Friday
18 Oct 2019

നുണപ്പേച്ച്

By: Web Desk | Sunday 26 May 2019 7:29 AM IST


ദീപാ സ്വരന്‍

ഉലത്തീയിലുരുക്കല്ലേ
അടിച്ചേറെപ്പരത്തല്ലേ
നടുക്കണ്ടം മുറിക്കല്ലേ
പെരുങ്കൊല്ലാ നീ

കടുംവാക്കാല്‍ ചുഴറ്റല്ലേ
കനല്‍പ്പൂവായ് തെളിക്കല്ലേ
തരംപോല്‍ നീ വളയ്ക്കല്ലേ
നുണച്ചെപ്പോളം

വിളക്കുമ്പോള്‍ മുഴപ്പേറി
തുടുക്കല്ലേ, പെരുംനോവിന്‍
കിതപ്പാറ്റിക്കുറുക്കല്ലേ
മൊഴിത്തീയാട്ടം

കരിഞ്ചുണ്ടില്‍ കനംവച്ച
പകപ്പൂരം പെരുക്കല്ലേ
വിതച്ചേറെക്കുഴഞ്ഞിട്ടും
മടുത്തില്ലെന്നോ?

വെയില്‍പ്പന്തം കൊളുത്തുമ്പോള്‍
മഴക്കൂരാപ്പൊരുക്കല്ലേ
ജലക്കുത്താ, ലകം ചിന്നി
ത്തെറിച്ചെന്നാലോ?

നുണച്ചിന്തിന്‍ കരിമ്പൂതം
ചിരിച്ചാളിപ്പനിക്കുമ്പോള്‍
ചിലമ്പാട്ടം മുറുക്കല്ലേ
പെരുംതച്ചാ നീ