72 കാരിയായ കന്യാസ്ത്രീയെ മാനംഭഗപ്പെടുത്തിയ ബംഗ്ലാദേശുകാരന് മരണം വരെ തടവ്

Web Desk
Posted on November 08, 2017, 11:58 pm

കൊല്‍ക്കത്ത: എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനംഭഗപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് പൗരനായ നസ്‌റുള്‍ ഇസ്ലാം എന്ന നജുവിനെ സിറ്റി സെഷന്‍സ് ജഡ്ജി കുങ്കും സിന്‍ഹ  മരണം വരെ ജീവപര്യന്തം തടവിന് വിധിച്ചു.

നസ്‌റുള്‍ ഇസ്ലാമിനൊപ്പം റാണാഘട്ടിലെ ഈശോമറിയം മഠം 2015ല്‍ കൊള്ളയടിച്ച അഞ്ച് പേരെ പത്തു വര്ഷം വീതം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള ഈ കുറ്റവാളികള്‍ക്ക് താവളം ഒരുക്കിയ 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ സര്‍ക്കാറിനെ ഏഴു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.

കന്യാസ്ത്രീയെ ഇവർ കൂട്ടമാനഭംഗപ്പെടുത്തി എന്നാണ് പ്രൊസിക്യൂഷന്‍ കേസെങ്കിലും നസ്‌റുള്‍ മാത്രമാണ് ബലാത്സംഗം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഏഴ് പ്രതികളുള്ള കേസില്‍ ഒരാള്‍  ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.

ആറുലക്ഷം രൂപ മഠത്തില്‍ നിന്നും ഇവര്‍ കവര്‍ന്നെടുത്തിരുന്നു. കൊള്ള തടയാൻ ശ്രമിക്കുമ്പോഴാണ് കന്യാസ്ത്രിയെ മാനഭംഗം ചെയ്തത്. ഈ ആക്രമണം പശ്ചിമബംഗാളില്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.