പ്രത്യേക ലേഖകന്‍

കോട്ടയം

February 22, 2020, 7:29 pm

കന്യാസ്ത്രീ പീഡന കേസ്; വിടുതല്‍ ഹര്‍ജിയില്‍ വാദം തുടങ്ങി, മാധ്യമങ്ങള്‍ക്കെതിരെ കോടതിയക്ഷ്യ നടപടി സ്വീകരിയ്ക്കണമെന്ന് പ്രതിഭാഗം

Janayugom Online

കന്യാസ്ത്രീ പീഡന കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ കടുത്ത നിലപാടുമായി പ്രതിഭാഗം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വാദം തുടങ്ങവെയാണ് മാധ്യമങ്ങളും പ്രോസിക്യൂഷനും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുവെന്നും ഇത് തടയണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. മാധ്യമ വിചാരണ തുടരുകയാണ്. ഭാവിയില്‍ ഇത് ആവര്‍ത്തിയ്ക്കരുത്. ഇത്തരം സമീപനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിയ്ക്കണം. കഴിഞ്ഞ ദിവസം 14ാം സാക്ഷിയുടെ മൊഴിപ്പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഒരു പ്രത്യേക ഭാഗം മാത്രമാണ് പുറത്തു വന്നത് എന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ കുറ്റപത്രം പൊതുരേഖയാണല്ലോ എന്ന് കോടതി വാക്കാല്‍ ചോദിച്ചു.

പ്രതിഭാഗം നല്‍കിയ ഹര്‍ജിയുടെ ആക്ഷേപത്തിനെതിരെ പ്രോസിക്യൂഷന്റെ നിലപാട് ഫയല്‍ ചെയ്യുന്നതിനായി കേസ് 29 ലേയ്ക്ക് മാറ്റി. വിടുതല്‍ ഹര്‍ജിയുടെ മറുപടി വാദവും അന്ന് ആരംഭിയ്ക്കും. അടച്ചിട്ട മുറിയില്‍ രഹസ്യവാദം അനുവദിയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെയും കേസുമായി ബന്ധമില്ലാത്തവരെയും കോടതയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ജിതേഷ് ജെ ബാബു ഹാജരായി.ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി.

you may also like this video;

ഇതിനിടെ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈം ഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട്ടെ മിഷനറീസ് ഒഫ് ജീസസ് സഭാംഗങ്ങളായ കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു. കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിരവധി പരാതികൾ വന്നിട്ടും സഭ ബിഷപ്പ് ഫ്രാങ്കോയെ സസ്പെൻഡ് ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്ന് മിഷനറീസ് ഒഫ് ജീസസ് സഭാംഗം സിസ്റ്റർ അനുപമ ചൂണ്ടിക്കാട്ടി. കൂടുതൽ പേരെ ബിഷപ്പ് ലൈം ഗികമായി ചൂഷണം ചെയ്തതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന 14ാം സാക്ഷിയായ കന്യാസ്ത്രീയുടെ മൊഴിപ്പകര്‍പ്പ്. ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവർ പറഞ്ഞു.

വിഷയത്തിൽ സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കണം. സഭ മൗനം പാലിക്കുന്നത് കന്യാസ്ത്രീയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ബിഷപ്പിനെതിരെ ആദ്യ പരാതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ സഭ അധികാരികൾ മറുപടി നൽകിയിട്ടില്ല. സഭ അധികാരികൾ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നും കന്യാസ്ത്രീകൾ ആരോപിച്ചു. ബിഷപ്പിനെതിരെ സി ബി സി ഐക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല. വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ബിഷപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത് എന്നും സിസ്റ്റർ അനുപമ ആരോപിച്ചു. സഭ തലത്തിലും ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം വേണമെന്നും സിസ്റ്റർ അനുപമ ആവശ്യപ്പെട്ടു.