശ് മെൻഡോ വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് നന്ദൻ നഗറിൽ 10 ദിവസം ആഘോഷം സംഘടിപ്പിച്ചപ്പോൾ ഇൻഡോർ പൊലീസ് മൗനം പാലിച്ചിരുന്നതായാണ് പ്രദേശത്തെ മുസ് ലിങ്ങൾ ആരോപിക്കുന്നത്.

കോവി‍ഡ് മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ച് പ്രദേശത്ത് പന്തൽകെട്ടി വിരുന്നും ആഘോഷ പരിപാടികളും നടത്തിയ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എന്നാൽ ഓഗസ്റ്റ് 30 ന് മുഹ്റം ഘോഷയാത്രയിൽ പങ്കെടുത്തെന്ന് ആരോപിച്ച് 28 പേർക്കെതിരെ ഇൻഡോർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ 188, 269, 270, 151 വകുപ്പുകൾ പ്രകാരം 23 പേരെയും അറസ്റ്റ് ചെയ്തു. ഭരണകൂടവുമായുള്ള കൂടിക്കാഴ്ചയിൽ ഉസ്മാൻ ഉൾപ്പെടെയുള്ള മുസ് ലിം സമുദായത്തിലെ അംഗങ്ങൾ ഘോഷയാത്ര നടത്തില്ലെന്ന് സമ്മതിച്ചതാണെന്നും എന്നാൽ അയാൾ അനുവാദമില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും ഇൻഡോർ ഈസ്റ്റ് എസ്‍പി വിജയ് ഖത്രി പറഞ്ഞു. അതേസമയം ബിജെപി എംഎൽഎ രമേശ് മെൻഡോയുടെ പേരിൽ ഉയർന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് വാദിക്കുന്നത്. എംഎൽഎ പന്തൽ സ്ഥാപിക്കുകയോ ബഹുജന വിരുന്നു സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിജയ് ഖത്രി അഭിപ്രായപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ പാടില്ലെന്നായിരുന്നു നിർദ്ദേശം ഉണ്ടായിരുന്നതെന്നും മെൻഡോല വീട്ടിലാണ് പൂജ നടത്തിയതെന്നുമാണ് പൊലീസിന്റെ വാദം. നന്ദൻ നഗറിലെ ഗവൺമെന്റ് സ്കൂളിന്റെ പരിസരത്ത് എംഎൽഎ പന്തൽ സ്ഥാപിച്ച് മതപരമായ ചടങ്ങു നടത്തി എന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് മെൻഡോല തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ പൂജാ സ്ഥലത്ത് സ്ഥാപിച്ച അഞ്ചടി ഉയരമുള്ള ഗണപതി വിഗ്രഹത്തിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു ബിജെപി എംഎൽഎ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിൽ മൗനം പാലിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്ത പൊലീസ് മുസ് ലിങ്ങൾക്ക് നേരെ സ്വീകരിച്ച നടപടി പക്ഷപാതപരമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് വക്താവ് അമീൻഉൽ ഖാൻ സൂരി അഭിപ്രായപ്പെട്ടു. നിയമങ്ങൾ എല്ലാവർക്കും തുല്യമാണെന്നും അതനുസരിച്ച് പൊലീസ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഇൻഡോർ മേയറുടെ നിലപാടിനെയും സൂരി വിമർശിച്ചു.

ഭരണകക്ഷിയുടെ അംഗങ്ങൾക്കും നേതാക്കൾക്കും നിയമങ്ങൾ പാലിക്കുന്നതിൽ വ്യത്യാസമുണ്ടോയെന്ന് പൊലീസ് നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നടപടി കുറ്റകൃത്യത്തെ ആശ്രയിച്ചാണെന്നും മതം, ജാതി, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ പൊലീസ് ആളുകളോട് വിവേചനം കാണിക്കുന്നില്ല എന്നും ഇൻഡോർ ഡിഐജി ഹരിനാരായൺ ചാരി മിശ്ര പറഞ്ഞു. മുഹ്റം ഘോഷയാത്ര നടത്തിയവർക്കെതിരെ നടപടി എടുക്കാതിരുന്നാൽ ഈ പ്രശ്നം ഭൂരിപക്ഷ ജനവിഭാഗത്തെ പ്രകോപിതരാക്കുമെന്നും 3–4 ലക്ഷത്തോളം ആളുകൾ സംഘം ചേർന്ന് വിനായക ഘോഷയാത്ര നടത്തുമെന്ന ഭീഷണി നിലനിന്നിരുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾ തടയാനാണ് പൊലീസ് സംഭവത്തിൽ നടപടി സ്വീകരിച്ചതെന്നും ഡിഐജി മിശ്ര ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: nsa case on muharam cel­e­bra­tion and not on vinaya­ka celebration

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.