Web Desk

തിരുവനന്തപുരം

January 23, 2021, 5:48 pm

സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കും; ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

Janayugom Online

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും അടുത്ത ഘട്ടത്തില്‍ കൃത്യമായി വാക്സിനേഷൻ ആരംഭിക്കുന്നതിനും ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് എത്രയും വേഗം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ആദ്യഘട്ടം സജ്ജീകരിച്ചത് 133 കേന്ദ്രങ്ങളാണ്. എന്നാല്‍ കൂടുതല്‍ വാക്സിൻ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടി വരുന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിുരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യം വാക്സിനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 13 ഓടെ രണ്ടാംഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാല്‍ തന്നെ ഫെബ്രുവരി 15 നകം ആദ്യഘട്ട വാക്സിനേഷൻ പൂര്‍ത്തിയാക്കി ഫെബ്രുവരി 15 ന് രണ്ടാംഘട്ടം ആരംഭിക്കാനാണ് പദ്ധതി.

ആഴ്ചയില്‍ 4 ദിവസങ്ങളിലാണ് ഇപ്പോള്‍ വാക്സിനേഷൻ അനുവദിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി എന്നിങ്ങനെയാണ് വാക്സിനേഷൻ ദിവസങ്ങള്‍. വാക്സിനേഷനായി കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്സിനേഷൻ ദിനങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. എന്നാല്‍ കുട്ടികളുടെ വാക്സിനേഷൻ മുടങ്ങാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പലകാരണങ്ങളാല്‍ നിശ്ചയിച്ച സമയത്ത് വാക്സിനെടുക്കാൻ പറ്രാത്ത സാഹചര്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാല്‍ വാക്സിൻ എടുക്കുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അന്നേ ദിവസം എത്തിച്ചേരാൻ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുളള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആ വിടവ് നികത്താനും അതാത് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷൻ കഴിഞ്ഞാല്‍ അടുത്ത വാക്സിനേഷൻ നല്‍കുന്നത് കോവിഡ് മുന്നണി പോരാളികള്‍ക്കാണ്. സംസ്താനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുൻസിപ്പല്‍ വര്‍ക്കര്‍മാരും 8,824 റവന്യു വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY: num­ber of covid vac­ci­na­tion cen­ters increases

YOU MAY ALSO LIKE THIS VIDEO