കന്യാസ്ത്രീയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

Web Desk
Posted on September 09, 2018, 7:12 pm
പത്തനാപുരം : മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പുനലൂര്‍ ഡിവൈഎസ്പി ബി അനില്‍കുമാറിന്റെയും പത്തനാപുരം സിഐ അന്‍വറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. മൗണ്ട് താബോര്‍ ദയറയിലെ സിസ്റ്റര്‍ സൂസമ്മയുടെ മരണത്തില്‍ റൂറല്‍ എസ്പിയാണ് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്. കുടുംബാംഗങ്ങളില്‍ നിന്നും കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീമാരില്‍ നിന്നും സംഘം പ്രാഥമിക വിവരശേഖരണം നടത്തി.
ശാസ്ത്രീയ പരിശോധന സംഘത്തിന്റെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം. സിസ്റ്റര്‍ സൂസമ്മ താമസിച്ചിരുന്ന മുറി, മൃതദേഹം കണ്ടെത്തിയ കിണര്‍, അവിടേക്കുള്ള വഴി എന്നിവ അടച്ച് പൊലീസ് സീല്‍ പതിപ്പിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മരണകാരണം കൃത്യമായി കണ്ടെത്തുമെന്നും റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ചികില്‍സ തേടിയ ആശുപത്രി അധികൃതര്‍, കുടുംബാംഗങ്ങള്‍, ദയറാ മാനേജ്‌മെന്റ്, കോണ്‍വെന്റ് ചുമതലക്കാര്‍ എന്നിവരുടെ വിശദമായ മൊഴി വരും ദിവസങ്ങളില്‍ സംഘം ശേഖരിക്കും. മൃതദേഹത്തിലെ ഇരുകൈത്തണ്ടകളിലെയും മുറിവും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.