ഇന്ത്യയിൽ മരണം: 21, രോഗബാധിതർ: 918

Web Desk

ന്യൂഡൽഹി

Posted on March 28, 2020, 9:58 pm

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 918 ആയി. വെള്ളിയാഴ്ച മാത്രം 124 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഒറ്റ ദിവസം സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. റിപ്പോർട്ട് ചെയ്ത 918 കേസുകളിൽ 47 പേർ വിദേശികളാണ്. അതേസമയം കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 775 കേസുകളാണ് ഉള്ളത്. 21 പേർ രോഗം ബാധിച്ച് മരിച്ചു. 80 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയിൽ അഞ്ചും ഗുജറാത്തിൽ നാലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ രണ്ട് വീതവും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ജമ്മു ആന്റ് കശ്മീർ, ഹിമാചൽ പ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 180 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. കേരളത്തിലെ രോഗബാധിതരുടെ എണ്ണം 173 ആണ്. 55 കേസുകൾ റിപ്പോർട്ട് ചെയ്ത കർണാടകയിൽ പത്തുമാസം പ്രായമായ കുഞ്ഞിനും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്ത്-45,ഡൽഹി-39,രാജസ്ഥാൻ‑45, തെലങ്കാന‑56, പഞ്ചാബ്- 38,ഹരിയാന‑33,ജമ്മു ആന്റ് കശ്മീർ‑20 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം. ലഡാക്ക്-13, മധ്യപ്രദേശ്-30, ഉത്തർപ്രദേശ്-55, ആന്ധ്രപ്രദേശ്-14, പശ്ചിമ ബംഗാൾ- 15 ബിഹാർ‑ഒമ്പത്, ചണ്ഡിഗഢ്-ഏഴ്, ഉത്തരാഖണ്ഡ്-അഞ്ച്, ഛത്തീസ്ഗഢ്- ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഗോവയിലും ഹിമാചൽ പ്രദേശിലും മൂന്നു കേസുകൾ വീതവും മിസോറാം മണിപ്പൂർ, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം നടന്നതിന് തെളിവില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) അറിയിച്ചു.

അതേസമയം ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,377 ആയി. രോഗബാധിതരുടെ എണ്ണം 6,17,417 ആണ്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 1000 മരണമാണ് റിപ്പോർട്ട് ചെയ്തത്. 86,498 രോഗബാധിതരാണ് രാജ്യത്തുള്ളത്. ഇതുവരെ 9,134 പേർ മരിച്ചു. അതേസമയം ലോകത്ത് ഇതുവരെ 1,37,336 പേർ രോഗമുക്തരായിട്ടുണ്ട്.

രോഗികളുടെ എണ്ണത്തിൽ 21 ശതമാനം വർധനവ്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 21 ശതമാനം വർധനവെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കിനെ അടിസ്ഥാനപ്പെടുത്തി ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 24 മണിക്കൂറിനുള്ളിൽ 12 ശതമാനം വർധിച്ച് 724 ആയിരുന്നു. എന്നാൽ അടുത്ത ദിവസം ഇതേസമയത്തിനുള്ളിൽ 21 ശതമാനം വർധനവുണ്ടാവുകയും രോഗികളുടെ എണ്ണം 873ൽ എത്തുകയും ചെയ്തു.

അതേസമയം ഇന്ത്യയിൽ പുതിയ രോഗികളുടെ ശതമാനം യുഎസിനേക്കാൾ കുറവാണ്. എന്നിരുന്നാലും നിലവിലെ സ്ഥിതി ആശങ്ക ഉയർത്തുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ 16 ദിവസത്തിനുള്ളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,000 കവിയും.