ജോമോൻ ജോസഫ്

കൽപറ്റ

December 15, 2020, 10:06 pm

എണ്ണത്തിൽ വർധനവ്; വയനാട്ടിൽ കടുവകൾക്കായി അഭയ പരിചരണ കേന്ദ്രം

Janayugom Online
കഴിഞ്ഞ വർഷം വനം വകുപ്പ് കുറിച്ച്യാട് റെയിഞ്ചിൽ സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവ (ഫയൽ ചിത്രം)

ജോമോൻ ജോസഫ്

കർണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന വയനാട്ടിൽ അടുത്തിടെയായി കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബി എൻ അഞ്ജൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും. ഉൾവനങ്ങളിൽ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകൾ പ്രകാരം 100 മുതൽ 120 വരെ കടുവകളാണ് വയനാടൻ മേഖലയിലുള്ളത്. 2016ലെ വനംവകുപ്പിന്റെ കണക്കെടുപ്പിൽ 80 കടുവകൾ മാത്രമായിരുന്നു. രണ്ടു വർഷത്തിനിടെ വയനാടൻ കാടുകളിൽ പത്ത് കടുവകൾ ചത്തു. അഞ്ചെണ്ണത്തെ വനംവകുപ്പു പിടികൂടി.

വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടൻ കാടുകളിലെ മിതശീതോഷ‍്ണ കാലാവസ്ഥയും കടുവകളുടെ ഇഷ്ടതാവളമാക്കുന്നു. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗം കൂടിയായ വയനാട് വന്യജീവി സങ്കേതം കർണാടകയിലെ ബന്ദിപ്പൂർ, നഗർഹോള, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സ‍ങ്കേതങ്ങളുമായി ചേർന്നു കിടക്കുന്നു. കടുവക്കുഞ്ഞുങ്ങൾ കണക്കിലില്ല. 2017–18 കാലയളവിലാണ് വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചു വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ പത്തായി തിരിച്ച് 1640 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങൾ പഠനവി‍ധേയമാക്കിയാണ് കടുവകളുടെ കണക്കെടുത്തത്.

പ്രായാധിക്യവും പരിക്കും മൂലം വനാതിർത്തി ഗ്രാമങ്ങളിൽ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകൾക്കു അഭയവും പരിചരണവും നൽകുന്നതിനു വനം-വന്യജീവി വകുപ്പ് സംസ്ഥാനത്തു ആദ്യമായി വയനാട്ടിൽ കേന്ദ്രം തുടങ്ങുകയാണ്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട പച്ചാടിയിൽ അഞ്ച് ഏക്കറാണ് അഭയ-പരിചരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തുന്നത്. വനം-വന്യജീവി വകുപ്പ് ദീർഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം. 78 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം യാഥാർത്ഥ്യമാക്കുന്നത്. കേന്ദ്രത്തിൽ നൽകുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാർത്ഥ ആവാസകേന്ദ്രത്തിൽ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും. കടുവകളുടെ ചികിത്സയ്ക്കും പരിചരണത്തിനും നിലവിൽ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല. പുത്തൂർ സുവോളജിക്കൽ പാർക്കിനായി നീക്കിവച്ച 136.86 ഹെക്ടറിൽ പത്ത് ഹെക്ടർ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതു വനം-വന്യജീവി വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്.

രാജ്യത്തെ കടുവാസങ്കേതങ്ങളിൽ കടുവ സാന്ദ്രതയിൽ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കർണാടകയിലെ നാഗർഹോളയ്ക്കും ബന്ദിപ്പുരയ്ക്കുമാണ്. വയനാടൻ വനങ്ങളുമായി അതിരുപങ്കിടുന്നതാണ് ഈ രണ്ടു കടുവാസങ്കേതങ്ങളും. 100 ചതുരശ്ര കിലോമീറ്ററിൽ നാഗർഹോളയിൽ 11.82‑ഉം ബന്ദിപ്പുരയിൽ 7.7‑ഉം ആണ് കടുവാ സാന്ദ്രത. 200 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗർഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. 2018ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെയുള്ളത്. ബഫർ സോൺ അടക്കം 1,020 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബന്ദിപ്പുര വനത്തിൽ 126 കടുവകളാണുള്ളത്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതമാണ് രാജ്യത്ത് കടുവ സാന്ദ്രതയിൽ (100 ചതുരശ്ര കിലോമീറ്ററിൽ 14) ഒന്നാം സ്ഥാനത്ത്. 520. 8 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്.

Eng­lish sum­ma­ry: num­ber of tigers has increased in wayanad

You may also this video: